
ദോഹ:ലോകപ്രശസ്തമായ ഖത്തർ ദേശീയ മ്യൂസിയത്തിന്റെ (NMoQ) സവിശേഷമായ രൂപകൽപ്പനയ്ക്ക് പിന്നിലെ പ്രചോദനം വെളിപ്പെടുത്തി ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് അൽതാനി. പ്രശസ്ത ഫ്രഞ്ച് ആർക്കിടെക്റ്റ് ഷാങ് നൂവലിന്റെ (Jean Nouvel) 81-ാം ജന്മദിനത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിലാണ് അവർ ഈ ഓർമ്മകൾ പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പ് ഹെലികോപ്റ്റർ യാത്രയ്ക്കിടെ, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനിയാണ് ഖത്തറിലെ മണ്ണിൽ പ്രകൃതിദത്തമായി രൂപപ്പെടുന്ന 'മരുഭൂമിയിലെ മണൽറോസ'കളെക്കുറിച്ച് (Desert Rose) ആർക്കിടെക്റ്റ് ഷാങ് നൂവലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ മനോഹര രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം മ്യൂസിയത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്.മരുഭൂമിയിലെ മണൽറോസയുടെ ഇതളുകൾ പോലെ വലിയ കട്ടിംഗ് ഡിസ്കുകൾ പരസ്പരം കോർത്തുവെച്ച രൂപത്തിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.പുനരുദ്ധരിച്ച പഴയ രാജകൊട്ടാരത്തെ ചുറ്റപ്പറ്റിയാണ് പുതിയ മ്യൂസിയം നിലകൊള്ളുന്നത്. 1975-ൽ സ്ഥാപിതമായ ഈ മ്യൂസിയത്തിന് 2025-ൽ 50 വർഷം തികഞ്ഞു. നിലവിൽ ഇത് യുനെസ്കോയുടെ താൽക്കാലിക ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.2019 മാർച്ച് മാസത്തിലാണ് നവീകരിച്ച പുതിയ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
സ്വന്തം മണ്ണിൽ നിന്നുയർന്ന ഒരു ആശയം ലോകം ശ്രദ്ധിക്കുന്ന പ്രൗഢമായ ഒരു പൈതൃക കേന്ദ്രമായി മാറിയതിലെ സന്തോഷവും ഷെയ്ഖ അൽ മയാസ പങ്കുവെച്ചു. ഫ്രാൻസിലെ പ്രിറ്റ്സ്കർ പുരസ്കാര ജേതാവായ ഷാങ് നൂവൽ തന്നെയാണ് ദോഹ ടവർ, ലൂവ്ര് അബുദാബി എന്നിവയും രൂപകൽപ്പന ചെയ്തത്.










