
ദോഹ:ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ചുവരുകളും പ്രദർശനവേദികളും കഴിഞ്ഞ ഇരുപത്തിനാലു വർഷമായി നിറങ്ങളാൽ കഥപറഞ്ഞ ഒരാൾ…
അവിടെ വരച്ച ഓരോ രേഖയിലും നിശ്ശബ്ദമായി ജീവൻ പകർന്ന കലാകാരൻ
തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ
ആർട്ടിസ്റ്റ് സൂപ്പർവൈസർ ഷിബു ഖത്തർ പ്രവാസ ജീവിതത്തോട് വിടപറയുന്നു.ലുലുവിലെ മുൻ ചീഫ് ആർട്ടിസ്റ്റ് റഫീഖ് പൊക്കാക്കി ഖത്തറിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതോടെയാണ്ഷിബുവിന്റെ കലാപ്രവാസത്തിന്റെ തുടക്കം. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ലുലുവിന്റെ ആർട്ട് വിഭാഗത്തിൽ അനിവാര്യമായ സാന്നിധ്യമായി മാറിയ
ഷിബു
ലുലു ഡി-റിംഗ് റോഡ്, അബു സിദ്ര മാൾ എന്നിവിടങ്ങളിൽ അദ്ദേഹം തീർത്ത നൂറുകണക്കിന് പ്രമോഷൻ ഡിസ്പ്ലേകളും, വിവിധ രാജ്യങ്ങളുടെ പ്രമോഷൻ ഫെസ്റ്റിവലുകളിലായി രൂപം കൊണ്ട വൻ കലാസൃഷ്ടികളും ലുലുവിന്റെ വേദികളെ വിസ്മയങ്ങളാക്കി മാറ്റി.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ മർക്കസ് നോളജ് സിറ്റിയിലെ ‘മസ്ജിദ് ഫുത്തൂഹിന്റെ’ മനോഹരമായ വൻ മാതൃക ലുലു ഡി-റിംഗ് റോഡിൽ ഉയർന്നപ്പോൾ, അത് കലയുടെ അതിരുകൾ കടന്ന വാർത്തയായി. കാന്തപുരത്തിന്റെ മകൻ ഹകീം അസ്‌ഹരി ദോഹയിലെത്തി ഷിബുവിനെ നേരിട്ട് വിളിപ്പിച്ച് അഭിനന്ദിച്ച നിമിഷം, ചാനലുകളും പത്രങ്ങളും ആഘോഷിച്ച ഒരു കലാസത്യമായി മാറി.
ദോഹയിലെത്തിയ നിരവധി ബോളിവുഡ്, മോളിവുഡ് താരങ്ങൾക്കും, ഗായകർക്കും, കായികതാരങ്ങൾക്കും അവരുടെ മുഖചിത്രങ്ങൾ വരച്ച് നൽകിക്കൊണ്ട് ഷിബു സ്നേഹത്തിന്റെ രേഖകൾ കൂടി ചേർത്തു. ലുലു ഗ്രൂപ്പിൽ ജോലി നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം. എ. യൂസുഫലിയോടുള്ള നന്ദി വാക്കുകൾക്കതീതമാണെന്ന് ഷിബു പറഞ്ഞു.
ഏതാനും വർഷങ്ങളായി കുടുംബവും ഖത്തറിൽ കൂടെയുണ്ടായിരുന്നു. ഒപ്താൽമോളജിസ്റ്റായ ഭാര്യ കൃഷ്ണപ്രിയ, മകൾ ചിത്രഞ്ജലി, മകൻ ദയാൽ — എല്ലാവരും ഈ പ്രവാസ ജീവിതത്തിന്റെ സാക്ഷികൾ.
ഇനി, നിറങ്ങൾ വീണ്ടും നാട്ടുവഴികളിലൂടെ ഒഴുകും.
തളിക്കുളത്തെ സ്വന്തം സ്ഥാപനമായ “ഷിബു ആർട്സ്” കേന്ദ്രീകരിച്ചായിരിക്കും ജീവിതത്തിന്റെ അടുത്ത അധ്യായം.
ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഷിബുവിന് ലുലു ഗ്രൂപ്പിലെ സഹപ്രവർത്തകർ ഹൃദയംഗമമായ സ്നേഹാശംസകൾ നേർന്നു.











