
തിരുവനന്തപുരം: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായി അകൽച്ച തുടരുന്നതിനിടെയാണ് തരൂർ ഇടത് മുന്നണിയിലെത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്. നിലവിൽ ദുബായിലുള്ള തരൂർ, ഈ വിഷയവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളിൽ ഏർപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ള ഒരു പ്രമുഖ വ്യവസായിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നതെന്നാണ് സൂചന. ഇന്നാണ് ശശി തരൂർ ദുബായിലേക്ക് പുറപ്പെട്ടത്, ഈ യാത്ര രാഷ്ട്രീയപരമായ പ്രാധാന്യം നേടുന്നതായും വിലയിരുത്തപ്പെടുന്നു.
കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത കേരളത്തിലെ മുതിർന്ന നേതാക്കളുടെ യോഗത്തിൽ തരൂർ പങ്കെടുക്കാതിരുന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായി.
എന്നാൽ, ഡൽഹി യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് കാരണം, മുൻകൂട്ടി നിശ്ചയിച്ച കെഎൽഎഫ് പരിപാടിയിൽ പങ്കെടുക്കേണ്ടതിനാലാണെന്നായിരുന്നു തരൂരിന്റെ വിശദീകരണം. അവിടെ പങ്കെടുക്കുമെന്ന് നേരത്തേ വാഗ്ദാനം നൽകിയിരുന്നുവെന്നും, അത് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടുകൾ മാധ്യമങ്ങളിലൂടെ അറിയിക്കില്ലെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
അതേസമയം, മഹാപഞ്ചായത്തിൽ അവഗണന ഉണ്ടായെന്ന തരൂരിന്റെ ധാരണ ശരിയല്ലെന്ന നിലപാടാണ് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളോട് പങ്കുവച്ചതെന്നാണ് ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. നേതാക്കളുടെ പ്രസംഗപ്പട്ടികയിൽ തരൂരിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ലെന്നും, അതിനാലാണ് പേര് വിട്ടുപോയതെന്നും രാഹുൽ വിശദീകരിച്ചുവെന്നാണ് വിവരം.











