05:02pm 28 July 2026
NEWS
ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്നുസത്ക്കാരത്തിൽ പങ്കെടുത്ത് ശശി തരൂർ എംപി
04/07/2025  10:10 AM IST
nila
ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്നുസത്ക്കാരത്തിൽ പങ്കെടുത്ത് ശശി തരൂർ എംപി

ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്നുസത്ക്കാരത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് വിവാദമാകുന്നു. ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തിയ ആക്രമണങ്ങളെ വിമർശിക്കുന്ന നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സോണിയാ ​ഗാന്ധി തന്നെ രം​ഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോൺ​ഗ്രസ് നേതാവായ ശശി തരൂർ ഇസ്രയേൽ എംബസിയുടെ വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തത്. 

കഴിഞ്ഞ 27നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസർ വിരുന്നുസത്ക്കാരം സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന വിരുന്നിൽ തരൂരിന് പുറമേ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപിയുടെ രാജ്യസഭാംഗം കിരൺ ചൗധരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തതായാണ് സൂചന.. ഉച്ചയൂണിനൊപ്പം പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ചയുണ്ടാവുമെന്നും വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനായ തരൂർ ഉൾപ്പെടെ ഏതാനും എംപിമാർ പങ്കെടുക്കുമെന്നും വ്യക്തമാക്കിയാണ് സ്ഥാനപതി മറ്റു പലരെയും ക്ഷണിച്ചതെന്നും റിപ്പോർട്ടുണ്ട്.

പാർട്ടിയെ അറിയിക്കാതെയായിരുന്നു തരൂരിന്റെ നടപടിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തരൂരിന്റെ സമീപകാല നിലപാടുകളോട് യോജിക്കാത്തപ്പോഴും ഓരോ നടപടിയും ചർച്ചയാക്കാൻ കോൺഗ്രസ് താൽപര്യപ്പെടുന്നില്ലെന്നും തരൂർ സ്വയം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img