
ദോഹ: വികസന മേഖലകളിൽ കൃത്രിമബുദ്ധിയുടെ (AI) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (QFFD) ബോർഡ് ഓഫ് ഡയറക്ടർമാരുടെ ചെയർമാൻ ശൈഖ് ഥാനി ബിൻ ഹമദ് അൽതാനി, മൈക്രോസോഫ്റ്റ് എലവേറ്റ് പ്രസിഡന്റ് ജസ്റ്റിൻ സ്പീൽഹാഗുമായി ചർച്ച നടത്തി.
ലോകത്ത് അതിവേഗം നടക്കുന്ന സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, വികസന കുതിപ്പിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അടിവരയിട്ടു. വളർന്നുവരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ സജീവമായി പങ്കാളികളാകാൻ വ്യക്തികളെ പ്രാപ്തരാക്കുന്നതിനായി ആവശ്യമായ നൈപുണ്യങ്ങളും ഉപകരണങ്ങളും അറിവും നൽകേണ്ടതുണ്ടെന്ന് ശൈഖ് ഥാനി ബിൻ ഹമദ് ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ച് പ്രതിസന്ധി നേരിടുന്ന അന്തരീക്ഷങ്ങളിലും സമൂഹങ്ങളിലും ശാക്തീകരണവും സുസ്ഥിര വികസനവും ഉറപ്പാക്കാൻ നവീകരണ സാധ്യതകൾ ഉപയോഗിക്കുന്നത് സുപ്രധാന അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി.











