
തനിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടിയിലുള്ള സ്ഥാനമെന്തെന്ന ചോദ്യവുമായി ശശി തരൂർ എംപി. കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും തരൂരിനെതിരെ രൂക്ഷവിമർശനമുയർത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റുള്ളവരുടെ പെരുമാറ്റത്തേക്കുറിച്ച് തനിക്ക് വിശദീകരിക്കാൻ കഴിയില്ലെന്നും തരൂർ പറഞ്ഞു.
'ഇക്കാര്യങ്ങൾ പറയുന്നവർക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണം. ആരാണ് ഇതൊക്കെ പറയുന്നത്? പാർട്ടിയിൽ അവരുടെ സ്ഥാനമെന്താണ്? എനിക്ക് അറിയാൻ താൽപര്യമുണ്ട്. മറ്റുള്ളവരുടെ പെരുമാറ്റത്തേക്കുറിച്ച് വിശദീകരിക്കാൻ എനിക്ക് കഴിയില്ല. അവരുടെ പെരുമാറ്റത്തേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. എനിക്ക് എന്റെ കാര്യമേ പറയാൻ കഴിയൂ', കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ സംബന്ധിച്ച ചോദ്യത്തോട് തരൂർ പ്രതികരിച്ചു.
തരൂർ കോൺഗ്രസിൽ ഉള്ളതായി കണക്കാക്കുന്നില്ലെന്നായിരുന്നു കെ. മുരളീധരന്റെ പ്രസ്താവന. ശശി തരൂർ സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്താത്തിടത്തോളം അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു പാർട്ടിപരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നും കെ. മുരളീധരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തരൂരിന്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരേ നടപടി വേണോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂർ ഇപ്പോൾ തങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
മുരളീധരന്റെ പ്രതികരണത്തിനു പിന്നാലെ തരൂർ പാർട്ടി വിടുന്നതാണ് നല്ലതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പറഞ്ഞിരുന്നു. പാർട്ടി പുറത്താക്കുന്നതുവരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല, അത് സംഭവിക്കാൻ പോകുന്നില്ല. പക്ഷേ, അദ്ദേഹം പുറത്താക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം സ്വയം പുറത്തുപോകുന്നതാണ് നല്ലത്, ഉണ്ണിത്താൻ പറഞ്ഞു. തരൂരിനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











