03:40pm 31 January 2026
NEWS
ആടും പശുവും ഒന്നുമല്ല, ഇനി മനുഷ്യർ ഇണക്കി വളർത്തുന്ന മൃ​ഗം ഇതാണ്...
22/06/2025  09:48 AM IST
nila
ആടും പശുവും ഒന്നുമല്ല, ഇനി മനുഷ്യർ ഇണക്കി വളർത്തുന്ന മൃ​ഗം ഇതാണ്...

നാം മനുഷ്യർ മൃ​ഗങ്ങളെ ഇണക്കി വളർത്തുന്നത് പ്രധാനമായും പാലിനും ഇറച്ചിക്കും വേണ്ടിയാണ്. പശുവും ആടും എരുമയുമൊക്കെയാണ് നമുക്ക് ആവശ്യമായ പാൽ തരുന്ന വളർത്തുമൃ​ഗങ്ങൾ. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് ഒരു പുതിയ മൃ​ഗം കൂടി എത്തുകയാണ്. വന്യജീവിയാണ് കക്ഷി. പക്ഷേ മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങും എന്നതാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ മനുഷ്യർ ഇവയെ ഇണക്കിവളർത്തി തുടങ്ങിയിട്ടുണ്ട്. ഇവയുടെ പാലും മാംസവും ഭക്ഷ്യയോ​ഗ്യമാണ് കേട്ടോ. ആരാണ് കക്ഷി എന്നല്ലേ? ദാ ഇതാണ് ആ പുതിയ അവതാരം. പേര് ഈലൻഡ്.

ഒറ്റനോട്ടത്തിൽ മാനുകളെ പോലെ തോന്നുന്നില്ലേ? എന്നാൽ, മാനുകളുടെ കുടുംബത്തിൽ പെടുന്നവയല്ല ഇവ. കാലിവർ​ഗമായ ബോവിഡെ കുടുംബാം​ഗമാണ് ഈ വിരുതൻ. ടോറോട്രേഗസ് ഓറിക്‌സ് എന്ന ശാസ്ത്രീയ നാമത്തോട് കൂടിയ ഈ മൃ​ഗങ്ങളെ കൊമ്പു പൊഴിയാ മാനുകൾ എന്നാണ് പൊതുവെ വിളിക്കുന്നത്. അതിന് കാരണം രണ്ടാണ്. ഒന്ന് ഇവയുടെ മാനിനോടുള്ള സാദൃശ്യം. മറ്റൊന്ന് ഇവ സാധാരണ മാനുകളെ പോലെ വർഷത്തിൽ കൊമ്പ് പൊഴിക്കാറില്ല എന്നതും. 

സാധാരണ മാനുകളുടെ പോലെ ശാഖകളായി പിരിയുന്ന കൊമ്പുകളല്ല ഇവയുടേത് എന്നതും ശ്രദ്ധിക്കണം. അതിനാൽ ഇവയെ ആൻഡലോപ്പുകൾ എന്നാണ് സാധാരണയായി വിളിക്കാറുള്ളത്. ഭാരതത്തിലെ കാണപ്പെടുന്ന നീൽഗായ് ഉൾപ്പെടുന്ന ആൻഡലോപ്പുകളിലെ ഭീമന്മാരാണിവർ.

കാഴ്ചയിൽ ഈലൻഡിന് ഒരു വലിയ ഇന്ത്യൻ പശുവിനോടാണ് കൂടുതൽ സാദൃശ്യം. ഇന്ത്യൻ കന്നുകാലികളെപ്പോലെ മുതുകിൽ പ്രകടമായ വിധത്തിൽ പൂഞ്ഞയും കഴുത്തിന്റെ മധ്യഭാഗത്തുനിന്നു നെഞ്ചിനടിയിലേക്കു തൂങ്ങി നിൽക്കുന്ന രീതിയിലുള്ള താടയും ഇവയുടെ പ്രത്യേകതകളാണ്. ഇവയിലെ ആൺമൃഗങ്ങൾക്ക് ഏകദേശം 1.6 മീറ്റർ ഉയരവും 600 കിലോ ഭാരവും വയ്ക്കാറുണ്ട്. പെൺമൃഗങ്ങൾക്കാവട്ടെ ഏകദേശം 1.4 മീറ്റർ ഉയരവും 350–450 കിലോ ശരീര തൂക്കവും വയ്ക്കുന്നു. ആഫ്രിക്കൻ പുൽമേടുകളിലെ പരുക്കൻ പുല്ലുകളും കുറ്റിച്ചെടികളും ഇവ ധാരാളമായി അകത്താക്കും. പൊതുവേ അധികമായി വെള്ളം കുടിക്കാറില്ല. അതുകൊണ്ടുതന്നെ വരണ്ട സ്ഥലത്ത് അതിജീവിക്കുവാനുള്ള ശേഷിയുണ്ട്. വേനൽക്കാലത്ത് പ്രകൃതിയിൽ ലഭ്യമായ പച്ചപ്പുല്ലിന്റെ അളവ് കുറയുമ്പോൾ ഇവർ കുറ്റിച്ചെടികളുടെയും ചെറു മരങ്ങളുടെയും ഇലകളും തൊലികളും വരെ ധാരാളമായി കഴിക്കും.

ജനിതകപരമായി ഏറെ പ്രത്യേകതകളുള്ള ഒരു ജീവിവർഗ്ഗമാണ് ഈലാൻഡുകൾ. സാധാരണ എല്ലാ മൃഗങ്ങളിലും ആണിനും പെണ്ണിനും ഒരേ ക്രോമസോം സംഖ്യ ആയിരിക്കും. എന്നാൽ ആണിന് 31, പെണ്ണിന് 32 എന്നിങ്ങനെ ആണ് ഈലന്റുകളിലെ ക്രോമസോം സംഖ്യ. ഇതൊന്നുമല്ല ഈലൻഡുകളെ മറ്റു ആൻഡലോപ്പുകളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ഇവ മനുഷ്യരുമായി നന്നായി ഇണങ്ങുന്നവയാണ് എന്നതു തന്നെയാണ് ആ പ്രത്യേകത.

തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും റഷ്യയിലും ഇവയെ മനുഷ്യർ ഇണക്കി വളർത്തുന്നുണ്ട്. പാലിനും മാംസത്തിനുമായാണ് വളർത്തുന്നത്. കന്നുകാലികളെ പോലെ ഇണക്കമുള്ള ഈ ഭീമൻ ആൻഡലോപ്പുകൾ പ്രതിദിനം ശരാശരി 7 ലീറ്റർ വരെ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. അതായത് ഒരു ചെറിയ സങ്കരയിനം ജേഴ്സി പശുവിനോളം പാൽ നമ്മുടെ ഈലൻഡുകൾ തരും. പോഷകങ്ങളുടെ കാര്യത്തിൽ പശുവിൻപാലിനേക്കാൾ ഒരുപടി മുന്നിലാണ് ഇവയുടെ പാൽ. 11–17 ശതമാനം ആണ് ഇവയുടെ പാലിലെ കൊഴുപ്പളവ്. പിൻകാലുകളുടെ ഇടയിൽ ശരീരത്തോട് വളരെയധികം ചേർന്നാണ് ഇവയുടെ അകിട് സ്ഥിതി ചെയ്യുന്നത്. കാലികളിലെ പോലെ നാലു മുലക്കാമ്പുകൾ ഇവയ്ക്കുമുണ്ട്. എന്നാൽ, പാല് ചുരന്നതിനു ശേഷം മാത്രമാണ് ഇവക്ക് പ്രകടമായ വലുപ്പം വയ്ക്കുന്നത്.

പെൺമൃഗങ്ങൾ ഏകദേശം മൂന്നു വയസ്സിനുള്ളിൽ പ്രത്യുൽപാദനക്ഷമത നേടുമ്പോൾ ആൺ ഈലൻഡുകൾ നാലു വയസ്സിനു ശേഷമാണ് പ്രത്യുൽപാദനത്തിന് തയാറാകുന്നത്. ഒമ്പതു മാസമാണ് ഗർഭകാലം. സാന്ദ്രിത തീറ്റകളോടു വളരെ നന്നായി പ്രതികരിക്കുന്ന ഇവ കാലികൾ കഴിക്കുന്ന എല്ലാ തരം പരുഷാഹാരങ്ങളും സാന്ദ്രിത തീറ്റയും കഴിക്കുന്നു.

എന്നാൽ നേരേ പോയി ഒരു ഈലൻഡിനെ അങ്ങു വാങ്ങിക്കളയാം എന്നു തോന്നുന്നുണ്ടോ? ചില വെല്ലുവിളികളുണ്ട്. അത് പിന്നാലെ പറയാം. ഇവയെ എവിടെ കിട്ടും എന്ന് ആദ്യം പറയാം.  തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, കെനിയ, നമീബിയ, മലാവി, ടാൻസാനിയ, ഉഗാണ്ട എന്നിവിടങ്ങളിലൊക്കെ ഈലൻഡിനെ വ്യാപകമായി കാണാം. ഇവയെ മനുഷ്യർ ഇണക്കി വളർത്താൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അതിനാൽ തന്നെ ഇവയെ വളർത്തുന്നതിന് ചില പ്രയാസങ്ങളുമുണ്ട്.

 ഇവയിലെ ചില വന്യ സ്വഭാവങ്ങൾ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്.  നിന്ന നിൽപ്പിൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ ചാടാൻ കഴിവുള്ള മൃ​ഗങ്ങളാണിവ. അതായത്, ഒരു മനുഷ്യനെക്കാൾ പൊക്കത്തിൽ കുതിച്ചുയരാൻ ഇവർക്ക് ഒരു തയ്യാറെടുപ്പും വേണ്ട.  അതുകൊണ്ടു തന്നെ ഈലാൻഡുകളെ പാർപ്പിക്കുന്ന കൂടുകൾക്കും വേലിക്കെട്ടുകൾക്കും മൂന്ന് മീറ്ററിന്മേൽ ഉയരം ഉണ്ടായിരിക്കണം. പെട്ടെന്ന് പേടിക്കുന്ന പ്രകൃതമായതിനാൽ അപരിചിതരും മറ്റു മൃഗങ്ങളും വലിയ ശബ്ദവും ഇവയെ വല്ലാതെ ഭയപ്പെടുത്തും. പ്രസവാനന്തരം കുട്ടിയെ തള്ളയിൽ നിന്നും വേർതിരിക്കുന്നതാണ് നല്ലത്. എന്നാൽ മാത്രമേ ബാലാരിഷ്ടതകൾ കുറച്ച് കുട്ടികളെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. സാധാരണയായി എല്ലാത്തരം കാലി രോഗങ്ങളോടും നല്ല രീതിയിൽ പ്രതിരോധശേഷി പ്രകടിപ്പിക്കുന്ന ഇവ ചിലപ്പോഴൊക്കെ കാലി പ്ലേഗ് എന്ന രോഗത്തിന് അടിപ്പെടാറുണ്ട്. വരണ്ട കാലാവസ്ഥയോട് പൊരുത്തപ്പെടാനുള്ള ഇവയുടെ അസാമാന്യമായ കഴിവു കാരണം തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കാലികൾക്ക് പകരം കർഷകർ ഇപ്പോൾ ഈലൻഡുകളെ  ധാരാളമായി വളർത്തി വരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.