
കോഴിക്കോട് : പ്രമുഖ അറബ് ചിന്തകനും പണ്ഡിതനും സഊദി ഭരണകൂടത്തിന്റെ മതകാര്യ ഉപദേഷ്ടാവുമായിരുന്ന ശൈഖ് ഇബ്നു ബാസിന്റെ പേരിൽ അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷൻ നല്കിവരുന്ന ശൈഖ് ഇബ്നുബാസ് ലൈഫ് ടേം അച്ചീവ്മെന്റ് അവാർഡ് ഗ്രന്ഥകാരനും മദീന യൂണിവേഴ്സിറ്റി റിസർച്ച് സ്കോളറുമായ പി.മുഹിയിദ്ദീൻ മദനിക്ക് .
ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ ബന്ധം സുദൃഢമാക്കുന്നതിന് ചെയ്തുവന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയിദ്ദീൻ മദനിയെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് മാർച്ച് 31 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയും കണ്ണൂർ എയർപോർട്ട് ഡയറക്ടറുമായ അബ്ദുൽ ഖാദർ തെരുവത്ത് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ ചരിത്രത്തെയും സാഹിത്യത്തെയും സംബന്ധിച്ച് ഏറെ ഗവേഷണം നടത്തിയ പണ്ഡിതൻ കൂടിയാണ് ശൈഖ് ഇബ്നു ബാസ് . പത്രസമ്മേളനത്തിൽ അറബിക് ലിറ്ററേച്ചർ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ സയ്യിദ് ഹാഷിം ശിഹാബ് തങ്ങൾ, ജൂറി കമ്മിറ്റി അംഗങ്ങളായ ആറ്റക്കോയ പള്ളിക്കണ്ടി,
ഡോ. യൂനുസ് സലീം, കെ.ജി ജലീൽ , പി.പി മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.











