11:32am 15 August 2026
NEWS
ഫാദർ അമീറിന് കണ്ണീരോടെ വിടചൊല്ലി ശൈഖ് മോസ; ആധുനിക ഖത്തറിന്റെ സ്രഷ്ടാവിനെയാണ് രാജ്യത്തിന് നഷ്ടമായത്
16/07/2026  01:06 PM IST
nila
ഫാദർ അമീറിന് കണ്ണീരോടെ വിടചൊല്ലി ശൈഖ് മോസ; ആധുനിക ഖത്തറിന്റെ സ്രഷ്ടാവിനെയാണ് രാജ്യത്തിന് നഷ്ടമായത്

​ദോഹ: ആധുനിക ഖത്തറിന്റെ നവോത്ഥാന നായകനും ജനപ്രിയ ഭരണാധികാരിയുമായിരുന്ന അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിൽ അതിയായ ദുഃഖവും പ്രണാമവും രേഖപ്പെടുത്തി പത്നി ശൈഖ് മോസ ബിൻത് നാസർ. തീരാനഷ്ടത്തിന്റെ ആഴം വ്യക്തമാക്കുന്ന വികാരനിർഭരമായ കുറിപ്പ് അവർ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.
​വിശുദ്ധ ഖുർആനിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ശൈഖ് മോസ തന്റെ അനുശോചന സന്ദേശം ആരംഭിച്ചത്:
​"അല്ലയോ സമാധാനമടഞ്ഞ ആത്മാവേ, നിന്റെ രക്ഷിതാവിങ്കലേക്ക് തൃപ്തിപ്പെട്ടുകൊണ്ടും തൃപ്തി ലഭിച്ചുകൊണ്ടും നീ മടങ്ങുക. എന്റെ സജ്ജനങ്ങളായ ദാസന്മാരുടെ കൂട്ടത്തിൽ പ്രവേശിക്കുക, എന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക." (അൽ-ഫജ്ർ: 27-30)
​ദൈവഹിതത്തിന് പൂർണ്ണമായി കീഴടങ്ങിക്കൊണ്ട്, ഈ വലിയ ദുരന്തത്തിന്റെ നിമിഷത്തിലും വിശ്വാസത്തിലാണ് താൻ കരുത്ത് കണ്ടെത്തുന്നതെന്ന് ശൈഖ് മോസ കുറിച്ചു.
​"ഖത്തറിന്റെ ചരിത്രപുരുഷനായ ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗം സൃഷ്ടിച്ച ഏറ്റവും വലിയ സങ്കടത്തിൽ നിന്നും ആഴമേറിയ ദുഃഖത്തിൽ നിന്നും ഞാൻ ആത്മബലം വീണ്ടെടുക്കുകയാണ്. സർവ്വശക്തനായ അല്ലാഹു അദ്ദേഹത്തിന് കാരുണ്യവും നിത്യമായ പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെയെന്ന് 
ശൈഖ് മോസ ബിൻത് നാസർഎക്‌സിൽ കുറിച്ചു.
​ഖത്തർ എന്ന രാജ്യത്തിന്റെ ഇന്നത്തെ പ്രൗഢിക്ക് പിന്നിലെ ചാലകശക്തി ഫാദർ അമീറായിരുന്നുവെന്ന് അവർ ഓർമ്മിപ്പിച്ചു.
​"ആധുനിക ഖത്തർ എന്ന രാജ്യത്തിന്റെ യഥാർത്ഥ നായകനും അതിന്റെ എല്ലാ ഐശ്വര്യങ്ങളുടെയും സ്രഷ്ടാവുമായിരുന്നു അദ്ദേഹം. ഈ രാജ്യത്തിന് വേണ്ടി തന്റെ ആയുസ്സ് മുഴുവൻ സമർപ്പിച്ച ശേഷമാണ് ദൈവഹിതത്തിന് വഴങ്ങി അദ്ദേഹം തന്റെ നിത്യമായ പരലോക ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നത്."
​തന്റെ പ്രിയപ്പെട്ടവന് വേണ്ടി പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ട്, അല്ലാഹു അദ്ദേഹത്തെ വിശാലമായ സ്വർഗ്ഗത്തോപ്പുകളിൽ പ്രവേശിപ്പിക്കട്ടെ എന്ന് ശൈഖ് മോസ പ്രാർത്ഥിച്ചു. "തീർച്ചയായും നമ്മൾ അല്ലാഹുവിനുള്ളതാണ്, അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്" എന്ന ഖുർആനിക വാക്യത്തോടെയാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
​രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സമഗ്ര വികസനത്തിന് അടിത്തറയിട്ട പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തിൽ ഖത്തർ പൂർണ്ണമായും ദുഃഖത്തിൽ മുഴുകിയിരിക്കെ, ശൈഖ് മോസയുടെ ഈ ഹൃദയസ്പർശിയായ സന്ദേശം സ്വദേശികളും വിദേശികളുമടങ്ങുന്ന ജനസമൂഹത്തിനിടയിൽ വലിയ വികാരമാണ് ഉണർത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img