
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വീണ്ടും മാറ്റിമറിച്ച് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിൽ നിന്ന് ആറു ലോക്‌സഭാ എംപിമാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിൽ ചേർന്നു.ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഭാവുസാഹേബ് വക്ചൗർ എന്നിവരാണ് ഉദ്ധവ് പക്ഷം വിട്ട് ഷിന്ദേ ക്യാമ്പിലെത്തിയ എംപിമാർ. മുംബൈയിൽ നടന്ന ചടങ്ങിൽ ഇവരെ ഷിന്ദേ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ശിവസേന (യുബിടി)യുടെ ഒമ്പത് എംപിമാരിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഷിന്ദേ വിഭാഗത്തിന് ലഭിച്ചതിനാൽ കൂറുമാറ്റ നിരോധന നിയമത്തിലെ അയോഗ്യതാ ഭീഷണിയും ഒഴിവാക്കാനായി.
സംഭവത്തെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവായി വിശേഷിപ്പിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഏറെ ചർച്ചയായിരുന്ന "ഓപ്പറേഷൻ ടൈഗർ" വിജയിച്ചതായി പ്രഖ്യാപിച്ചു. അതേസമയം, 2022-ൽ 40 എംഎൽഎമാരുമായി ആരംഭിച്ച രാഷ്ട്രീയ നീക്കത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് ഏകനാഥ് ഷിന്ദേ പ്രതികരിച്ചു. അന്ന് 40 പേരുമായാണ് തുടക്കമിട്ടതെങ്കിൽ ഇപ്പോൾ ഒരു "സിക്സർ" നേടിയതായും അദ്ദേഹം പരിഹസിച്ചു.
പാർട്ടിയുടെയും വില്ലും അമ്പും ചിഹ്നത്തിന്റെയും സംരക്ഷണത്തിനായി ആരംഭിച്ച പോരാട്ടത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നതെന്ന് ഷിന്ദേ അവകാശപ്പെട്ടു. ശിവസേനയുടെ യഥാർഥ പാരമ്പര്യം തങ്ങളുടെ വിഭാഗത്തിനൊപ്പമാണെന്ന സന്ദേശം ശക്തിപ്പെടുത്തുന്നതാണ് പുതിയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തരം പ്രതിസന്ധികൾ നേരത്തെയും നേരിട്ടിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. അടുത്തിടെ ഡൽഹിയിൽ അദ്ദേഹം വിളിച്ചുചേർത്ത പാർലമെന്ററി പാർട്ടി യോഗത്തിൽ ഒമ്പതിൽ മൂന്ന് എംപിമാർ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് പാർട്ടിക്കുള്ളിലെ അസംതൃപ്തിയും കൂറുമാറ്റ സാധ്യതകളും സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.
ആറ് എംപിമാരുടെ നീക്കത്തോടെ മഹാരാഷ്ട്രയിലെ ശിവസേന രാഷ്ട്രീയത്തിൽ ഷിന്ദേ വിഭാഗം കൂടുതൽ കരുത്താർജിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിനും പ്രതിപക്ഷ രാഷ്ട്രീയത്തിനും ഇത് വലിയ വെല്ലുവിളിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.










