
കോഴിക്കോട്: കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകൾ ഷിബില(24)യെ ഭർത്താവ് പുതുപ്പാടി തറോൽമറ്റത്തുവീട്ടിൽ യാസർ(26) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യാസിർ ഷിബിലയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രൂരമായ മർദ്ദനത്തിന് പുറമേ യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്.
മുൻപ് ഷിബില നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. യാസിറിന്റെ കൂടെ പോകാനാകില്ലെന്നാണ് അന്ന് ഷിബില പറഞ്ഞത്. സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവർത്തകയോട് ലൈംഗിക വൈകൃതത്തിന് ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. താങ്ങാനാകുന്നതിനും അപ്പുറമാണ് അനുഭവിച്ചതെന്നും ഷിബില പറഞ്ഞിരുന്നു.
സ്ഥിരം മദ്യപാനിയായിരുന്നു യാസിർ. ഷിബിലയെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ക്രൂര പീഡനങ്ങളേൽക്കുന്നതിന് പുറമെ പുറത്ത് പറയാൻ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് ബന്ധുക്കളിൽ ചിലരോട് ഷിബില പറഞ്ഞിരുന്നു. അർദ്ധരാത്രി പലപ്പോഴും യാസിർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമായിരുന്നെന്നും ഇതേ കുറിച്ച് ചോദിച്ചാൽ മറുപടി നൽകുമായിരുന്നില്ലെന്നുമാണ് ഷിബില ബന്ധുക്കളോട് പറഞ്ഞിരുന്നത്.











