12:44pm 24 August 2026
NEWS
അനീതിയുടെ ഇരകൾ: 'ദി സെൽ ആന്റ് ദി സോൾ' എന്ന പുസ്തകം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ
17/07/2026  08:47 AM IST
ആർ. പവിത്രൻ
അനീതിയുടെ ഇരകൾ: ദി സെൽ ആന്റ് ദി സോൾ എന്ന പുസ്തകം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ

പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ശ്രീ. എൻ.പി. ചെക്കുട്ടി 'പ്രബോധനം' വാരികയിൽ എഴുതിയ 'അനീതിയുടെ ഇതിഹാസം- ഇന്ത്യൻ ജയിലുകളിലെ വിചാരണത്തടവുകാർ'(2026 ജൂൺ 19) എന്ന ശ്രദ്ധേയമായ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ വളരേയേറെ ഗൗരവസ്വഭാവമുള്ളതാണ്. അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികം കടന്നുപോയ വേളയിൽ, വർത്തമാനകാല ഇന്ത്യൻ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും.

ഇന്ത്യയിലെ അറിയപ്പെടുന്ന ദലിത് ചിന്തകരിലൊരാളും പൗരവാകാശ ആക്ടിവിസ്റ്റുമായ ആനന്ദ് തെൽതുംബ്‌ഡെയുടെ 'ദി സെൽ ആന്റ് ദി സോൾ' എന്ന ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്ന വസ്തുതകൾ തന്നെ വളരെയധികം അസ്വസ്ഥനാക്കിയതിന്റെ അടിസ്ഥാനത്തിലാണ്  എൻ.പി. ചെക്കുട്ടി 'തടവറയും ആത്മാവും' എന്ന ഈ  പുസ്തകത്തെ അവലംബമാക്കി പൗരാവകാശങ്ങളെ കശാപ്പ് ചെയ്യുന്ന ഭരണകൂടത്തിന്റെ ചെയ്തികൾ അവതരിപ്പിക്കുന്നത്. വൻവിവാദമായ എൽഗാർ പരിഷത്ത്- ഭീമ കൊറേഗാവ് കേസ്സിൽ പത്താം പ്രതിയാക്കപ്പെട്ട് 2018 ൽ അറസ്റ്റിലായ തെൽതുംബ്‌ഡെ 2022 നവംബറിൽ ജാമ്യം കിട്ടുംവരെ 31 മാസം തലോജ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. ആ 31 മാസത്തെ അനുഭവങ്ങളാണ് അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നത്.

'ആനന്ദ് തെൽതുംബ്‌ഡെ രാജ്യത്തെ ദലിത് ജീവിതം സംബന്ധിച്ച നിരീക്ഷണങ്ങളും അനുഭവങ്ങളും പൊതുസമൂഹത്തിൽ പങ്കുവയ്ക്കുന്ന ആളെന്ന നിലയിലാണ് ദലിത് ബുദ്ധിജീവി എന്ന പേരിന് അർഹനാവുന്നത്. അദ്ദേഹം വിവാഹം കഴിച്ചത് ബാബാ അംബേദ്കറുടെ കൊച്ചുമകളെയാണ്. അതിനാൽ അംബേദ്കറുടെ പാരമ്പര്യം ചിന്താപരമായി മാത്രമല്ല, കുടുംബപരമായും അവകാശപ്പെടാൻ അർഹതയുണ്ട്. പ്രമുഖ മാനേജ്‌മെന്റ് വിദഗ്ദ്ധൻ എന്ന നിലയിൽ ആധുനിക സൈബർ സംവിധാനങ്ങൾ മാനേജ്‌മെന്റ് മേഖലയിൽ പ്രയോഗിക്കുന്ന തന്ത്രപ്രധാനമായ ഒരുകോഴ്‌സ് താൻ പ്രവർത്തിക്കുന്ന ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ വികസിപ്പിക്കുന്ന കാലവുമായിരുന്നു അത്. വികസിത ഇന്ത്യക്ക് അനിവാര്യമായ ഒരു സങ്കീർണ്ണ സാങ്കേതിക വൈജ്ഞാനിക രംഗത്താണ് അദ്ദേഹം അന്ന് പ്രവർത്തിച്ചുകൊണ്ടിരുന്നത്.


എന്നാൽ, അതൊന്നും അദ്ദേഹത്തിന്റെ അറസ്റ്റിന് തടസ്സമായില്ല. അംബേദ്ക്കറുടെ കുടുംബവീട്ടിൽ കുടുംബാംഗങ്ങൾ ഒന്നിച്ചു ഒരു രാത്രി ചെലവിട്ട ശേഷം അദ്ദേഹം മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങി. അംബേദ്കർ തയ്യാറാക്കിയ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിൽ വിഭാവനം ചെയ്ത പൗരസ്വാതന്ത്ര്യങ്ങൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുപോലും നിഷേധിക്കപ്പെട്ട ഒരു ചരിത്ര മുഹൂർത്തമായിരുന്നു ആ കീഴടങ്ങൽ. അതിന്റെ പൊള്ളുന്ന അനുഭവങ്ങൾ ഈ പുസ്തകത്തിൽ തെൽതുംബ്‌ഡേ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ അനുഭവങ്ങളും ദുരിതങ്ങളും ഇന്ത്യയുടെ പൊതുജീവിതത്തിന്റെ ധാർമ്മികവും നിയമപരവുമായ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം പരിശോധിക്കുന്നത്. 31 മാസങ്ങൾ നീണ്ട തടവുകാലത്തെ അനുഭവങ്ങളും നിരീക്ഷണങ്ങളും അതിനാൽ സമകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആർക്കും പ്രധാനമാണ്. ഇന്ത്യയിലെ ഇന്നത്തെ ഏകപക്ഷീയവും നീതിരഹിതവുമായ നീതിന്യായ സംവിധാനത്തിന്റെ പൊരുത്തക്കേടുകൾ, അതിൽ നിർലജ്ജം പ്രകടിതമാകുന്ന വരേണ്യവർഗ്ഗ പക്ഷപാതങ്ങൾ, കീഴാള സമൂഹങ്ങളിലെ അംഗങ്ങൾക്ക് ഈ സംവിധാനം ഒരുക്കിവച്ച മാരകവും നരകതുല്യവുമായ അനുഭവങ്ങൾ... ഇതൊക്കെ നമുക്ക് കൃത്യമായി അറിയാവുന്നതാണ്. പക്ഷേ,ഒരു അക്കാദമിക പണ്ഡിതന്റെ മാത്രമല്ല ഇരയുടെ കണ്ണിലൂടെയും അദ്ദേഹം അതൊക്കെ വിവരിക്കുമ്പോൾ അതിന്റെ ഭയാനകമായ അവസ്ഥ നമ്മെ തുറിച്ചുനോക്കും.

'ഇന്ത്യൻ അവസ്ഥയിൽ ദലിതരും ആദിവാസികളും മുസ്ലീങ്ങളും അടക്കമുള്ള കീഴാളർ ഈ സംവിധാനത്തിന് മുന്നിൽ എങ്ങനെ കുറ്റവാളികളായി നിൽക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. നിയമവ്യവസ്ഥയിൽ, ഒരു വ്യക്തി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുന്നതുവരെ നിരപരാധിയാണ്. ലോകമെങ്ങും അതൊരു ലിഖിത നിയമമാണ്. എന്നാൽ, ഇന്ത്യയിൽ അതിനൊരു മറുവശമുണ്ട്. ഈ ആനുകൂല്യം പ്രായോഗികമായി മേൽപ്പറഞ്ഞ സാമൂഹിക വിഭാഗങ്ങൾക്ക് ലഭ്യമല്ല. അവരെ പോലീസ് പിടികൂടി വിചാരണത്തടവുകാരായി ജയിലുകളിൽ അടച്ചുകഴിഞ്ഞാൽ നീതിയുടെ കവാടങ്ങൾ അവർക്ക് മുന്നിൽ ബന്ധിതമാവുകയാണ്. വിചാരണത്തടവുകാരുടെ അവസ്ഥ അത്യന്തം ദയനീയമാണ്. അവർക്ക് ജാമ്യം കിട്ടാനുള്ള  സാധ്യതകൾ വളരെ പരിമിതമാണ്. കാരണം, ജാമ്യം നിഷേധിക്കാൻ കോടതിയെ പ്രേരിപ്പിക്കുന്ന വകുപ്പുകൾ മിക്കവാറും എല്ലാ കേസുകളിലും കെട്ടിച്ചമച്ചുവെച്ചിരിക്കും. അത്തരത്തിലുള്ള നിരവധി പുതിയ നിയമങ്ങൾ ഭരണകൂടം സമീപകാലങ്ങളിൽ ചുട്ടെടുത്തു വെച്ചിട്ടുണ്ട്. അവയുടെ ദുരുപയോഗം ഇന്നത്തെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ സ്ഥിരം അനുഷ്ഠാനമാണ്.'- എൻ.പി. ചെക്കുട്ടി എഴുതുന്നു.

അദ്ദേഹം തുടരുന്നു: 'അതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെയെന്ന് തെൽതുംബ്‌ഡേ വിശദീകരിക്കുന്നുണ്ട്. ബോല എന്ന യുവാവിന്റെ ജയിലിലെ ജീവിതവും മരണവും അദ്ദേഹം വിവരിക്കുമ്പോൾ ആരും വിങ്ങിപ്പൊട്ടിപ്പോകും. ഏതോ കേസിൽ പ്രതിയാക്കി ജയിലിലടച്ചു. പിന്നെ ആരും തിരിഞ്ഞുനോക്കിയില്ല. എന്തിനാണ് തന്നെ ജയിലിൽ അടച്ചിരിക്കുന്നത് എന്നുപോലും ആ കുട്ടിക്ക് അറിയാമായിരുന്നില്ല. മുതിർന്ന തടവുകാരുടെ കാര്യങ്ങൾ നോക്കുകയായിരുന്നു അവന്റെ ചുമതല. ഇടയ്ക്ക് തന്റെ വേദനകൾ മറക്കാനായി നൃത്തം ചെയ്യും. ഉതിർന്നുപോകുന്ന കാലുറകൾ മേലോട്ടുവലിച്ചുവെച്ച് അസാധാരണമായ ഒരു ഭാവത്തിൽ എല്ലാം മറന്ന് ചുവടുകൾ വയ്ക്കുന്ന ആ കുട്ടിയുടെ നൃത്തം നിർന്നിമേഷനായി നോക്കിനിന്നത് തെൽതുംബ്‌ഡേ വിവരിക്കുന്നു. ഒരു നാൾ ബോല ജയിലിൽ തൂങ്ങിമരിച്ചു. എന്തിനെന്ന് ആർക്കും അറിയില്ല. ഒരുപക്ഷേ അറിയേണ്ടതുമില്ല. കാരണം, അവന്റെ ജീവിതം ഈ നാട്ടിലെ കോടിക്കണക്കിന് അശരണ ജനങ്ങളുടെ ഒരു പരിച്ഛേദമാണ്. അതിന്റെ തുടക്കവും തുടർച്ചയും അന്ത്യവും ഏകദേശം ഒരുപോലെയാണ്.'

ഇന്ത്യയിൽ വളരെയധികം ജനശ്രദ്ധ ആകർഷിച്ചതാണ് ഭീമ- കൊറഗോവ് കേസ്. മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ ബോധപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മനുഷ്യാവകാശപ്രവർത്തകരും അഭിഭാഷകരും എഴുത്തുകാരും കവികളും അധ്യാപകരും അറസ്റ്റ് ചെയ്യപ്പെട്ടു. ചിന്താശീലരായ വിഭാഗങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഭരണകൂടം ഈ കേസ് കൈകാര്യം ചെയ്തത്.

ഇന്ത്യയിൽ നിലവിൽ ജയിലുകളിൽ കഴിയുന്നവരിൽ 75 ശതമാനത്തിലേറെ വിചാരണത്തടവുകാരാണെന്ന് കണക്കാക്കപ്പെടുന്നു. മൊത്തം തടവുകാരുടെ എണ്ണം അഞ്ചുലക്ഷത്തിലേറെയാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ രേഖകൾ പറയുന്നു. അതിൽ 3.75 ലക്ഷം പേരും വിചാരണയിൽ കഴിയുന്നു. അവരുടെ സാമൂഹിക പശ്ചാത്തലം സംബന്ധിച്ച കണക്കുകൾ ഔദ്യോഗികമായി ശേഖരിക്കാറില്ല. എന്നിരുന്നാലും തലോജ ജയിലിലെ തടവുകാരുടെ ഇടയിൽ നടത്തിയ പഠനത്തിൽ തെൽതുംബ്‌ഡേ കണ്ടത്, മഹാഭൂരിപക്ഷവും കീഴാള സമൂഹങ്ങളിൽ നിന്ന് വന്നവരാണെന്നാണ്. അവർക്കാകട്ടെ, നിയമവ്യവസ്ഥയിൽ ഏതൊരു തടവുകാരനും സ്വാഭാവികമായി കിട്ടേണ്ട പരിരക്ഷയോ അഭിഭാഷക പിന്തുണയോ ലഭിക്കുന്നത് അത്യപൂർവ്വമാണ്. അതിനാൽ ജയിലിൽ ജീവിതകാലം മുഴുക്കെ നരകിക്കുക എന്നതാണ് അവരുടെ വിധി.
'ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭീതിയുടെ മറ്റൊരു വാഴ്ചയാണ്. ഉത്തർപ്രദേശ് മുതൽ കാശ്മീർ വരെ ജെ.സി.ബി നിയമവാഴ്ചയുടെ അനിവാര്യ ഭാഗമായി മാറിയിരിക്കുന്നു. രാജ്യവിരുദ്ധരെന്ന് മുദ്രകുത്തി ആരെയും പിടിച്ചുകൊണ്ടുപോകാമെന്ന് മാത്രമല്ല, അവരുടെ വീടുകൾ ഇടിച്ചുതവിടുപൊടിയാക്കി കുടുംബത്തെ തെരുവിൽ എറിയുന്നതും നിയമവാഴ്ചയുടെ അംഗീകൃത ഭാഗമായി മാറിയിരിക്കുന്നു. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഈയിടെ നടക്കുകയും സുപ്രീംകോടതി അതിനെതിരെ മുന്നറിയിപ്പും നൽകി. എന്നാൽ, ഒരൊറ്റ സംഭവത്തിലും ബന്ധപ്പെട്ട സംസ്ഥാനത്തെ  പോലീസ് മേധാവിയെയോ ചീഫ് സെക്രട്ടറിയെയോ കോടതിയുടെ മുന്നിൽ വിളിച്ചുവരുത്താൻ ഇതുവരെ തയ്യാറായിട്ടില്ല. അതിനാൽ, കോടതിയുടെ താക്കീതുകൾ അധികാരികൾ പൂർണ്ണമായും അവഗണിക്കുന്നു. രാഷ്ട്രീയ നേതൃത്വം അതിന് അവർക്ക് പിന്തുണയും ധൈര്യവും നൽകുന്നു. ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യം വളരേയേറെ വേദനാജനകവും ഉത്കണ്ഠ ഉളവാക്കുന്നതുമാണ്. ആയിരക്കണക്കിന് സാധാരണ ജനങ്ങൾ പോരാടി നേടിയ സ്വാതന്ത്ര്യമാണ് നമ്മുടെ കൺമുന്നിൽ അവസാനിക്കുന്നത്. രാജ്യം ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നുപറഞ്ഞാൽ തെറ്റില്ല. ഒരു നിലയ്ക്ക് നാമെല്ലാം വിചാരണത്തടവുകാരാണ്. ഒരു കൂട്ടർ ജയിലിൽ. മറ്റൊരു കൂട്ടർ തുറന്ന ജയിലിൽ. അതുമാത്രമാണ് വ്യത്യാസം.'- എൻ.പി. ചെക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

അനുബന്ധം:

മികച്ച എഴുത്തുകാരനും ബുദ്ധിജീവിയുമായ ആനന്ദ് തെൽതുംബ്‌ഡെ മുപ്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ഔട്ട്‌ലുക്ക്, ഫ്രണ്ട്‌ലൈൻ, ദി കാരവൻ, ദി വയർ, സ്‌ക്രോൾ എന്നിവയിലും ഇന്ത്യൻ എക്‌സ്പ്രസ്, ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ദേശീയ ദിനപ്പത്രങ്ങളിലും അദ്ദേഹം പതിവായി എഴുതുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img