08:13am 13 November 2026
NEWS
സുവർണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ ചെമ്പ് ക്ഷേത്രമായേനെയെന്ന് ഷിബു ബേബിജോൺ
08/10/2025  01:23 PM IST
nila
സുവർണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ ചെമ്പ് ക്ഷേത്രമായേനെയെന്ന് ഷിബു ബേബിജോൺ

സുവർണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കിൽ ചെമ്പ് ക്ഷേത്രമായേനെയെന്ന പരിഹാസവുമായി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.  ശബരിമല സ്വർണപാളി വിവാദത്തിലാണ് ആർ എസ് പി സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം.  ഭരണസംവിധാനം കളവുകൾ പടച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം പദ്മകുമാറിന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും ഷിബു ബേബിജോൺ കുറ്റപ്പെടുത്തി. 

'പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനൽകി. അഴിമതിക്ക് പിന്നിൽ പദ്മകുമാർ മാത്രമായിരുന്നെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിയും സിപിഎമ്മും തമ്മിൽ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാൻ നോക്കിയപ്പോൾ അയ്യപ്പൻ എട്ടിന്റെ പണി കൊടുത്തു', ഷിബു ബേബി ജോൺ പറഞ്ഞു.

അതേസമയം വിവാദത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രതികരിച്ചു. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. കുറ്റവാളികളെ ഒരുകാലത്തും സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങൾക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വിഷയത്തിൽ ഗൗരവമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയിൽ ദേവസ്വം ബോർഡും വകുപ്പും സ്വീകരിച്ച നിലപാട്. ഒരുകുറ്റവാളികളെയും സംരക്ഷിക്കാൻ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല. അന്വേഷണം സിബിഐ നടത്തണമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന്റെ പിന്നിലും രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയിൽ ഇങ്ങനെയൊക്കെ കാണിക്കുന്നത്', മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img