
ആഗോള കത്തോലിക്കാ സഭയുടെ 267-ാം പരമാദ്ധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റ ചടങ്ങ് മെയ് 18 ന് ലോകം സാകൂതം കാണുകയുണ്ടായി. ചടങ്ങുകളുടെ ഭാഗമായി വലിയ ഇടയന്റെ 'പാലിയം' എന്നറിയപ്പെടുന്ന ആരാധനാവസ്ത്രവും സ്ഥാനമോതിരവും (ഫിഷർമാൻസ് റിംഗ്) അദ്ദേഹത്തിന് കൈമാറി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരവിധികൾക്കും ചടങ്ങുകൾക്കും യാതൊരുവിധ മാറ്റങ്ങളും ഇപ്പോഴും വരുത്തിയിട്ടില്ല. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലും, സിസ്റ്റൈൻ ചാപ്പലിലു (ഇതിന്റെ മച്ചിലാണ് മൈക്കലാഞ്ചലോയുടെ ലോകോത്തര ചിത്രങ്ങൾ വരയ്ക്കപ്പെട്ടിട്ടുള്ളത്)മായിട്ടാണ് വർണ്ണശബളിമയാർന്ന ചടങ്ങുകൾ നടന്നത്.
സുദീർഘമായ ഈ സ്ഥാനാരോഹണ ചടങ്ങുകൾ ലൈവായി ടി.വി. ചാനലിൽ കണ്ടപ്പോൾ എന്റെ മനസ്സിൽ 'ദി ഷൂസ് ഓഫ് ദി ഫിഷർമാൻ' എന്ന ക്ലാസിക് ചലച്ചിത്രം തെളിഞ്ഞുവന്നു. 1970 കളുടെ മദ്ധ്യത്തിൽ കൊല്ലം എസ്.എൻ. കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആ സിനിമ കണ്ടത്. കൊല്ലം ബീച്ചിൽ 'ടെർമിനസ്' എന്നൊരു സിനിമാതീയേറ്റർ അന്നുണ്ടായിരുന്നു. (അവിടെയിപ്പോൾ ഒരു ഫൈവ്സ്റ്റാർ ഹോട്ടൽ പ്രവർത്തിക്കുന്നു) ആ തീയേറ്ററിൽ സ്ഥിരമായി ഇംഗ്ലീഷ് സിനിമകളാണ് പ്രദർശിപ്പിച്ചിരുന്നത്. ഞാനും എന്റെ സഹപാഠിയായ 'ഉറക്കം' എന്ന് വിളിപ്പേരുള്ള രാജശേഖരനും നൂൺ ഷോയ്ക്ക് പോയി ആ സിനിമകൾ മുടങ്ങാതെ കാണുമായിരുന്നു. ലോകപ്രശസ്തമായ ഒരുപാട് സിനിമകൾ അങ്ങനെ കാണാൻ കഴിഞ്ഞു. അക്കൂട്ടത്തിലൊന്നായിരുന്നു 'ഷൂസ് ഓഫ് ദി ഫിഷർമാൻ.'
മൈക്കിൾ ആൻഡേഴ്‌സൺ 1968 ൽ സംവിധാനം ചെയ്ത ചിത്രമാണിത്. വത്തിക്കാനെയും ശീതയുദ്ധത്തെയും ആസ്പദമാക്കി മോറീസ് വെസ്റ്റ് രചിച്ച നോവലായിരുന്നു അവലംബം. ആന്റണി ക്വിൻ മുഖ്യകഥാപാത്രമായി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിൽ ഓസ്‌ക്കാർ വെർനർ, ഡേവിഡ് ജാൻസൻ, വിക്‌ടോറിയാ ഡിസിക്ക, ലോറൻസ് ഒലിവർ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. വ്യത്യസ്ത പ്രതികരണങ്ങൾക്ക് വിധേയമായ ഈ സിനിമ ബെസ്റ്റ് ഒറിജിനൽ സ്‌ക്കോർ, ബെസ്റ്റ് പ്രൊഡക്ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിൽ ഓസ്‌ക്കാർ പുരസ്‌ക്കാരം നേടി. ബെസ്റ്റ് മോഷൻ പിക്ചർ ഡ്രാമയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
സാങ്കേതികമായ ഉപദേശങ്ങൾക്കും സഹകരണത്തിനുമായി ചിത്രനിർമ്മാതാക്കൾ വത്തിക്കാനെ സമീപിച്ചെങ്കിലും, നിരസിക്കപ്പെട്ടു. അതിനാൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറും സിസ്റ്റൈൽ ചാപ്പലുമൊക്കെ സെറ്റിട്ട് സൃഷ്ടിക്കപ്പെടുകയായിരുന്നു.
ശീതസമരം കൊടുമ്പിരികൊണ്ട സമയത്ത് സോവിയറ്റ് യൂണിയനിലെ ലിവപ്പ എന്ന ദേശത്തെ കിറിൽ പാവ് ലോവിച്ച് ലെക്കാത എന്ന മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് അപ്രതീക്ഷിതമായി ജയിൽ മോചിതനായി. ഇരുപത് വർഷത്തോളം സൈബീരിയൻ ലേബർ ക്യാംപിൽ തടവുകാരനായി കിടക്കേണ്ടിവന്ന അദ്ദേഹത്തെ അന്നത്തെ ജയിലറും ഇപ്പോഴത്തെ ഭരണാധികാരിയുമായ പിയോറ്റർ ഇലിച്ച് കാമിനേവ് ആണ് സ്വതന്ത്രനാക്കിയത്. റോമിലേക്ക് അയയ്ക്കപ്പെടുന്ന അദ്ദേഹത്തെ കർദ്ദിനാൾ ആയി പോപ്പ് നിയമിക്കുകയും, സെയിന്റ് അത്തനേഷ്യസ് പള്ളിയിലെ അധികാരിയാക്കുകയും ചെയ്യുന്നു. ലെക്കോത അതിനോട് യോജിക്കുന്നില്ല. സാധാരണക്കാരോടൊത്തുകഴിഞ്ഞുകൂടാവുന്ന ലളിതമായൊരു പൗരോഹിത്യവൃത്തിയാണ് തന്റെ ആഗ്രഹമെന്ന് താഴ്മയായി അദ്ദേഹം പോപ്പിനെ അറിയിക്കുന്നു. എന്നാൽ കർദ്ദിനാളാകാൻ അദ്ദേഹത്തെ നിർബന്ധിക്കുന്നു.
പോപ്പ് പെട്ടെന്ന് തളർന്നുവീണ് മരിക്കുന്നതോടെ പുതിയ പോപ്പിനെ കണ്ടെത്താനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. കർദ്ദിനാൾ ലെക്കോതയ്ക്ക് വോട്ടവകാശം ലഭിക്കുന്നു. ലിയോണിയും കർദ്ദിനാൾ റിനാൽഡിയുമാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രധാനപ്പെട്ട രണ്ട് സ്ഥാനാർത്ഥികൾ. ഏഴ് വോട്ടുകൾക്കുശേഷമുള്ള തർക്കത്തെത്തുടർന്നുള്ള സമവായത്തിൽ അപ്രതീക്ഷീതമായി ലെക്കോത പോപ്പായി തെരഞ്ഞടുക്കപ്പെട്ടു. സിസ്റ്റൈൻ പള്ളിയിൽ കർദ്ദിനാൾ അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു. ധാരാളംപേർ പുതിയ ആളിന്റെ ആദർശത്തെപ്പറ്റിയും വിനയത്തെപ്പറ്റിയും സംസാരിച്ചു. മനസ്സില്ലാമനസ്സോടെ ലെക്കോത തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും, കിറിൽ എന്ന പേര് സ്വീകരിച്ച് പോപ്പാകുകയും ചെയ്യുന്നു. അപ്പോഴേയ്ക്കും ലോകം ന്യൂക്ലിയർ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. ചൈനയിലെ വിളവുനാശം മൂലമുണ്ടായ ഭക്ഷ്യക്ഷാമം റഷ്യയുമായുള്ള ചൈനയുടെ ശത്രുത മൂർച്ഛിക്കുന്നതിന് കാരണമായി. തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം വൈകുന്നേരം കിറിൽ സാധാരണ പുരോഹിതന്റെ വേഷത്തിൽ തന്റെ ഭൃത്യൻ ഗലാഡിയോടൊപ്പം വത്തിക്കാനിൽ നിന്ന് ആരും അറിയാത്ത റോമാ നഗരം ചുറ്റിക്കറങ്ങി. അപ്പോൾ അവിചാരിതമായി അദ്ദേഹം ഡോ. റൂത്ത് എന്ന വനിതയെ കണ്ടുമുട്ടുന്നു. റൂത്തും റോമിലെ ടെലിവിഷൻ ജേർണലിസ്റ്റായ ജോർജ് ഫേബറുമായുള്ള ദാമ്പത്യബന്ധം അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നു. കിറിൽ അവളുടെ മരണശയ്യയിൽ കിടക്കുന്ന ജൂതനായ ഒരു രോഗിക്കുവേണ്ടി മരുന്ന് സംഘടിപ്പിച്ചു അവളെ സഹായിക്കുന്നു. മരണത്തിലേക്ക് നീങ്ങുന്ന ആ രോഗിയുടെ ആത്മശാന്തിക്കായി അദ്ദേഹം ഒരു കാത്തോലിക് പ്രാർത്ഥന നടത്തുന്നു. രോഗിയുടെ സ്‌നേഹിതന്മാർ അയാളൊരു ജൂതനാണെന്ന് പറയുമ്പോൾ, അവരോടൊന്നിച്ച് ഒരു ജൂതപ്രാർത്ഥന നടത്തുന്നു. ലേബർ ക്യാമ്പിലായിരുന്നപ്പോൾ പഠിച്ചതാണെന്ന് അദ്ദേഹം പറയുന്നു.
പോപ്പും വിവാദപുരുഷനായ ഫാദർ ടെലിമോണ്ട് എന്ന വൈദികനുമായുള്ള അടുപ്പം ആണ് സിനിമയുടെ രണ്ടാമത്തെ പ്രധാനവിഷയം. ശാസ്ത്രജ്ഞനും തത്വചിന്തകനും കൂടിയായിരുന്നു ഈ പുരോഹിതൻ. പോപ്പും പുരോഹിതനും അടുത്ത സ്‌നേഹിതരായി. എന്നാലും ടെൽമോണ്ടിന്റെ പരമ്പരാഗത വിശ്വാസങ്ങളോടുള്ള എതിർപ്പിനോട് പോപ്പിന് യോജിക്കാൻ സാധിച്ചില്ല. അദ്ദേഹത്തെ സെൻസർ ചെയ്യേണ്ടി വന്നു. അവർ നല്ല സുഹൃത്തുക്കളായി തുടർന്നു. ടെൽമോണ്ട് പോപ്പിന്റെ ഏറ്റവും വലിയ വിശ്വസ്തനായ ഉപദേശിയായി മാറി. എന്നാൽ നാഡീസംബന്ധമായ അസുഖം നിമിത്തമുള്ള ടെൽമോണ്ടിന്റെ മരണം പോപ്പിനെ ദുഃഖത്തിലാഴ്ത്തി.
പിന്നീട് കാമിനേവിനെയും ചൈനീസ് ചെയർമാൻ സെങ്ങിനെയും കണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംഘർഷാവസ്ഥ ചർച്ച ചെയ്യാനായി സാധാരണ വസ്ത്രം ധരിച്ച് റഷ്യയിലേക്ക് മടങ്ങി. ചൈനയിലെ സമാധാനാവസ്ഥ ഇല്ലാതായാൽ അത് ലോകത്തെ കീറിമുറിക്കുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്ന് കിറിൽ മനസ്സിലാക്കുന്നു. പോപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ കിറിൽ തന്റെ കിരീടം എടുത്തുമാറ്റിയിട്ട് പള്ളിയുടെ വസ്തുക്കൾ ചൈനയെ സഹായിക്കാൻ വിൽക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനക്കൂട്ടം സന്തോഷത്തോടെ അത് സ്വീകരിച്ചു. വിപ്ലവകരമായ ഈ പ്രവൃത്തി സമാധാനത്തിനായുള്ള അവസരം നൽകി. ലോകം മുഴുവൻ അതിനെ പ്രശംസിച്ചു.
സൈബീരിയയിൽ തടവിൽ കഴിയുന്ന കാലത്ത് അതിഭീകരമായ പീഡനമുറകൾക്കാണ് പോപ്പ് വിധേയമായത്. ഒരാൾക്ക് നിൽക്കാൻ മാത്രം കഴിയുന്ന ടാങ്കറിൽ മൂക്കിന് തൊട്ടുതാഴെവരെ വെള്ളം നിറച്ചു ഉയർത്തിയും താഴ്ത്തിയും ദിവസങ്ങളോളം പീഡിപ്പിച്ചു. ഐസ് കട്ടകളിൽ കിടത്തി, ഉള്ളം കാലുകളിൽ ചൂരൽ കൊണ്ടടിച്ചു. നഖങ്ങളിൽ മൊട്ടുസൂചികൾ തറച്ചു. (ഈ പീഡനങ്ങൾ ബാലുമഹേന്ദ്ര സംവിധാനം ചെയ്ത 'യാത്ര' എന്ന ചിത്രത്തിൽ കോപ്പിയടിച്ചിട്ടുണ്ട്.)
ആഗോളതലത്തിൽ ഈ സിനിമ വലിയ പ്രദർശനവിജയം നേടി.











