
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രശംസാപരമായ പരാമർശം കോൺഗ്രസിൽ വിവാദമാകുന്നു. “ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്” എന്നായിരുന്നു ശശി തരൂർ എൽ കെ അദ്വാനിയെ വിശേഷിപ്പിച്ചത്. അദ്വാനിയുടെ 98-ാം ജന്മദിനത്തിൽ ആശംസ നേർന്നുകൊണ്ടാണ് തരൂർ അദ്ദേഹത്തെ പുകഴ്ത്തിയത്.
തരൂരിന്റെ അഭിപ്രായം വ്യാപകമായ വിമർശനങ്ങൾക്കും പാർട്ടിക്കുള്ളിൽ അസ്വസ്ഥതയ്ക്കും വഴിവെച്ചു. പിന്നാലെ തരൂർ വിശദീകരണവുമായി രംഗത്തെത്തി – ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിനെയും, അടിയന്തരാവസ്ഥയെ മാത്രം ചൂണ്ടിക്കാട്ടി ഇന്ദിരാ ഗാന്ധിയെയും വിലയിരുത്താൻ പാടില്ല എന്നത് പോലെ അദ്വാനിയെയും ഏകപക്ഷീയമായി വിലയിരുത്തരുത് എന്നാണ് അദ്ദേഹത്തിന്റെ വാദം.
തരൂരിന്റെ ഈ നിലപാടിനെ കോൺഗ്രസ് തുറന്നെതിർത്തു. “തരൂരിന്റെ പ്രസ്താവന പാർട്ടിയുടെ നിലപാട് അല്ല. പ്രവർത്തക സമിതിയിലെ അംഗമായതിനാൽ കോൺഗ്രസിന്റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്,” എന്നു പാർട്ടി വക്താവ് പവൻ ഖേര വ്യക്തമാക്കി.
വിവാദ പ്രസ്താവനകളിലൂടെ നിരന്തരം പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന നേതാവാണ് ശശി തരൂർ. ഇതിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾക്കും വലിയ അമർഷമുണ്ട്.











