
തിരുവനന്തപുരം: ശശി തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മും ശശി തരൂരും തമ്മിൽ ബോധപൂർവും ഒരു കളമുണ്ടാക്കിയെന്ന് പറയാനാവില്ലെന്നും കെ സുധാകരൻ പറഞ്ഞു. അദ്ദേഹം സിപിഎമ്മിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. കോൺഗ്രസ് തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മറ്റു വഴികൾ നോക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ സുധാകരന്റെ പ്രതികരണം.
ശശി തരൂരിനെപ്പോലൊരാൾ ഇപ്പോൾ ചെയ്തത് യുക്തമല്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. മാധ്യമത്തിലൂടെ ശശി തരൂർ പരസ്യമായി പ്രതികരിച്ചത് ശരിയല്ല. അദ്ദേഹത്തെ എല്ലാക്കാലത്തും വളരെ പിന്തുണച്ച ഒരാളാണ് താൻ. ഇപ്പോഴും അങ്ങനെത്തന്നെയാണ്. കോൺഗ്രസിന് നല്ലൊരു നേതാവില്ലായിരിക്കാമെന്നും താൻ നന്നാകാൻ നോക്കാമെന്നും കെ സുധാകരൻ പറഞ്ഞു.
"ഇക്കാര്യം പറയാൻ അദ്ദേഹത്തെ നാലുതവണ ഫോൺ വിളിച്ചെങ്കിലും കിട്ടിയില്ല. ശശി തരൂർ കോൺഗ്രസ് വിട്ടുപോകുമെന്നൊന്നും കരുതുന്നില്ല. അദ്ദേഹം പറഞ്ഞതെല്ലാം കോൺഗ്രസിന് കരുത്തുപകരാൻ സാധിക്കുന്ന പ്രവർത്തനത്തിന് വഴിമരുന്നിടാൻവേണ്ടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കോൺഗ്രസിന് നല്ലൊരു നേതാവില്ലായിരിക്കാം. എന്റെ നേതൃത്വത്തിന്റെ ശേഷി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലൊരാൾതന്നെയാണ്. തരൂരിന് അങ്ങനെ തോന്നിയെങ്കിൽ എനിക്കതിൽ പരാതി തോന്നിയിട്ട് കാര്യമില്ലല്ലോ. ഞാൻ നന്നാകാൻ നോക്കാം." സുധാകരൻ പറഞ്ഞു.











