
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോ കേരളം വിട്ടെന്ന് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ തന്നെ കൊച്ചി വിട്ട നടൻ തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണ് ഷൈൻ ടോം ചാക്കോ എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
കലൂരിലെ ഹോട്ടലിൽനിന്നും ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലേക്കാണ് ആദ്യം പോയത്. അജ്ഞാതന്റെ ബൈക്കിൽ ആയിരുന്നു ഷൈനിന്റെ യാത്ര. ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷം പുലർച്ചെയോടെ തൃശൂരിലേക്കും പിന്നീട് പൊള്ളാച്ചിയിലേക്കും പോയെന്നാണ് റിപ്പോർട്ട്.
അതേസമയം, ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയാണെന്നാണ് വിവരം. ഇയാൾ ഷൈനിന്റെ മുറിയിലായിരുന്നു എന്ന നിഗമനത്തിലായിരുന്നു പരിശോധന. ഡാൻസാഫ് സംഘം മുറിയിലെ വാതിലിൽ തട്ടിയതോടെ ഇവിടെ സർവീസ് വേണ്ട എന്നായിരുന്നു ഷൈനിന്റെ മറുപടി. പാലക്കാട് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഡാൻസാഫ് സംഘം തേടിയ ലഹരിവിതരണക്കാരനെയും പരിശോധനയിൽ കണ്ടെത്താനായില്ല.











