
തന്റെ പിന്നിൽ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തുവിവാദത്തിലെ പരാതിക്കാരനായ ചെന്നൈ വ്യവസായി ബി.മുഹമ്മദ് ഷർഷാദ്. പാർട്ടി കോൺഗ്രസ് സമയത്ത് സെൽഫിയെടുത്തു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനപ്പുറം ഒരു ബന്ധവും ജയരാജനുമായി ഇല്ലെന്നാണ് ഷർഷാദിന്റെ നിലപാട്. തോമസ് ഐസക്കിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും മുഹമ്മദ് ഷർഷാദ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തുമായുള്ള ഇടപാടുകൾക്കു തെളിവുണ്ടെന്നാണ് ഷർഷാദ് പറയുന്നത്. ശ്യാംജിത്തുമായി 2016 മുതലുള്ള വാട്സാപ് ചാറ്റ് കയ്യിലുണ്ടെന്നും ഷർഷാദ് വ്യക്തമാക്കുന്നു. ആരോപണം പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിക്കുന്നു. കത്ത് ഞാൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതാണെന്നു പാർട്ടിപ്പത്രം വെറുതേ ആരോപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











