11:09pm 09 November 2026
NEWS
ശശി തരൂർ നിലമ്പൂരിലെ പ്രചാരണത്തിന് പോകാത്തത് ക്ഷണം ലഭിക്കാത്തതിനാൽ; കേരള നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ സമ്മതിച്ച് തരൂർ
20/06/2025  09:11 AM IST
സുരേഷ് വണ്ടന്നൂർ
ശശി തരൂർ നിലമ്പൂരിലെ പ്രചാരണത്തിന് പോകാത്തത് ക്ഷണം ലഭിക്കാത്തതിനാൽ; കേരള നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ സമ്മതിച്ച് തരൂർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകാതിരുന്നത്, തനിക്ക് ആരിൽ നിന്നും ക്ഷണം ലഭിക്കാത്തതുകൊണ്ടാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ. ഒരു ഫോൺ കോൾ പോലും ലഭിക്കാതെ താൻ എവിടെയും പോകാറില്ലെന്നും, ക്ഷണം ലഭിച്ചിരുന്നെങ്കിൽ തീർച്ചയായും പോകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി പരിപാടികളിൽ പങ്കെടുക്കാൻ മുൻകൂട്ടി അറിയിക്കാറാണ് പതിവ്. എന്നാൽ, നിലമ്പൂരിന്റെ കാര്യത്തിൽ ഇത് ഉണ്ടായില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

എങ്കിലും, തന്റെ സുഹൃത്തായ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം തരൂർ പ്രകടിപ്പിച്ചു. കോൺഗ്രസ് നേതൃത്വവുമായി തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം അതേക്കുറിച്ച് സംസാരിക്കുമെന്നും തരൂർ സൂചിപ്പിച്ചു. വോട്ടെടുപ്പ് ദിവസം ഇതേക്കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹം വിസമ്മതിച്ചു. ബി.ജെ.പിയിലേക്ക് പോകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, താൻ എവിടേക്കും പോകുന്നില്ലെന്നും കോൺഗ്രസ് അംഗമായി തുടരുമെന്നും തരൂർ മറുപടി നൽകി.

'അവഗണന തോന്നിയിട്ടില്ല, പക്ഷെ കേരള നേതൃത്വവുമായി പ്രശ്നങ്ങളുണ്ട്'

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനകൾ ഒരു ഭാരതീയൻ എന്ന നിലയ്ക്കാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ശശി തരൂർ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി സർക്കാർ ആവശ്യപ്പെട്ടാൽ എന്ത് സേവനത്തിനും തയ്യാറാണെന്ന് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയോടുള്ള സ്നേഹത്തെക്കുറിച്ച് ആർക്കും സംശയം വേണ്ടെന്നും, പാർട്ടി തന്നെ അവഗണിച്ചതായി തോന്നിയിട്ടില്ലെന്നും തരൂർ പറഞ്ഞു. എന്നാൽ, കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ചില പ്രശ്നങ്ങളുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും, അതെല്ലാം പാർട്ടിക്കുള്ളിൽ സംസാരിക്കേണ്ട കാര്യങ്ങളാണെന്നും തരൂർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img