08:49am 13 November 2026
NEWS
കൊല്ലത്ത് ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ ചികിത്സയിൽ
11/06/2026  11:39 AM IST
nila
കൊല്ലത്ത് ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് വിദ്യാർത്ഥികൾ ചികിത്സയിൽ

കൊല്ലം: കൊല്ലം ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇവർ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. വയനാട്ടിലെ കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്.

മലിനമായ വെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല രോഗത്തിന് കാരണമാകുന്നത്. കഠിനമായ വയറിളക്കം, വയറുവേദന, ഛർദി, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി രൂക്ഷമാകുന്നതോടെ രോഗത്തിന്റെ തീവ്രതയും വർധിക്കാനിടയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനം തടയാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം മൂടിവയ്ക്കുക, കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക തുടങ്ങിയ മുൻകരുതലുകളും നിർണായകമാണ്.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ

  • പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • ഭക്ഷണം പലതവണ ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക.
  • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തുക.
  • രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.
  • രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ധാരാളമായി കഴിക്കുക.
  • കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക.
  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക.

ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img