07:20pm 27 July 2026
NEWS
പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ: മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രനീക്കത്തെ രൂക്ഷമായി വിമർശിച്ച് ശശി തതരൂർ
17/04/2026  01:11 PM IST
nila
പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ: മണ്ഡല പുനർനിർണയത്തിനുള്ള കേന്ദ്രനീക്കത്തെ രൂക്ഷമായി വിമർശിച്ച് ശശി തതരൂർ

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, ഈ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി പിന്നോട്ടടിപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. നോട്ടുനിരോധനത്തെപ്പോലെ തന്നെ അതിവേഗത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമമാണ് മണ്ഡല പുനർനിർണ്ണയത്തിലും കാണുന്നതെന്ന് തരൂർ പറഞ്ഞു. ഈ നടപടിയെ “പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കാനുള്ള ശ്രമമാണിതെന്നും കുറ്റപ്പെടുത്തി. 

ലോക്‌സഭയിലും രാജ്യസഭയിലും നിലവിലുള്ള രാഷ്ട്രീയ സന്തുലിതാവസ്ഥ തകർക്കാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വനിതാ സംവരണവുമായി മണ്ഡല പുനർനിർണ്ണയത്തെ ബന്ധിപ്പിക്കുന്നത്, സംവരണത്തെ ബന്ദിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു. ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിലെത്തിയ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ പരിഷ്കാരത്തോടെ രാഷ്ട്രീയമായി പിന്നിലാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. മറിച്ച്, ജനസംഖ്യ നിയന്ത്രണത്തിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ശക്തി ലഭിക്കുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ സംവിധാനത്തിന് തന്നെ ഭീഷണിയായ രീതിയിലാണ് ഈ നീക്കമെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ ശബ്ദം ദുർബലമാകാനും, കുറച്ച് വലിയ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ നയനിർണ്ണയത്തിൽ മേൽക്കോയ്മ നേടാനും ഇത് വഴിവെക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ലോക്‌സഭയുടെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നിർദ്ദേശത്തെയും തരൂർ ശക്തമായി എതിർത്തു. ഇത്ര വലിയൊരു സഭ പ്രവർത്തനക്ഷമമാകില്ലെന്നും, അംഗങ്ങൾക്ക് സംസാരിക്കാൻ ആവശ്യമായ സമയം പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയുടെ അംഗസംഖ്യയിൽ മാറ്റമില്ലാതെ ലോക്‌സഭ മാത്രം വികസിപ്പിക്കുന്നത്, സംയുക്ത സമ്മേളനങ്ങളിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും അസമത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img