
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ ഉയർത്തുന്ന സന്ദേശം ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുവാക്കളിലെ നിരാശയും നിലവിലെ രാഷ്ട്രീയ സംവിധാനത്തോടുള്ള അസംതൃപ്തിയും പ്രതിഫലിപ്പിക്കുന്ന പ്രതിഭാസമായാണ് സിജെപിയുടെ വളർച്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിജെപി വെറും സോഷ്യൽ മീഡിയ ട്രെൻഡല്ലെന്നും യുവതലമുറയുടെ വികാരങ്ങളും രാഷ്ട്രീയ വ്യവസ്ഥയോടുള്ള വിമർശനവുമാണ് അതിലൂടെ പ്രകടമാകുന്നതെന്നും തരൂർ പറഞ്ഞു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അസംതൃപ്തി പ്രകടിപ്പിക്കാനുള്ള വേദിയായി ഇത് മാറിയിട്ടുണ്ടെന്നും, ആ വികാരങ്ങളെ രാഷ്ട്രീയ പിന്തുണയാക്കി മാറ്റാൻ പ്രതിപക്ഷത്തിന് മികച്ച അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിജെപിയുടെ എക്‌സ് അക്കൗണ്ട് തടഞ്ഞ നടപടിയെ വിമർശിച്ച തരൂർ, ഇത്തരം സമാധാനപരവും സൃഷ്ടിപരവുമായ പ്രതിഷേധങ്ങൾക്ക് ഇടം നൽകേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്ന് അഭിപ്രായപ്പെട്ടു. അക്കൗണ്ട് വിലക്കിയത് വിവേകശൂന്യമായ നടപടിയാണെന്നും അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചു.
യുവാക്കളിൽ വളരുന്ന രാഷ്ട്രീയ താത്പര്യവും അസംതൃപ്തിയും മനസ്സിലാക്കി അവരെ സ്വന്തം പ്ലാറ്റ്ഫോമുകളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ശ്രമിക്കണമെന്നും തരൂർ നിർദേശിച്ചു. യുവാക്കളുടെ ഈ ഊർജത്തെ വോട്ടാക്കി മാറ്റാൻ കഴിയുന്ന അപൂർവ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










