01:06am 05 June 2026
NEWS
പാറ്റകളാകുകയല്ല വേണ്ടത്, മാറ്റത്തിനായി ജനാധിപത്യ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ശശി തരൂർ
04/06/2026  03:37 PM IST
nila
പാറ്റകളാകുകയല്ല വേണ്ടത്, മാറ്റത്തിനായി ജനാധിപത്യ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ശശി തരൂർ

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" പ്രസ്ഥാനത്തോട് അനുഭാവമുള്ള യുവാക്കൾ തങ്ങളുടെ പ്രതിഷേധവും നിരാശയും ജനാധിപത്യ സംവിധാനങ്ങൾക്കുള്ളിൽ നിന്ന് പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വ്യവസ്ഥിതിക്ക് പുറത്തുനിന്നുള്ള വിമർശനത്തേക്കാൾ അതിനുള്ളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിലൂടെയാണ് ദീർഘകാല മാറ്റങ്ങൾ സാധ്യമാകുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസ് കോളത്തിൽ ജെൻ-സീ തലമുറയെ അഭിസംബോധന ചെയ്ത് എഴുതിയ ലേഖനത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. പരിഹാസരൂപത്തിൽ ആരംഭിച്ച "കോക്രോച്ച് ജനതാ പാർട്ടി" എന്ന ഓൺലൈൻ പ്രസ്ഥാനത്തിന് ലഭിച്ച വൻ സ്വീകാര്യത രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തോടും മത്സര പരീക്ഷകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോടും യുവാക്കൾക്കിടയിൽ വളർന്നുവരുന്ന അസംതൃപ്തിയുടെ സൂചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങൾ പൊതുചർച്ചകൾക്കുള്ള വേദികളാണെങ്കിലും അവ വോട്ടുപെട്ടികൾക്ക് പകരമാകില്ലെന്നും തരൂർ ഓർമ്മിപ്പിച്ചു. യുവാക്കളുടെ അസംതൃപ്തിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, ചോദ്യപേപ്പർ ചോർച്ചയും ഭരണപരമായ വീഴ്ചകളും മത്സര പരീക്ഷകൾക്കായി വർഷങ്ങളോളം അധ്വാനിച്ച വിദ്യാർഥികളോടുള്ള ഗുരുതരമായ അനീതിയാണെന്ന് വിലയിരുത്തി.

എന്നാൽ ഓൺലൈൻ പ്രതിഷേധങ്ങൾ മാത്രം പരിഹാരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലുള്ള നിയമപരവും ജനാധിപത്യപരവുമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ജനപ്രതിനിധികളിൽ നിന്ന് ഉത്തരവാദിത്വം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഒരു എം.പി. എന്ന നിലയിൽ പറയട്ടെ, നിങ്ങളുടെ ജനപ്രതിനിധികളോട് ഉത്തരം പറയിക്കാൻ നിങ്ങൾക്ക് കഴിയും," തരൂർ കുറിച്ചു.

വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കാനും പരീക്ഷാ-നിയമന നടപടികളിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടാനും യുവാക്കൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം നിർദേശിച്ചു. ശബ്ദമുയർത്തുന്നതിൽ ഒതുങ്ങാതെ വിദ്യാർത്ഥി സംഘടനകളുമായും നിയമവിദഗ്ധരുമായും സഹകരിച്ച് ജനകീയ പ്രശ്നങ്ങളെ ശക്തമായ പ്രക്ഷോഭങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ ആവശ്യമായ ജനസംഖ്യാശക്തിയും സാങ്കേതിക അറിവും ഇന്നത്തെ യുവതലമുറയ്ക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, "നിങ്ങളുടെ ദേഷ്യം ഉദാസീനതയായി മാറാൻ അനുവദിക്കരുത്" എന്നും ഓർമ്മിപ്പിച്ചു.

"നിങ്ങളെ പാറ്റകളെപ്പോലെ കാണേണ്ട സാഹചര്യമില്ല. ആ മുദ്ര നിങ്ങൾ സ്ഥിരമായി ഏറ്റെടുക്കുകയും വേണ്ട. സ്ഥിരമായ മാറ്റങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദൈനംദിന രാഷ്ട്രീയ-ജനാധിപത്യ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കണം," എന്നും അദ്ദേഹം പറഞ്ഞു.

അഭിജീത് ദിപ്കെ ആരംഭിച്ച "കോക്രോച്ച് ജനതാ പാർട്ടി" സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img