അമേരിക്കയിൽ ഇസ്ലാമിക് സെന്ററിൽ വെടിവെയ്പ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ സാൻ ഡീഗോ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിലാണ് കൗമാരക്കാരായ രണ്ടുപേർ വെടിയുതിർത്തത്. ഇവർ പിന്നീട് ജീവനൊടുക്കുകയും ചെയ്തു. സംഭവം വിദ്വേഷ കുറ്റകൃത്യമെന്ന നിലയിലാണ് പൊലീസ് അന്വേഷിക്കുന്നത്.
പള്ളിയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. സാൻ ഡീഗോ കൗണ്ടിയിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങളിലൊന്നായ ഇവിടെ അൽ റാഷിദ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. അറബി ഭാഷയും ഖുറാൻ പഠനവും ഉൾപ്പെടെയുള്ള ക്ലാസുകൾ ഇവിടെ കുട്ടികൾക്കായി നടത്തപ്പെടുന്നു. ആക്രമണത്തിനിടെ സ്കൂളിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.
17 വയസും 19 വയസും പ്രായമുള്ള രണ്ട് യുവാക്കളാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആക്രമണത്തിന് ശേഷം ഇവരെ ഒരു വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും സ്വയം വെടിവെച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
പ്രതികളിൽ ഒരാൾ അമ്മയുടെ വീട്ടിൽ നിന്ന് മൂന്ന് ആയുധങ്ങൾ എടുത്തതായും അമ്മയുടെ കാർ മോഷ്ടിച്ച് കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി. ആയുധങ്ങളിലൊന്നിൽ വിദ്വേഷപരമായ എഴുത്തുകൾ കണ്ടെത്തിയതും അന്വേഷണത്തിന് നിർണായകമായി. സംഭവത്തിന്റെ പശ്ചാത്തലവും ലക്ഷ്യവും ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.










