10:23am 28 October 2026
NEWS
ഔഷധി വാടകയ്ക്കെടുത്ത ഗെസ്റ്റ് ഹൗസിൽ ശോഭന ജോർജിന്റെ താമസം 372 ദിവസം; ഔഷധിക്ക് കാൽക്കോടിയോളം രൂപയുടെ ചെലവ്
28/10/2026  07:57 AM IST
nila
ഔഷധി വാടകയ്ക്കെടുത്ത ഗെസ്റ്റ് ഹൗസിൽ ശോഭന ജോർജിന്റെ താമസം 372 ദിവസം; ഔഷധിക്ക് കാൽക്കോടിയോളം രൂപയുടെ ചെലവ്

കണ്ണൂർ: ഔഷധി ബോർഡ് അംഗങ്ങളുടെ താമസസൗകര്യത്തിനായി തൃശൂർ പൂങ്കുന്നത്ത് വാടകയ്ക്കെടുത്ത ഗെസ്റ്റ് ഹൗസ് മുൻ ചെയർപഴ്സൻ ശോഭന ജോർജ് ദീർഘകാലം ഉപയോഗിച്ചതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ 372 ദിവസം ഇവിടെ താമസിച്ചെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കെട്ടിടത്തിന്റെ വാടകയും ഫർണിച്ചർ, വൈദ്യുതി ചെലവുകളും ഉൾപ്പെടെ കാൽക്കോടിയോളം രൂപയാണ് ഔഷധി ചെലവഴിച്ചത്.

സർക്കാർ നിർദേശപ്രകാരം ഗെസ്റ്റ് ഹൗസിൽ താമസിക്കുന്നവർ നിശ്ചിത നിരക്ക് നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ശോഭന ജോർജ് സൗജന്യമായാണ് താമസിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. താമസവുമായി ബന്ധപ്പെട്ട ചെലവുകളുടെ ബില്ലുകൾ ഔഷധി മാനേജിങ് ഡയറക്ടർ അംഗീകരിച്ചതായും വിവരമുണ്ട്.

ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാനെത്തുന്ന അംഗങ്ങൾക്ക് താമസിക്കാനാണ് പൂങ്കുന്നത്ത് കെട്ടിടം വാടകയ്ക്കെടുത്തത്. എന്നാൽ സമീപത്തുതന്നെ രാമനിലയം ഗെസ്റ്റ് ഹൗസ് ഉണ്ടായിരിക്കെയാണ് ഔഷധി ചെയർപഴ്സനായി പ്രത്യേക താമസസൗകര്യം ഒരുക്കിയത്.

സർക്കാർ നോമിനികളായി ഔഷധി ബോർഡിലുള്ള ധനവകുപ്പ് അഡീഷനൽ സെക്രട്ടറി ബി.എസ്. പ്രീത, സംസ്ഥാന ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ എന്നിവർ മൂന്ന് ദിവസം ഗെസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ട്. അതേസമയം, ബോർഡ് അംഗങ്ങളായ കെ. പത്മനാഭനും കുര്യാക്കോസ് പ്ലാപ്പറമ്പിലും യോഗങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോൾ ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ഇവരുടെ ഹോട്ടൽ താമസത്തിനായി 1.36 ലക്ഷം രൂപ ചെലവായതായും കണക്കുകൾ വ്യക്തമാക്കുന്നു.

പൂങ്കുന്നത്ത് വാടകയ്ക്കെടുത്തിരുന്ന ഗെസ്റ്റ് ഹൗസ് നിലവിൽ പ്രവർത്തിക്കുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img