
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവായ ഷെഹ്സാദ് പൂനാവാല പാർട്ടി വിട്ടതായി റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനമെടുത്തതെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജിയെക്കുറിച്ച് ബിജെപിയോ ഷെഹ്സാദ് പൂനാവാലയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, തന്റെ എക്സ് അക്കൗണ്ടിലെ ബയോയിൽ നിന്ന് 'ബിജെപി ദേശീയ വക്താവ്' എന്ന വിശേഷണം ഷെഹ്സാദ് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി' എന്ന പരാമർശം ബയോയിൽ തുടർന്നും നിലനിർത്തിയിട്ടുണ്ട്. സമീപകാലത്ത് നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ട സമയമായെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതും ഇപ്പോഴത്തെ റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
അഭിഭാഷകനായ ഷെഹ്സാദ് പൂനാവാല കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. 2017-ൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം ബിജെപിയിൽ ചേർന്ന് ദേശീയ വക്താവെന്ന നിലയിൽ പാർട്ടിയുടെ പ്രമുഖ ടെലിവിഷൻ മുഖങ്ങളിലൊരാളായി മാറി.
രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനാവാലയുടെ സഹോദരനുമാണ് ഷെഹ്സാദ് പൂനാവാല. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതുവരെ രാജി സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണുള്ളത്.











