
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള കപ്പൽഗതാഗതത്തിന് ആശ്വാസ സന്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങൂ" എന്ന സന്ദേശമാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെച്ചത്.
ഇറാനും യുഎസും തമ്മിലുള്ള സമാധാന ധാരണ സംബന്ധിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള കരാർ പൂർത്തിയായെന്നും, ഹോർമുസ് കടലിടുക്ക് ടോൾ ഈടാക്കാതെ തുറക്കാൻ അനുമതി നൽകിയതായും യുഎസ് നാവികസേനയുടെ ഉപരോധം ഉടൻ പിൻവലിക്കാൻ നിർദേശം നൽകിയതായും ട്രംപ് വ്യക്തമാക്കി.
ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ സമാധാന കരാർ ഒപ്പിടുമെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ സൈനിക നടപടികൾ അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഷെരീഫ് അറിയിച്ചു.
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരുന്നു. തുടർന്ന് ഇറാൻ നടത്തിയ തിരിച്ചടികളിൽ ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നാശനഷ്ടമുണ്ടായി. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയർന്നു. പിന്നാലെ ഇറാൻ തുറമുഖങ്ങൾക്കെതിരെ യുഎസ് നാവികസേന ഉപരോധം ഏർപ്പെടുത്തിയതും പ്രതിസന്ധി കൂടുതൽ ശക്തമാക്കി.
അതേസമയം, സമാധാന കരാർ സംബന്ധിച്ച പ്രഖ്യാപനങ്ങൾ പുറത്തുവന്നതോടെ എണ്ണവിപണിയിൽ ആശ്വാസം പ്രകടമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 83.82 ഡോളറിലെത്തി. ഒരു ബാരലിന് 3.51 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.










