
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂർ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. 30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ എന്ന് ചോദിച്ച തരൂർ, ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണെന്നും കൂട്ടിച്ചേർത്തു.
"30 ദിവസം ജയിലിൽ കിടന്നാൽ നിങ്ങൾക്ക് മന്ത്രിയായി തുടരാനാകുമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. എനിക്കിതിൽ തെറ്റൊന്നും കാണാൻ കഴിയുന്നില്ല" അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്കായി ബിൽ ഒരു സമിതിയ്ക്ക് അയക്കാവുന്നതാണെന്നും സമിതിയിൽ ചർച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസം തടവിൽ കഴിയേണ്ടി വന്നാൽ ഇവരുടെ അധികാരം നഷ്ടമാകുന്നതാണ് പുതിയ ബില്ലിലെ ശുപാർശ.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കംചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാർശ ചെയ്യണം. അഥവാ പ്രധാനമന്ത്രി ശുപാർശ ചെയ്തില്ലെങ്കിലും 31–ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ സ്വമേധയാ രാജിവയ്ക്കണം.
സംസ്ഥാനങ്ങളിൽ മന്ത്രിമാർ ഇത്തരത്തിൽ അറസ്റ്റിലായാൽ സ്ഥാനത്തുനിന്നു നീക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്യണം. കേന്ദ്രഭരണപ്രദേശമെങ്കിൽ രാഷ്ട്രപതിക്കാണു ശുപാർശ നൽകേണ്ടത്. മുഖ്യമന്ത്രി തന്നെയാണ് അറസ്റ്റിലാകുന്നതെങ്കിൽ പ്രധാനമന്ത്രിയുടെ കാര്യത്തിലെന്നപോലെ സ്വയം രാജിവയ്ക്കണം. ഇല്ലെങ്കിൽ 31–ാം ദിവസം പദവി തനിയെ നഷ്ടമാകും. കസ്റ്റഡിയിൽനിന്നു മോചിപ്പിക്കപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പുനർനിയമിക്കാനും കഴിയും.











