
ശശി തരൂരിന് മുന്നിൽ രണ്ടു വഴികളാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ ഒന്നുകിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ പാർട്ടിവിട്ട് പോകണമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കോൺഗ്രസ് നേതാക്കന്മാരെ ഒഴികെ മറ്റെല്ലാവരേയും തരൂർ സ്തുതിക്കാറുണ്ടെന്നും മുരളീധരൻ പറഞ്ഞു. തരൂരിന്റെ ലക്ഷ്യമെന്തെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ:
''തരൂർ വിഷയം ഇനിയും സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ വീണ്ടും വീണ്ടും ചർച്ചയാകുന്നത് നല്ല കാര്യമായി തോന്നുന്നില്ല. കോൺഗ്രസ് നേതാക്കന്മാരെ ഒഴികെ മറ്റെല്ലാവരേയും അദ്ദേഹം സ്തുതിക്കാറുണ്ട്. അത്യാവശ്യം, പിണറായിയേയും സ്തുതിക്കാറുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയില്ല. തരൂരിന് മുന്നിൽ രണ്ട് വഴികളുണ്ട്, ഒന്നുകിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുക. അദ്ദേഹം വർക്കിങ് കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനാണ്. ആ നിലയ്ക്ക് പാർലമെന്ററി പ്രവർത്തനത്തിലും പാർട്ടി പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നോട്ടുനീങ്ങണം. രണ്ട്, പാർട്ടിവിട്ട് പുറത്തുപോകുക.
തരൂരിന് അഭിപ്രായവ്യത്യാസം ഉള്ള വിഷയങ്ങൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യുക. നമ്മുടെ എല്ലാ അഭിപ്രായങ്ങളും പാർട്ടി സ്വീകരിച്ചുകൊള്ളണം എന്നില്ല. അതല്ല, അദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നു, തുടർന്ന് പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന് തോന്നുന്നതെങ്കിൽ.. പാർട്ടി ഏൽപിച്ച സ്ഥാനങ്ങൾ തിരികെ ഏൽപിച്ച് ഇഷ്ടമുള്ള രാഷ്ട്രീയ ലൈൻ സ്വീകരിക്കുക. ഈ രണ്ട് മാർഗങ്ങളിൽ ഒന്ന് സ്വീകരിക്കണം എന്നാണ് സഹപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തോട് പറയാനുള്ളത്. ഇത് രണ്ടുമല്ലാതെ, ഇപ്പോൾ സ്വീകരിച്ചിട്ടുള്ള മാർഗവുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം തീരുമാനിക്കുന്നതെങ്കിൽ, തരൂരിന്റെ രാഷ്ട്രീയവ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഒന്നായി അത് മാറും. ഭാവിയിൽ പാർട്ടിക്കും തരൂരിനും അതൊരു ബുദ്ധിമുട്ടായി മാറും. ''











