
ദോഹ: 2025-2026 അധ്യയന വർഷത്തിലെ ഹൈസ്കൂൾ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥിനികളെ അമീറിന്റെ പത്നി ശൈഖ ജവാഹിർ ബിൻത് ഹമദ് ബിൻ സുഹൈം അൽഥാനി ആദരിച്ചു. വ്യാഴാഴ്ച ലുസൈൽ കൊട്ടാരത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു സ്വീകരണം.
വിദ്യാർഥിനികളുടെ മികച്ച നേട്ടത്തെ അഭിനന്ദിച്ച ശൈഖ ജവാഹിർ, അവരുടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയെയും പ്രശംസിച്ചു. ഈ വിജയം ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്നും, തുടർന്നും സത്യസന്ധതയോടും സമർപ്പണത്തോടും കൂടി പ്രവർത്തിച്ച് രാജ്യത്തിന് സംഭാവനകൾ നൽകണമെന്നും അവർ ആഹ്വാനം ചെയ്തു. മാനവ വിഭവശേഷി വികസനത്തെക്കുറിച്ച് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വാക്കുകൾ അനുസ്മരിച്ച അവർ, വിദ്യാർഥികൾ ആ പാത പിന്തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രി ലുൽവ അൽ ഖാതർ പങ്കെടുത്തു. ശൈഖ ജവാഹിറിന്റെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും വിദ്യാർഥിനികൾ നന്ദി അറിയിച്ചു.










