08:51am 21 July 2024
NEWS
ഷോപ്പ് ഹോളിക്ക്; സ്വഭാവമോ പ്രവണതയോ?
08/06/2024  10:23 PM IST
പ്രീതാ അജയ്കുമാർ
ഷോപ്പ് ഹോളിക്ക്; സ്വഭാവമോ പ്രവണതയോ?

വർക്ക്‌ഹോളിക്ക്, ആൽക്കഹോളിക്ക് എന്നൊക്കെ നമ്മൾ പറഞ്ഞുകേട്ടിട്ടുണ്ട്. ആദ്യത്തേത് സദാജോലിയിൽ മുഴുകുന്നവർ. രണ്ടാമത്തേത്, സദാ മദ്യപാനത്തിൽ മുഴുകുന്നവർ. ഇവർക്കിടയിലേക്ക് സ്ഥാനം പിടിച്ചിരിക്കുന്നവരാണ് 'ഷോപ്പ് ഹോളിക്കുകൾ.' സ്ത്രീകളാണ് ഇവരിൽ ഭൂരിപക്ഷം. ഇത് സോഷ്യൽമീഡിയാ യുഗമാണ്. സെലിബ്രിറ്റികൾ ഷോപ്പിംഗ് നടത്തി, വാങ്ങിച്ച വസ്തുവിന്റെ ഇൻസ്റ്റന്റ് പ്രൊമോഷനുവേണ്ടി ഇൻസ്റ്റയിലും, ഫേസ് ബുക്കിലുമൊക്കെ അവരിടുന്ന പോസ്റ്റുകൾ കാണുമ്പോൾ തന്നെ നമ്മൾ അതിൽ ആകൃഷ്ടരായി അതുപോലൊന്ന്  തനിക്കും വേണമെന്ന് ആഗ്രഹിച്ച് അത് ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്നു. ഈ ഓൺലൈൻ പർച്ചേസുകൾ എല്ലാം തന്നെ കാലക്രമേണ നമ്മളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടാൻ ഉതകുന്നു എന്നതാണ് വാസ്തവം. ദീപികാപഡുകോൺ, മലായ്ക അറോറ, ജെനിഫർ ലോപസ് തുടങ്ങി നമ്മുടെ പ്രാദേശിക സെലിബ്രിറ്റികൾ വരെ 'ഷോപ്പ് ഹോളിക്കാ' വുന്നത് അവർ അതിൽ നിന്ന് പരസ്യങ്ങളിലൂടെ പണം ലഭിക്കുന്നു എന്നതുകൊണ്ടാണ്. എന്നാൽ നമ്മൾ എന്തുകണ്ടിട്ടാണ് ഷോപ്പ്‌ഹോളിക് ആകുന്നത്. എന്താണീ ഷോപ്പ്‌ഹോളിക്ക്?

അലമാരയിൽ വസ്ത്രങ്ങൾ നിറഞ്ഞുകവിഞ്ഞ് വയ്ക്കാൻ ഇടമില്ലെങ്കിലും നാല് പുതിയ ഡ്രസ്സുകൾ എന്തിന് വാങ്ങിച്ചു എന്ന് ഭർത്താവ് ചോദിച്ചാൽ 'നേരത്തെ നിങ്ങളുടെ പക്കൽ പത്തു ജോഡി ഷൂസുണ്ടല്ലോ. നിങ്ങൾ മാത്രം പുതിയത് വാങ്ങുന്നില്ലേ?' എന്നായിരിക്കും ഭാര്യയുടെ മറുചോദ്യം. മധ്യവർത്തി കുടുംബങ്ങളിൽ നടക്കുന്ന ഇത്തരം സംഭാഷണങ്ങൾ ഒന്ന് മനസ്സിലൂടെ ഓടിച്ചുനോക്കൂ. ആൾക്കഹോളിക് പോലെതന്നെ ഷോപ്പ്‌ഹോളിസവും ഒരുതരം ലഹരിതന്നെ. മനസ്സിന് ഇഷ്ടപ്പെട്ട എന്തെങ്കിലും ഒരു സാധനം വാങ്ങിച്ചെങ്കിൽ മാത്രമേ ഈ ലഹരി അടങ്ങുകയുള്ളൂ. ഡോക്ടർമാർ ഇതിനെ 'ഒനിമാനിയാ' എന്നുപറയുന്നു.

ശാന്തിയുടെ(സാങ്കൽപ്പിക നാമം) മകൻ വിദേശത്ത് ജോലി ചെയ്യുന്നു. ഒറ്റയ്ക്കാണ് അവർ. പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന അവർ സമയം പോക്കാനായി ഇന്റർനെറ്റിന്റെ മുന്നിലാണ് സദാസമയവും. കിട്ടുന്ന പെൻഷൻ എവിടെ പോകുന്നു എന്നറിയില്ല എന്നുപറഞ്ഞ് മിക്കപ്പോഴും പുലമ്പും. അവരുടെ ഒരു ഡോക്ടർ സുഹൃത്ത് വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ അവിടുത്തെ കാഴ്ചകൾ കണ്ട് അന്തം വിട്ടുപോയി. വീട് മുഴുവൻ എന്തൊക്കെയോ വസ്തുക്കൾ. വീട്ടിൽ കുട്ടികൾ ഒന്നും ഇല്ലെങ്കിലും വീടുനിറയെ ബൊമ്മകൾ. എന്തിനാണ് ഇതൊക്കെ വാങ്ങിക്കൂട്ടിയിരിക്കുന്നത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ഡിസ്‌ക്കൗണ്ടിൽ കിട്ടി, പിന്നീട് ഡിസ്‌ക്കൗണ്ട് വിലയ്ക്ക് കിട്ടില്ലല്ലോ എന്ന് കരുതി വാങ്ങിച്ചു എന്നായിരുന്നു അവരുടെ മറുപടി. ഇന്നത്തെ സമുദായത്തിന് ഒരു സാധനം ആവശ്യമാണോ ,അല്ലയോ കണ്ടയുടൻ ഇഷ്ടപ്പെട്ടാൽ അത് വാങ്ങണം എന്ന ഈ ലഹരി അതിരുകടന്നിട്ടുണ്ട്.

ഷോപ്പ്‌ഹോളിസം എന്ന ഈ ലഹരി എവിടെയാണ് തുടങ്ങിയത് എന്ന് ഗവേഷണം നടത്താൻ ആരംഭിച്ചാൽ ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടെയും വികാസകാലമായ പതിനെട്ടാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. വസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ സൃഷ്ടിക്കപ്പെട്ട മാർഗ്ഗമാണ് പരസ്യങ്ങൾ. ആവശ്യമില്ലാത്ത സാധനങ്ങൾ അനാവശ്യ ആഡംബരത്തിനായി നമ്മളെ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ഒരു സാധനം അന്വേഷിച്ചുനടന്ന കാലം മാറി വീടുതേടി ഇപ്പോൾ സാധനങ്ങൾ എത്തുന്നു. സ്മാർട്ട് ഫോണും ഇന്റർനെറ്റ് സൗകര്യങ്ങളും ഉള്ള ആരെയും കച്ചവട സ്ഥാപനങ്ങൾ വിചാരിച്ചാൽ ഇന്ന് ഷോപ്പ്‌ഹോളിക്ക് ആക്കിമാറ്റാം. നിങ്ങൾ ഷോപ്പ്‌ഹോളിക്കാണോ എന്ന് സ്വയം പരിശോധിക്കാം. ഇനി പറയുന്ന ചോദ്യങ്ങൾക്ക് ആലോചിച്ച് മറുപടി പറയൂ.

 • * നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങളെ സന്തോഷിപ്പിക്കുവാനായി അല്ലെങ്കിൽ നിങ്ങൾക്ക് സമ്മാനം നൽകുവാനായി സാധനങ്ങൾ വാങ്ങുന്ന ആളാണോ നിങ്ങൾ?
 • * ഇത് അത്യാവശ്യമാണോ ആഗ്രഹമാണോ എന്നുപോലും ആലോചിക്കാതെ വാങ്ങുന്ന ആളാണോ നിങ്ങൾ?
 • * നിങ്ങൾ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്ന സാധനം വാങ്ങുന്നത് തടയുമ്പോൾ ദേഷ്യപ്പെടാറുണ്ടോ? വിഷമം തോന്നാറുണ്ടോ? അല്ലെങ്കിൽ സങ്കടപ്പെടാറുണ്ടോ?
 • * സദാസമയവും എന്തെങ്കിലും വാങ്ങിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാറുണ്ടോ?
 • * നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഷോപ്പിംഗിനായി ചെലവാകുന്നുണ്ടോ?
 • * നിങ്ങൾ ഷോപ്പിംഗ് ചെയ്യുന്ന സാധനങ്ങൾ മറ്റുള്ളവർ കാണാത്തരീതിയിൽ മറച്ചുവയ്ക്കാറുണ്ടോ?
 • * ഒട്ടേറെ ചെലവുള്ള ബഡ്ജറ്റിനെ നിയന്ത്രിക്കാനാവാതെ വിഷമിക്കുന്നുണ്ടോ? ആ സന്ദർഭത്തിലും എന്തെങ്കിലും വാങ്ങിച്ചകൊണ്ടേയിരിക്കയാണോ?
 • * വരവിലധികം ചെലവുകൾ കാരണം ബുദ്ധിമുട്ടുകയാണോ?
 • നിങ്ങളുടെ ഉത്തരം 'അതെ' എന്നാണെങ്കിൽ നിങ്ങൾ ഷോപ്പിംഗ് ലഹരിക്ക് അടിമയായിട്ടുണ്ടാവാം. ഈ ഷോപ്പിംഗ് ലഹരിയിൽ നിന്നും എങ്ങനെ മോചനം നേടാം എന്ന് ആഴമായി ചിന്തിച്ചുതുടങ്ങുമ്പോഴാണ് ഈ അടിമശീലത്തിൽ നിന്നും പുറത്തുകടക്കാനാവൂ. ചവറുകൾ ഇല്ലാത്ത വീട്, അളവിനുള്ള അലമാര, അല്ലെങ്കിൽ ഒരു വർഷം ഷോപ്പിംഗുകൾ നടത്താതിരിക്കുക എന്നിവയിലൂടെ ഈ ശീലം മാറ്റിയെടുക്കാനാവും. അധികം പൈസ മുടക്കി ഏത് സാധനം വാങ്ങുമ്പോഴും അത് അത്യാവശ്യമുള്ളതാണോ, അനാവശ്യമാണോ, ആഡംബരമാണോ എന്ന് സ്വയം ചോദിക്കുക. കൂടാതെ ഒരു സാധനം വാങ്ങുന്നതിന് മുമ്പ് ആ സാധനത്തെക്കുറിച്ച് ആധികാരികമായി ചില ചോദ്യങ്ങൾ ചോദിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷം വാങ്ങുന്നതാണ് ഉത്തമം എന്നു പറയുന്നു. ആ ചോദ്യങ്ങൾ ഇതാ..
 • * ഈ സാധനം വാങ്ങുന്നതുകൊണ്ട് എനിക്കെന്ത് മെച്ചം..?
 • * ഇത് നിർബന്ധമായും എനിക്ക് ആവശ്യമുള്ളതാണോ?
 • * ഇത് എനിക്ക് ഇപ്പോൾ തന്നെ വേണോ? അല്ലെങ്കിൽ അത് വാങ്ങുവാനായി കുറച്ചുകാലം എനിക്ക് കാത്തിരിക്കാൻ കഴിയുമോ?
 • * ഇത് വാങ്ങുന്നതുകാരണം എന്റെ സാമ്പത്തിക സ്ഥിതിയിൽ എന്തെങ്കിലും മാറ്റമുണ്ടാവുമോ?
 • * ഈ സാധനം വാങ്ങിച്ചാൽ ഇത് സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്ഥലസൗകര്യമുണ്ടോ?
 • * ഇത് ഞാൻ മറ്റൊരാൾക്കുവേണ്ടി വാങ്ങിക്കുകയാണെങ്കിൽ അത് അവർക്ക് ഉപയോഗപ്രദമായിരിക്കുമോ? അല്ലാതെ വെറുതെ ആഡംബര സമ്മാനമായി കൊടുക്കുകയാണോ?
 • * ഈ സാധനം അന്തരീക്ഷത്തിനും പരിസരത്തിനും നല്ലതാണോ?

ഏഃ് സാധനവും വാങ്ങുന്നതിന് മുമ്പായി നമ്മൾ എല്ലാവരും ഇത്തരം ചോദ്യങ്ങൾക്ക് ആത്മപരിശോധന നടത്തി വ്യക്തമായ ഉത്തരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. വളരെയധികം ബുദ്ധിമുട്ടി സമ്പാദിച്ച പണം അനാവശ്യമായി ചെലവാക്കാതെ സുതാര്യമായി, ആസൂത്രിതമായി ചെലവാക്കൂ. സാമ്പത്തികബുദ്ധിമുട്ടുകളും ഉണ്ടാവില്ല ബാങ്ക് ബാലൻസും കൂടും, ജീവിതം സന്തോഷത്തോടെ ആസ്വദിക്കുവാനുമാകുന്നു.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM