ലക്ഷങ്ങൾ ശമ്പളം വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങൾ; ഇന്ത്യയിൽ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാകുന്നു

രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1,000 ആളുകൾക്ക് മൂന്ന് നഴ്സുമാരെന്ന അനുപാതമാണുള്ളത്. എന്നാൽ ഇന്ത്യയിൽ ഇത് രണ്ട് നഴ്സുമാരായി താഴുന്നുവെന്നാണ് അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ലഭിക്കുന്ന താരതമ്യേന കുറഞ്ഞ ശമ്പളമാണ് നഴ്സുമാരെ വിദേശത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടെ ഒരു നഴ്സിന് തുടക്കത്തിൽ ലഭിക്കുന്ന പ്രതിമാസ വേതനം 20,000 മുതൽ 40,000 രൂപ വരെയാണെങ്കിൽ, യൂറോപ്പിലെയും ഗൾഫ് രാജ്യങ്ങളിലെയും ആശുപത്രികൾ അതിന്റെ പലമടങ്ങ് ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.
നഴ്സുമാരുടെ കുറവ് നേരിടുന്ന സ്വിറ്റ്സർലൻഡ് വിദേശ നഴ്സുമാർക്ക് വർഷം 1.23 ലക്ഷം ഡോളർ വരെ ശമ്പളം നൽകാൻ തയ്യാറാണ്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 11 ലക്ഷം രൂപ പ്രതിമാസ വരുമാനത്തിന് തുല്യമാണ്. ലക്സംബർഗ്, ഡെൻമാർക്ക്, നോർവേ, ഓസ്ട്രേലിയ, കാനഡ, അയർലൻഡ്, യുഎഇ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഉയർന്ന ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളും മുന്നോട്ടുവച്ച് നഴ്സുമാരെ ക്ഷണിക്കുകയാണ്.
ജർമനി ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ തൊഴിൽ വിസാ നടപടികൾ ലളിതമാക്കുകയും ആരോഗ്യരംഗത്തെ വിദഗ്ധർക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ വിദേശ റിക്രൂട്ട്മെന്റിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ചില രാജ്യങ്ങൾ ഭാഷാപരമായ നിബന്ധനകളിൽ ഇളവ് വരുത്തിയതും ശ്രദ്ധേയമാണ്.
മികച്ച പരിശീലനവും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമുള്ള ഇന്ത്യൻ നഴ്സുമാർക്ക് ആഗോളതലത്തിൽ വലിയ ഡിമാൻഡുണ്ട്. എന്നാൽ ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സുമാരുടെ മത്സരം ശക്തമാകുന്നുവെന്നതും പുതിയ വെല്ലുവിളിയാണ്. ഇറ്റലിയും ഫിലിപ്പീൻസും തമ്മിൽ അടുത്തിടെ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ധാരണയിലെത്തിയിരുന്നു.
നഴ്സുമാരുടെ വിദേശപലായനം തടയാൻ ശമ്പളവർധന, മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ, കൂടുതൽ പരിശീലന അവസരങ്ങൾ എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്ന് എഎൻഇഐ ആവശ്യപ്പെടുന്നു. ഇത്തരം നടപടികൾ ഇല്ലെങ്കിൽ രാജ്യത്തെ ആരോഗ്യസംവിധാനത്തിന് ഭാവിയിൽ കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നു.











