
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന നിലപാട് മയപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ കേരള സർക്കാരിനെ പുകഴ്ത്തിയതോടെ തരൂരിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തരൂർ തന്റെ നിലപാട് മയപ്പെടുത്തിയത്. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനമെന്നാണ് തരൂർ വ്യക്തമാക്കുന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് കോൺഗ്രസ് എംപി ഇക്കാര്യം വിശദീകരിക്കുന്നത്.
ശശി തരൂരിന്റെ കുറിപ്പിന്റെ പൂർണരൂപം:
‘‘ഇന്ത്യൻ എക്സ്പ്രസിൽ വന്ന എന്റെ ലേഖനത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമർശിക്കാത്തതു ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂർവമല്ല. ആ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിനു ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിനു കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ് എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത് നടത്തിയതും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു. സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതുനയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിൽ മാറ്റങ്ങൾ വരുത്തിയെന്നു നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകൾ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.’’











