
ന്യൂഡൽഹി: ബിജെപിയിൽനിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളുണ്ടെന്ന് മുൻ ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല. രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ബിജെപി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വാടക ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾ നേരിടേണ്ടതുണ്ടെന്നും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്ന കാരണത്താൽ വീട്ടുടമ വാടക ഒഴിവാക്കില്ലെന്നും പൂനാവാല പറഞ്ഞു. ‘‘എല്ലാ മാസവും ഒന്നാം തീയതി വീട്ടുടമ വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്ക് പണം നൽകുന്നില്ല’’– അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളോടുമുള്ള തന്റെ പ്രതിബദ്ധതയിൽ മാറ്റമില്ലെന്നും പൂനാവാല വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ജോലി എന്ന നിലയിലല്ലെന്നും ആശയത്തോടോ വ്യക്തിയോടോ സംഘടനയോടോ ഉള്ള വിശ്വാസവും സ്നേഹവുമാണ് അതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
തന്നെയോ മറ്റേതെങ്കിലും പ്രവർത്തകനെയോ സാമ്പത്തികമായി പിന്തുണയ്ക്കേണ്ട ബാധ്യത ബിജെപിക്കില്ലെന്നും പൂനാവാല കൂട്ടിച്ചേർത്തു. 2024 മുതൽ തന്നെ രാജിയെക്കുറിച്ച് ആലോചിച്ചിരുന്നതായും ഏതാനും ആഴ്ചകൾക്ക് മുൻപ് രാജി സംബന്ധിച്ച് പരസ്യമായി പ്രതികരിച്ചപ്പോൾ പാർട്ടി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
2021ലാണ് കോൺഗ്രസിൽനിന്ന് രാജിവച്ച ഷെഹ്സാദ് പൂനാവാല ബിജെപിയിൽ ചേർന്നത്. പിന്നീട് പാർട്ടിയുടെ ദേശീയ വക്താവായി പ്രവർത്തിച്ച അദ്ദേഹം വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ ബിജെപിയുടെ നിലപാട് ദേശീയതലത്തിൽ അവതരിപ്പിച്ചിരുന്നു.










