
കാസർഗോഡ് : ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണപ്പാളികൾ കടത്തിയ സംഭവത്തിൽ പ്രതിപക്ഷം പാലിക്കുന്ന മൗനംസംശയകരമാണെന്നും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ഉറപ്പാക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഡി. ശങ്കരയ്ക്ക് ബി.ജെ.പി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രജത ശങ്കരം പരിപാടിയും പ്രവർത്തക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രൻ .
അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ നിന്നും സ്വർണ്ണപാളികൾ കടത്തിയ സംഭവത്തിൽ ഭക്തർക്കും ബിജെപിക്കും മാത്രമാണ് ആശങ്കയും പരാതിയുമുള്ളത്. ശബരിമല അയ്യപ്പ സംഗമം സംഘടിപ്പിച്ച പിണറായി വിജയൻ അയ്യപ്പഭക്തനായി പരിവർത്തനപ്പെട്ടുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പല നേതാക്കളും ചൂണ്ടിക്കാട്ടിയത്. ഇത് ശരിയാണെങ്കിൽ ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിലും മറ്റ് സ്വത്തുക്കളുടെയും ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലും ഭക്തസമൂഹത്തിൻ്റെ താൽപര്യം സംരക്ഷിക്കാൻ പിണറായി മുൻകൈയെടുക്കണം.
കേരളത്തിൽ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ പരാജയപ്പെടുത്താനുള്ള ഇടത് - വലത് മുന്നണികൾ നീക്കം ഇത്തവണ വിലപോകില്ലെന്നും വലിയ രാഷ്ട്രീയമാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ജയദേവ ഖണ്ഡിഗെ അധ്യക്ഷത വഹിച്ചു. കർണാടക മുൻ സംസ്ഥാന പ്രസിഡന്റും മുൻ എംപിയുമായ നളിൻ കുമാർ കട്ടീൽ മുഖ്യാതിഥിയായി.
ബിജെപി ഉത്തരമേഖല പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, മേഖലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രവീശ തന്ത്രി, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറൽ സെക്രട്ടറി പി. ആർ. സുനിൽ, മേഖലാ വൈസ് പ്രസിഡൻ്റ് വിജയ് കുമാർ റൈ, ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീധർ യാദവ്, ജില്ലാ സെക്രട്ടറി അശ്വിനി കെ.എം, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രേപ്പാടി, സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് നാരമ്പാടി, മണ്ഡലം പ്രസിഡൻ്റ് ഗോപാലകൃഷ്ണ എം, ജനറൽ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, വിശ്വനാഥ പ്രഭു, മധുചന്ദ്ര മാന്യ, ആനന്ദ് കെ., ഗണപതി പ്രസാദ് കുലമർവ, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി. ശ്രീകൃഷ്ണ ഭട്ട്, വൈസ് പ്രസിഡൻ്റ് സാവിത്രി അമ്മ, ബിജെപി ബദിയടുക്ക പഞ്ചായത്ത് വെസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് മഹേഷ് വളക്കുഞ്ജ, മഞ്ജുനാഥ്, അവിനാഷ് വി.റായി, സുന്ദർ ഷെട്ടി കൊല്ലങ്കാന എന്നിവർ സംസാരിച്ചു.
Photo Courtesy - Google










