05:23am 13 October 2026
NEWS
ഷിജിനും കൊമ്പനും കപ്പിനപ്പുറം ജനഹൃദയങ്ങൾ കീഴടക്കിയ ലാളിത്യത്തിന്റെ ചക്രവർത്തിമാർ - ജോയ് കെ. മാത്യു
12/10/2026  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഷിജിനും കൊമ്പനും കപ്പിനപ്പുറം ജനഹൃദയങ്ങൾ കീഴടക്കിയ ലാളിത്യത്തിന്റെ ചക്രവർത്തിമാർ - ജോയ് കെ. മാത്യു

ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്നുതീർത്ത കഷ്ടപ്പാടുകൾ ഒരിക്കലും മറക്കാതെ, പച്ചയായ മനുഷ്യത്വവും സ്നേഹവും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങൾ. ബിഗ് ബോസ് മത്സരാർത്ഥികളായ ഷിജിനും കടൽ കൊമ്പനും ഇന്ന് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത് അവരുടെ മത്സരമികവുകൊണ്ടു മാത്രമല്ല, ജീവിതം അവരെ പഠിപ്പിച്ച ലാളിത്യത്തിന്റെയും ആത്മാർത്ഥതയുടെയും പാഠങ്ങൾകൊണ്ടുകൂടിയാണ്. ആർഭാടങ്ങളുടെയും പ്രകടനപരതയുടെയും ലോകത്തും സ്വന്തം വേരുകൾ മറക്കാതെ മുന്നേറുന്ന ഈ രണ്ടുപേരുടെ ജീവിതങ്ങളെയും അവർ പകർന്നുനൽകുന്ന മനുഷ്യബന്ധങ്ങളുടെ യഥാർത്ഥ മൂല്യങ്ങളെയും ആസ്പദമാക്കി, എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു എഴുതുന്നു...

ആധുനിക ടെലിവിഷൻ ലോകത്തെ ഏറ്റവും വലിയ വിസ്മയമായ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ 8 കടന്നുപോകുന്നത് മനുഷ്യസ്നേഹത്തിന്റെ അപൂർവ്വ നിമിഷങ്ങളിലൂടെയാണ്. നൂറു ദിവസങ്ങളുടെ മാമാങ്കത്തിൽ, സ്വാർത്ഥതയുടെയും തന്ത്രങ്ങളുടെയും അരങ്ങിൽ സത്യസന്ധതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്ന രണ്ട് മനുഷ്യർ - ഷിജിനും കൊമ്പനും. പച്ചയായ ജീവിതത്തിന്റെ നോവുകൾ പേറി ബിഗ് ബോസ് ഹൗസിലെത്തി, പിന്നീട് കോടിക്കണക്കിന് പ്രേക്ഷകരുടെ കണ്ണീർപ്പൂവുകളായി മാറിയ ഈ രണ്ട് സഹയാത്രികരുടെ കഥ, മലയാളിയുടെ സിരകളിൽ ആഴത്തിൽ തറയ്ക്കുന്ന ഒന്നാണ്.

ഒരു സാധാരണ സ്ത്രീ ദിനംപ്രതി ചെയ്യുന്ന അടുക്കളപ്പണികളുടെയും വീട്ടുജോലികളുടെയും അദൃശ്യമായ ഭാരങ്ങൾക്ക് പുറമെയാണ്, ആ കുടുംബത്തിന്റെ വിശപ്പടക്കാൻ അവൾ പുലർച്ചെ തന്നെ മറ്റുള്ളവരുടെ പശുത്തൊഴുത്തുകളിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. നേരം പുലരും മുൻപേ കൊടുംതണുപ്പിലും കരിനിഴലുകളിലും തപ്പിത്തടഞ്ഞ്, അയൽപക്കത്തെ ചില വീടുകളിലെ പശുക്കളുടെ പാൽ കറന്നെടുക്കുന്ന അവളുടെ തഴമ്പിച്ച കൈകളിൽ എഴുതപ്പെടുന്നത് നിശബ്ദമായൊരു ജീവസമരമാണ്. നടുനിവർക്കാൻ പോലും സമയമില്ലാതെ ഒരു തൊഴുത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഓടുമ്പോഴും, കിട്ടുന്ന തുച്ഛമായ കൂലി മക്കളുടെ വയറു നിറയ്ക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ് ഉടുതുണിയിലെ നനവിനെയും ചാണകമണത്തെയും മറക്കാൻ അവളെ പ്രാപ്തയാക്കുന്നത്. സ്വന്തം ശാരീരിക ബുദ്ധിമുട്ടുകളെയും ക്ഷീണത്തെയും വകവെക്കാതെ, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും ചുമലിലേന്തി മൗനമായി നീറുന്ന ആ സ്ത്രീത്വം അതിജീവനത്തിന്റെ ജീവിക്കുന്ന പ്രതീകമാണ്. അവൾ മറ്റാരുമല്ല, ബിഗ് ബോസ് മത്സരാർത്ഥിയായ ഷിജിന്റെ അമ്മയാണ്.

അതുപോലെ, പുലർച്ചെ കൊടുംതണുപ്പിലും കട്ടിയുള്ള ഇരുട്ടിലും ഉറക്കം കെടുത്തി റബർത്തോട്ടത്തിലേക്ക് ഇറങ്ങുന്ന ഒരു മനുഷ്യനുണ്ട്; അയാളുടെ ജീവിതം ചോർച്ചയുള്ള ഒരു കുടക്കീഴിലെ നിൽപ്പുപോലെയാണ്. നെഞ്ചിലെരിയുന്ന പട്ടിണിയുടെ കനൽ അണയ്ക്കാൻ, വെളിച്ചം വീഴുംമുൻപേ അവൻ തോട്ടത്തിലെ നിരനിരയായ മരച്ചുവടുകളിലേക്ക് നടക്കുന്നു. മൂർച്ചയുള്ള കത്തികൊണ്ട് മരപ്പട്ടയിൽ ചീന്തിയെടുക്കുന്ന ഓരോ മുറിവിലും അവന്റെ വിയർപ്പും ചോരത്തുള്ളികളുമാണ് ഇറ്റുവീഴുന്നത്. തുച്ഛമായ കൂലിക്ക് കഷ്ടപ്പെട്ട് പാലെടുക്കുമ്പോഴും, ഒരു മഴ പെയ്താൽ അന്നേദിവസം ആ കുടുംബത്തിന് പട്ടിണിയുടെയും കണ്ണീരിന്റെയും ഇരുണ്ട നാളായി മാറുമെന്ന ഉത്തമ ബോധ്യം അവനുണ്ട്. മഴക്കാലമെത്തിയാൽ, ആ ഹൃദയനന്മയുള്ള  മനുഷ്യന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നത് സ്വന്തം മക്കളുടെ വിശപ്പും കണ്ണീരും കാണേണ്ടിവരുമോ എന്ന നിസ്സഹായതയുടെയും ദാരിദ്ര്യത്തിന്റെയും തീക്ഷ്ണമായ നോവുകളാണ്. ഹൃദയം നിറയെ കുടുംബത്തിന്റെ ആകുലതകൾ പേറി നടക്കുന്നത് ഷിജിന്റെ അപ്പനാണ്...

അമ്മയ്ക്കൊപ്പം പലപ്പോഴും തുണയായി കൂടെപ്പോകുന്നവനും, ചെറിയൊരു സ്റ്റുഡിയോ നടത്തിവരുന്നവനുമാണ് ഷിജിൻ. വിശപ്പിന്റെ താളം തെറ്റിയാലും കുട്ടിക്കാലം മുതൽ അഭ്യസിച്ച നൃത്തച്ചുവടുകളുടെ താളം അവൻ തെറ്റിച്ചില്ല. ഒരുപിടി മോഹങ്ങളുമായി തന്നിലേക്കെത്തുന്ന പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായും മറ്റുചിലർക്ക് തുച്ഛമായ ഫീസ് വാങ്ങിയും നൃത്തം പഠിപ്പിച്ചുകൊണ്ട്, ആ കൊച്ചുമുറിയിൽ അവൻ തന്റെ സ്വപ്നങ്ങളെയും കലയെയും ജീവനോടെ നിലനിർത്തുന്നു. അമ്മയുടെയും അപ്പന്റെയും സഹോദരിയുടെയും ഒപ്പം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഷിജിൻ, പ്രധാനമായും കൂലിപ്പണിക്കാരിയായ ആ അമ്മയുടെ വിയർപ്പിൽ കുതിർന്നാണ് വളർന്നത്.

ബിഗ് ബോസ് വീടിന്റെ വർണ്ണപ്പകിട്ടുകൾക്കിടയിൽ, പ്രകടനപരതയുടെ ആർഭാട വസ്ത്രങ്ങളണിഞ്ഞ് ഓരോ ദിവസവും പലതവണ വസ്ത്രങ്ങൾ മാറിമറിയുന്ന മനുഷ്യർക്കിടയിലാണ് ഷിജിൻ വേറിട്ടുനിൽക്കുന്നത്. നൂറു ദിവസത്തെ അതിജീവനത്തിനായി ആ വലിയ വീട്ടിലേക്ക് അവൻ കരുതിവെച്ചിരുന്നത് വിരലിലെണ്ണാവുന്ന ഏതാനും ജോഡി വസ്ത്രങ്ങൾ മാത്രമായിരുന്നു. പല ടാസ്കുകളുടെയും കഠിനമായ പോരാട്ടങ്ങൾക്കിടയിൽ പെയിന്റും ചെളിയും കറകളും പുരണ്ട് വെളുപ്പുമാഞ്ഞ ആ കുറച്ചു കുപ്പായങ്ങൾ തന്നെയാണ് അവൻ വീണ്ടും വീണ്ടും കഴുകിയുണക്കി മാറിമാറി അണിഞ്ഞിരുന്നത്.രണ്ടാഴ്ചകൾക്ക് ശേഷം ലാലേട്ടൻ എത്തുന്ന ആ നിമിഷത്തിലും, കറപുരണ്ട ആ പഴയ വസ്ത്രമണിഞ്ഞു നിൽക്കുന്ന ഷിജിനെ കണ്ട് സഹമത്സരാർത്ഥികളിലൊരാൾ ചോദിച്ചു: "എന്താ ഷിജിനെ, ഇതല്ലാതെ വേറെ നല്ല വസ്ത്രങ്ങളൊന്നുമില്ലേ? ഇന്ന് ലാലേട്ടൻ വരുന്ന ദിവസമല്ലേ, ഇതല്ലേ നീ എപ്പോഴും ഇടാറുള്ളത്?"

മറുപടിയായി ഷിജിൻ നൽകിയ ആ തികച്ചും ശാന്തമായ ചിരിക്ക് പിന്നിൽ ഏവരുടെയും നെഞ്ചുലയ്ക്കുന്നൊരു സത്യമുണ്ടായിരുന്നു: "എന്റെ കയ്യിൽ വേറൊന്നുമില്ല ..."

ആ ഒരൊറ്റ മറുപടിയിൽ ബിഗ് ബോസ് കണ്ട ലക്ഷക്കണക്കിന് മലയാളികളുടെ നെഞ്ചിൽ സങ്കടത്തിന്റെ പെരുമഴ പെയ്തിറങ്ങി. ആഡംബരത്തിന്റെ അനാവശ്യ പ്രദർശനങ്ങൾക്കും അനാവശ്യമായി ഭക്ഷണവും വസ്തുക്കളും ധൂർത്തടിക്കുന്ന പുതിയ കാലത്തിന്റെ മുഖത്തിനുമേറ്റ കനത്ത പ്രഹരമായിരുന്നു ആ വാക്കുകൾ. എളിമയുടെയും നിസ്സഹായതയുടെയും നേർക്കാഴ്ചയായി നിന്ന ഷിജിൻ, വസ്ത്രങ്ങളുടെ മാറ്റ് കൊണ്ടല്ല, മറിച്ച് തന്റെ ഉള്ളിലെ സഹനവും ആത്മാർത്ഥതയും കൊണ്ടാണ് ആ വീട്ടിലെ ഏറ്റവും വലിയ മനസ്സുള്ള മനുഷ്യനായി മാറിയത്.

കൊടുംകാറ്റും തിരമാലകളും ആഞ്ഞടിക്കുന്ന കടലിന്റെ നെഞ്ചിലേക്ക് ജീവിതം പറിച്ചുനട്ട, സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട 'കടൽ കൊമ്പന്റെ ജീവിതം ഒരു വലിയ പോരാട്ടത്തിന്റെ കഥയാണ്. എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിന്റെ മണ്ണിൽ, ഉപ്പുവെള്ളത്തിന്റെ ഗന്ധമുള്ള ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് അഭിമാനിയായ കൊമ്പൻ ജനിച്ചത്.

വിധി കരുതിവെച്ച കഠിനമായ പരീക്ഷണങ്ങളുടെ ദിവസങ്ങളായിരുന്നു അത്. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന അച്ഛന്റെ അസുഖത്തെത്തുടർന്ന്, ബാല്യത്തിന്റെ കുസൃതികൾ മാറും മുൻപേ ആ ചുമലുകളിലേക്ക് ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും വന്നു വീണു. ഉപ്പുവെള്ളത്തിൽ വിയർപ്പൊഴുക്കി, പട്ടിണിയുടെയും പ്രതിസന്ധികളുടെയും നടുക്കടലിൽ അവനൊരു പിടി അന്നത്തിനായി പൊരുതി നോവറിഞ്ഞു.

ആരും കാണാത്ത, ആരും കേൾക്കാത്ത ആ കടൽജീവിതത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിന് മുന്നിൽ തുറന്നുവെച്ചത് കോവിഡ് മഹാമാരിയുടെ കറുത്ത നാളുകളിലാണ്. സ്വന്തം അച്ഛന്റെ സ്നേഹനിർഭരമായ നിർദ്ദേശമാണ് ആ ചെറുപ്പക്കാരന് 'കടൽ കൊമ്പൻ' എന്ന പേരും പുതിയൊരു വഴിയും വെളിച്ചെറിഞ്ഞത്. തളരാത്ത ആത്മാഭിമാനത്തോടെ, തിരമാലകളോട് പടവെട്ടി നേടിയ വിജയത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ആ യാത്രയാണ് ഇന്ന് ലക്ഷക്കണക്കിന് യുവമനസ്സുകളെ കണ്ണീരോടെയും ആദരവോടെയും തൊട്ടറിയുന്നത്.

ബിഗ് ബോസ് ഹൗസിലെ മത്സരച്ചൂടിൽ പരസ്പരം കാലുവാരാൻ മത്സരിക്കുന്നവർക്കിടയിലാണ് കൊമ്പന്റെ ആ വലിയ മനസ്സിലേക്ക് വെളിച്ചം വീശുന്നത്. "നിനക്കാണോ ഷിജിൻ ചേട്ടനാണോ ജയിക്കേണ്ടത്?" എന്ന ചോദ്യത്തിന് കൊമ്പൻ നൽകിയ മറുപടി സ്നേഹത്തിന്റെ അനശ്വരമായ പ്രഖ്യാപനമായിരുന്നു: "ഷിജിൻ ചേട്ടൻ ജയിക്കണം. ഷിജിൻ ചേട്ടൻ കപ്പ് പിടിച്ച് നിൽക്കുന്നത് എനിക്ക് കാണണം."

സ്വന്തം വിജയത്തേക്കാൾ സഹജീവിയുടെ സന്തോഷത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന കൊമ്പന്റെ ആ മനസ്സ്, സ്വാർത്ഥത നിറഞ്ഞ ഇന്നത്തെ മത്സരലോകത്തെ ഏറ്റവും അപൂർവ്വമായ കാഴ്ചയാണ്. അവരുടെ ഇടയിലെ നിഷ്കളങ്കമായ പിണക്കങ്ങളും ഇണക്കങ്ങളും പരിഭവങ്ങളും പ്രേക്ഷകർക്ക് വെറുമൊരു റിയാലിറ്റി ഷോയുടെ വിനോദത്തിനപ്പുറം, ആത്മാർത്ഥതയുടെയും നിഷ്കളങ്ക സ്നേഹത്തിന്റെയോ നേർക്കാഴ്ചകളാണ് സമ്മാനിച്ചത്.

എന്നാൽ, രണ്ടാഴ്ചകൾക്ക് ശേഷം വേദിയിലെത്തിയ ലാലേട്ടൻ കൊമ്പനെക്കൊണ്ട് ആ വാക്കുകൾ നിർബന്ധിച്ച് തിരുത്തിപ്പറയിക്കുന്ന ആ രംഗം തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. താൻ ഇവിടെ വന്നിരിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടിയല്ല, തനിക്ക് ജയിക്കാൻ വേണ്ടി മാത്രമാണെന്ന് ഉറപ്പിച്ചു പറയാൻ ലാലേട്ടൻ ആവശ്യപ്പെട്ടപ്പോഴും, അതൊരു വലിയ ഭാരമായി കൊമ്പന്റെ മനസ്സിൽ തടഞ്ഞുനിന്നു. മടിയോടും വിഷമത്തോടും കൂടി അവൻ ആ വാക്കുകൾ ഉച്ചരിച്ചപ്പോൾ, അത് അവന്റെ ആത്മാർത്ഥതയുടെയും കൂട്ടുകാരോടുള്ള സ്നേഹത്തിന്റെയോ ആഴമാണെന്ന് ലാലേട്ടനും സഹമത്സരാർത്ഥികൾക്കും ലക്ഷക്കണക്കിന് പ്രേക്ഷകർക്കും വ്യക്തമായി അറിയാമായിരുന്നു.

സമൂഹത്തിന് മുന്നിൽ അവൻ തോൽവി സമ്മതിക്കാൻ നിർബന്ധിതനായെങ്കിലും, കള്ളം പറയാൻ കഴിയാത്ത മുഖത്തെ നിസ്സഹായത അവന്റെ നിഷ്കളങ്ക മനസ്സിനെ തുറന്നുകാട്ടുന്നുണ്ടായിരുന്നു.

ബിഗ് ബോസ് ചരിത്രത്തിൽ ഒരിക്കലും മായാത്ത ഒരു നോവായി മാറിയിരിക്കുകയാണ് ഷിജിന്റെ സീക്രട്ട് റൂം അനുഭവം. സീക്രട്ട് റൂമിൽ വിളിച്ച് വരുത്തി അമ്മയോട് എന്ത് പറയണം എന്ന് ബിഗ്ബോസ് ഷിജിനോട് ചോദിച്ചപ്പോൾ ക്യാമറകൾക്ക് മുന്നിൽ തന്റെ മുഖംമൂടികൾ അഴിച്ചുവെച്ച്, വീട്ടിലിരിക്കുന്ന അമ്മയെക്കുറിച്ചോർത്തുള്ള ആ കുഞ്ഞിന്റെ വിതുമ്പൽ ഏത് കഠിനഹൃദയന്റെയും ഉള്ളുലയ്ക്കുന്നതായിരുന്നു.

"അമ്മയെ ഇടയ്ക്ക് ഓർമ വരും... അമ്മയുടെ ശബ്ദം കേൾക്കാൻ തോന്നുന്നു... എന്നോട് ഇവിടെ പലരും പെരുമാറുന്നതിൽ ഞാൻ വിഷമിക്കുമ്പോൾ അത് കണ്ട് അമ്മ വിഷമിക്കരുത് എന്ന് പറയണം..."

മറ്റ് മത്സരാർത്ഥികളെപ്പോലെ തന്ത്രങ്ങളോ കുടിലതയോ അറിയാതെ, മനസ്സാക്ഷിക്ക് മാത്രം വിലനൽകി പൊരുതുന്ന ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് അവിടെ കണ്ടത്. അമ്മ എപ്പോഴും പറയാറുള്ളത് ഷിജിൻ ഓർത്തെടുക്കുന്നു: "ജീവിതത്തിൽ ഒരിക്കലും തോറ്റു പിന്മാറരുത്, കാരണം നീ അത്രയധികം കഷ്ടപ്പെട്ടിട്ടുണ്ട്."

"എനിക്ക് അതിന് പറ്റുന്നില്ല, ഇവിടെ ഉള്ളവർ കളിക്കും പോലെ എനിക്ക് കളിക്കാൻ പറ്റുന്നില്ല അമ്മേ, എന്റെ മനസ്സിൽ ശരിയെന്നു തോന്നുന്നതേ ഞാൻ ചെയ്യൂ" എന്ന് പറയുമ്പോൾ, അത് കേട്ടിരുന്ന ഓരോ പ്രേക്ഷകന്റെയും കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ടാകും. നൂറാം ദിവസം തലയുയർത്തിത്തന്നെ തന്റെ അമ്മയുടെ അരികിലേക്ക് തിരികെ പോകുമെന്ന ആ ആത്മവിശ്വാസം മലയാളിയുടെ നെഞ്ചിലാണ് കൊത്തിവെക്കപ്പെട്ടത്.

കളികളും ചതിക്കുഴികളും നിറഞ്ഞ ബിഗ് ബോസ് വേദിയെ സ്വന്തം വിയർപ്പും കണ്ണീരുംകൊണ്ട് സ്നേഹത്തിന്റെ പൂന്തോട്ടമാക്കുകയാണ് ഷിജിനും കൊമ്പനും. കള്ളം പറയാതെയും ആരെയും വഞ്ചിക്കാതെയും ജീവിക്കാൻ കഴിയുമെന്ന് ഇവർ തെളിയിക്കുന്നു. സമൂഹത്തിന് ഒട്ടേറെ കാര്യങ്ങൾ മാതൃകയാക്കാനുണ്ട് ഈ മനുഷ്യരിൽ നിന്ന്.

വ്യാജതന്ത്രങ്ങൾ മെനഞ്ഞും മറ്റുള്ളവരുടെ കണ്ണീരിൽ ചവിട്ടിക്കയറിയും ആര് ട്രോഫി ഉയർത്തിയാലും, ജനഹൃദയങ്ങൾ കീഴടക്കുക എന്ന യഥാർത്ഥ വിജയം സ്വന്തമാക്കിയത് ഈ രണ്ട് പാവം മനുഷ്യരാണ്. കാരണം, കൃത്രിമത്വം നിറഞ്ഞ മിഥ്യാസൗന്ദര്യങ്ങളെയല്ല, സ്വന്തം വിയർപ്പിന്റെയും നിഷ്കളങ്കതയുടെയും സുഗന്ധം പേറുന്ന പച്ചയായ മനുഷ്യരെയാണ് ജനം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്നത്. 
ചതിയുടെയും കാപട്യത്തിന്റെയും ഗോദയിൽ പലപ്പോഴും തോറ്റുകൊടുക്കാൻ വിധിക്കപ്പെട്ടവരായിട്ടാകാം ഇവർ കാണപ്പെടുന്നത്. എങ്കിലും, ചരിത്രം എന്നും ഹൃദയത്തോട് ചേർത്തുവെച്ചിട്ടുള്ളത് നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ സഞ്ചരിച്ച മനുഷ്യരെയാണ്. കപ്പുകളും ട്രോഫികളും ഒരുപക്ഷേ ഒരു മുറിയിലെ അലമാരയിൽ കാലക്രമേണ പൊടിപിടിച്ചു കിടന്നേക്കാം. പക്ഷേ, ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഈ രണ്ടുപേർ കൊത്തിവെച്ച സ്നേഹത്തിന്റെ ചിത്രം കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകില്ല.

നാളെ ഈ ഷോ അവസാനിച്ചാലും, കുതന്ത്രങ്ങളുടെ പേരിലല്ല, മറിച്ച് ഷിജിന്റെയും കൊമ്പന്റെയും നിസ്വാർത്ഥമായ സ്നേഹത്തിന്റെ പേരിലായിരിക്കും ഈ സീസൺ ചരിത്രത്തിൽ അടയാളപ്പെടുത്തുക. ജനങ്ങളുടെ സ്നേഹത്തേക്കാൾ വലിയൊരു ട്രോഫി ഈ ലോകത്ത് വേറെയില്ല; ആ സിംഹാസനത്തിൽ ഈ രണ്ട് പാവം മനുഷ്യർ എന്നെന്നേക്കുമായി വാഴുകതന്നെ ചെയ്യും.

ജീവിതത്തിന്റെ കൊടുംപരീക്ഷണങ്ങളെയും പട്ടിണിയുടെ കനൽവഴികളെയും നെഞ്ചിലേറ്റിയെങ്കിലും പതറാതെ മുന്നേറുന്ന രണ്ട് മനുഷ്യർ - ഒരാൾ ഉപ്പുവെള്ളത്തിന്റെ ഇരമ്പുന്ന തിരമാലകളോട് പൊരുതി തന്റെ കുടുംബത്തിന് അന്നം തേടുന്ന 'കടൽ കൊമ്പൻ', മറ്റൊരാൾ ദാരിദ്ര്യം തളർത്തിയിട്ടും താളത്തിന്റെയും നൃത്തത്തിന്റെയും പുതിയ ലോകം തീർക്കുകയും, എളിമയുടെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായി മലയാളികളുടെ മനസ്സിൽ ഇടംനേടുകയും ചെയ്ത ഷിജിൻ.

കഷ്ടപ്പാടുകളുടെ ഇരുണ്ട ദിനരാത്രങ്ങളെ അതിജീവനത്തിന്റെ വെളിച്ചമാക്കി മാറ്റിയ ഇരുവരുടെയും ജീവിതം, തോറ്റുപോകാത്ത മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഏറ്റവും സുന്ദരവും കരളലിയിക്കുന്നതുമായ സാക്ഷ്യമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img