01:40pm 19 April 2026
NEWS
നല്ലത് ആരു ചെയ്താലും അം​ഗീകരിക്കുമെന്ന് ശശി തരൂർ
15/02/2025  05:39 PM IST
nila
നല്ലത് ആരു ചെയ്താലും അം​ഗീകരിക്കുമെന്ന് ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നല്ലത് ചെയ്താൽ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരു ഇം​ഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്. ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേ​ഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.  രേഖകൾ ഉദ്ധരിച്ചും തീയതികളും അക്കങ്ങളും ഉൾപ്പടെയാണ് ലേഖനം എഴുതിയതെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി. 

തരൂരിന്റെ വാക്കുകൾ ഇങ്ങനെ: 

"കേരളത്തിന്റെ ഭാവിയെ കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെങ്കിൽ ചിലകാര്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണം. കേരളീയർ രാഷ്ട്രീയം കൂടുതൽ കണ്ടിട്ടുണ്ട്. അതുപോലെ വികസനം കാണണം എങ്കിൽ നമ്മൾ എല്ലാത്തിലും ഒരുപോലെ ചിന്തിച്ച് മുന്നോട്ട് പോവണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ മാനിഫെസ്റ്റോ കമ്മറ്റിക്ക് നേതൃത്വം നൽകുമ്പോൾ, നമ്മുടെ കേരളത്തിൽ കുട്ടികളുടെ ഭാവിക്ക് വേണ്ടി നിക്ഷേപവും സ്റ്റാർട്ടപ്പുകളും സംരംഭകത്വവും ആവശ്യമാണെന്നാണ് ഞാൻ പറഞ്ഞത്‌. എൽഡിഎഫ് സർക്കാരിന് ചെയ്യാൻ കഴിവില്ല എന്നാണ് ഞാൻ ആ കാലത്ത് വിചാരിച്ചത്. അത് മാത്രമല്ല. നമ്മൾക്ക് രണ്ട് വർഷം മുമ്പ് വരെ കേരളം ഇക്കാര്യത്തിൽ 29 സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ 28-ാം സ്ഥാനത്തായിരുന്നു. 28 സംസ്ഥാനമായിരുന്നപ്പോൾ 26-ാം സ്ഥാനത്തായിരുന്നു."

"അമേരിക്കയിലും സിംഗപുരിലും പുതിയ വ്യവസായം തുടങ്ങാൻ മൂന്ന് ദിവസം മതി. ഇന്ത്യയിൽ ശരാശരി 114 ദിവസം വേണം. കേരളത്തിലത് 236 ദിവസാണ് എന്നായിരുന്നു മുമ്പ് എനിക്ക് ലഭിച്ച കണക്കുകൾ. എന്നാൽ അടുത്തിടെ മന്ത്രി രാജീവിന്റെ പ്രസംഗത്തിൽ ഇന്ന് കേരളത്തിൽ വ്യവസായം തുടങ്ങാൻ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കിൽ പ്രോത്സാഹിപ്പിക്കപ്പെടണം."

"ഞാൻ വർഷങ്ങളായി ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങൾ 18 മാസത്തിൽ കേരള സർക്കാർ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അതുപോലെ തന്നെ പോവണം എന്ന് ഞാൻ കയ്യടിച്ച് പറയും. എങ്കിലും ചിലർ പറയുന്നുണ്ട് ഇവർ ഭരിക്കുമ്പോൾ ചെയ്യാൻ തയ്യാറായിരിക്കും അടുത്ത വർഷം ഇലക്ഷൻ തോറ്റാൽ ഇതേ ആളുകൾ തന്നെ ഇത് തടസപ്പെടുത്തി ചുവന്ന കൊടി കാണിക്കുമെന്ന്. അത് ചെയ്യരുത്. എല്ലാ പാർട്ടികളും ഈ കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. അത് ആര് ഭരിക്കുകയാണെങ്കിലും. കേരളത്തിന് ഇതാണ് ആവശ്യം. നിക്ഷേപം അത്യാവശ്യമാണ്. വികസനം അത്യാവശ്യമാണ്." കോൺഗ്രസ് അധികാരത്തിൽ വന്നാലും ഇത് തുടരണമെന്നാണ് താൻ അർത്ഥമാക്കിയതെന്നും, ഇപ്പോൾ ഭരിക്കുന്നവർ അന്ന് എതിർക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img