12:32am 30 April 2026
NEWS
കോൺ​ഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശശി തരൂരിന്റെ ഏറ്റവും പുതിയ ലേഖനം
10/07/2025  10:15 AM IST
nila
കോൺ​ഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശശി തരൂരിന്റെ ഏറ്റവും പുതിയ ലേഖനം

കോൺ​ഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശശി തരൂരിന്റെ ഏറ്റവും പുതിയ ലേഖനം. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകൾ വിവരിച്ചാണ് ശശി തരൂർ മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിൽ ലേഖനം എഴുതിയിരിക്കുന്നത്. അടിയന്തരാവസ്ഥയിൽ ഇന്ദിരാ ഗാന്ധിയുടെയും മകൻ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകളാണ് ലേഖനത്തിൽ വിവരിക്കുന്നത്. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠം ഉൾക്കൊള്ളണമെന്ന ഉപദേശവും തരൂർ നൽകുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാർഷികത്തിൽ കോൺ​ഗ്രസിനെതിരെ വലിയ രാഷ്ട്രീയ ആയുധമായാണ് ബിജെപി അടിയന്തരാവസ്ഥയെ ഉപയോ​ഗിക്കുന്നത്, ബിജെപിയുടെ വാദങ്ങൾക്ക് ശക്തിപകരുന്നതാണ് തരൂരിന്റെ ലേഖനം. 

കോൺ​ഗ്രസിനുള്ളിൽ കഴിഞ്ഞ കുറേ നാളുകളായി ശശി തരൂർ വിമതസ്വരം ഉയർത്തുന്നുണ്ട്. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർ​ഗെയ്ക്കെതിരെ മത്സരിച്ചതോടെ ദേശീയ നേതൃത്വത്തിനും തരൂരിനോട് അതൃപ്തിയുണ്ട്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിദേശ രാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ അയച്ച പ്രതിനിധി സംഘങ്ങളിലൊന്നിനെ തരൂരാണ് നയിച്ചത്. പാർട്ടിയും തരൂരും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലുകളിൽ അവസാനത്തേതായിരുന്നു അത്. എന്നാൽ, ഇപ്പോൾ കോൺ​ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയാണ് തരൂർ അടിയന്തരാവസ്ഥയെ കുറിച്ച് ലേഖനം എഴുതിയിരിക്കുന്നത്. 

'21 മാസത്തോളം മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. പത്രങ്ങളുടെ വായ് മൂടിക്കെട്ടി. രാഷ്ട്രീയ വിയോജിപ്പുകൾ ക്രൂരമായി അടിച്ചമർത്തപ്പെട്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ശ്വാസമടക്കിപ്പിടിച്ചുനിന്നു. അമ്പതു വർഷങ്ങൾക്കിപ്പുറവും, ആ കാലഘട്ടം 'അടിയന്തരാവസ്ഥ'യായി ഇന്ത്യക്കാരുടെ ഓർമകളിൽ മായാതെ കിടക്കുന്നു' തരൂർ ലേഖനത്തിൽ കുറിച്ചു.

അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ പലപ്പോഴും പറഞ്ഞറിയിക്കാൻ വയ്യാത്ത ക്രൂരതകളായി മാറി. ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ദരിദ്ര ഗ്രാമീണ പ്രദേശങ്ങളിൽ സ്വേച്ഛാപരമായ ലക്ഷ്യങ്ങൾ നേടുന്നതിനു ബലപ്രയോഗവും അക്രമവും ഉപയോഗിച്ചു. ന്യൂഡൽഹി പോലുള്ള നഗരകേന്ദ്രങ്ങളിൽ ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് പരിഗണനയേ ഉണ്ടായിരുന്നില്ല.

ഈ പ്രവൃത്തികളെ പിന്നീട് നിർഭാഗ്യകരമായ അതിക്രമങ്ങളായി ഗൗരവംകുറച്ച് ചിത്രീകരിച്ചു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ, ഒരു താത്കാലിക ക്രമം സ്ഥാപിക്കപ്പെട്ടെന്നും ജനാധിപത്യ രാഷ്ട്രീയത്തിന്റെ അരാജകത്വത്തിൽനിന്ന് താത്കാലിക ആശ്വാസം ലഭിച്ചെന്നും ചിലർ വാദിച്ചേക്കാം. എന്നാൽ, ഈ അക്രമങ്ങൾ അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേർഫലമായിരുന്നു. അടിയന്തരാവസ്ഥയിലൂടെ എന്തു ക്രമം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു നമ്മുടെ റിപ്പബ്ലിക്കിന്റെ ആത്മാവിന്റെ വില നൽകേണ്ടിവന്നു.

വിയോജിപ്പുകളെ നിശബ്ദമാക്കിയതും, യോഗം ചേരാനും എഴുതാനും സ്വതന്ത്രമായി സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ വെട്ടിച്ചുരുക്കിയതും, ഭരണഘടനാപരമായ നിയമങ്ങളോടുള്ള പരസ്യമായ അവഗണനയും ഇന്ത്യൻ രാഷ്ട്രീയത്തിൽ മായാത്ത മുറിവേൽപ്പിച്ചു. നീതിന്യായ വ്യവസ്ഥ പിന്നീട് നട്ടെല്ല് വീണ്ടെടുത്തെങ്കിലും തുടക്ക ത്തിലെ ഇടർച്ച പെട്ടെന്നു മറക്കാനാകുമായിരുന്നില്ല. ഈ കാലത്തെ അതിക്രമങ്ങൾ എണ്ണമറ്റ മനുഷ്യർക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ നാശമുണ്ടാക്കി. പീഡിത സമൂഹങ്ങളിൽ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം 1977 മാർച്ചിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽത്തന്നെ ഇന്ദിരാഗാന്ധിയെയും അവരുടെ പാർട്ടിയെയും വൻ ഭൂരിപക്ഷത്തിൽ പുറത്താക്കി അവർ അതു പ്രകടിപ്പിക്കുകയും ചെയ്തുവെന്നും തരൂർ ലേഖനത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img