
ദോഹ: റമദാൻ മാസം അവസാനത്തോടടുക്കുമ്പോൾ ഖത്തറിലെ പ്രവാസികൾക്കിടയിലുള്ള പ്രധാന സംശയത്തിന് മറുപടിയുമായി പ്രമുഖ പണ്ഡിതൻ ശൈഖ് ഡോ. മുവാഫി അസാബ്. തങ്ങൾ താമസിക്കുന്ന രാജ്യത്താണോ അതോ സ്വന്തം നാട്ടിലാണോ ഫിത്വർ സകാത്ത് നൽകേണ്ടതെന്ന ചോദ്യത്തിന്, അർഹരായവർ എവിടെയാണോ അവിടെ നൽകുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി.
അൽ ഷർഖ് വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. സകാത്ത് നൽകുന്നതിന് ഇസ്‌ലാം മതം പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാൾ താമസിക്കുന്ന സ്ഥലത്തെക്കാൾ കൂടുതൽ സഹായം അർഹിക്കുന്നവർ അയാളുടെ നാട്ടിലുണ്ടെങ്കിൽ അങ്ങോട്ട് സകാത്ത് അയക്കാവുന്നതാണ്. കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ അർഹരായവർ ഉണ്ടെങ്കിൽ അവർക്കാണ് മുൻഗണന നൽകേണ്ടത്.
സ്വന്തം സഹോദരനോ, സഹോദരിയോ, അമ്മാവനോ അല്ലെങ്കിൽ മറ്റ് അടുത്ത ബന്ധുക്കളോ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കിൽ ഖത്തറിൽ നിന്ന് ലോകത്തിന്റെ ഏത് ഭാഗത്തേക്കും സകാത്ത് കൈമാറാൻ അനുവാദമുണ്ട്.ഖത്തറിലുള്ളവർക്ക് അവരുടെ നാട്ടിലോ അല്ലെങ്കിൽ മറ്റ് ദരിദ്ര മുസ്ലിം രാജ്യങ്ങളിലോ സകാത്ത് നൽകാം. മുസ്ലിം ഉമ്മത്ത് ഒരു ശരീരമാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ് ഇത് നൽകേണ്ടത്.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തും വിവിധ മേഖലകളിൽ നിന്ന് ആവശ്യത്തിലധികം വരുന്ന സകാത്ത് മദീനയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ മാറ്റി നൽകാൻ അനുമതി നൽകിയിരുന്നതായി ശൈഖ് ചൂണ്ടിക്കാട്ടി.സ്വന്തം വിവേചനബുദ്ധി ഉപയോഗിച്ച് ഏറ്റവും അർഹരായ വ്യക്തിയെ കണ്ടെത്തണമെന്നും എന്നാൽ നൽകുന്ന വ്യക്തി സകാത്തിന് അർഹനാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.











