
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ വെൺമണി പഞ്ചായത്തിനെയും മാവേലിക്കര താലൂക്കിലെ നൂറനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശാർങക്കാവ് പാലം
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഇരു കരയിലെയും ആളുകളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ്.
പ്രദേശവാസികൾ സഞ്ചരിച്ചിരുന്ന വീതി കുറഞ്ഞ ആംബുലൻസ് പാലം 2018 ലെ പ്രളയത്തിൽ തകർന്നടിഞ്ഞതോടെ ഇരു ഭാഗത്തുമുള്ളവരുടെ യാത്രാ ദുരിതം ഏറി. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും 15. 57കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്. മൂന്നു സ്പാനുകളിലായി 103.4 മീറ്റർ നീളത്തിലും 11.6 മീറ്റർ വീതിയിലും നിർമ്മിച്ച പാലത്തിന് ഇരു വശങ്ങളിലുമായി 254 മീറ്റർ അപ്രോച്ചു റോഡും ഉണ്ട്. പാലവും റോഡുകളും ബി എം , ബി സി നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
വെൺമണി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു തൊട്ടു വടക്കുഭാഗത്ത് ശാർങക്കാവിൻ്റെ ഓരം ചേർന്ന് അച്ചൻകോവിലാറിനു കുറുകെ നിർമ്മിച്ച ഈ പാലം ,ശാർങക്കാവ് ദേവീക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹവുമാണ്. വെൺമണി പ്രാഥമികാരോഗ്യകേന്ദ്രം, ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ, പുന്തല ആയുർവേദ ഡിസ്പെൻസറി തുടങ്ങിയ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ ദീർഘകാല ആവശ്യത്തിൻ്റെ സാക്ഷാത്കാരം കൂടിയാണ് ഈ പാലം. ശാർങക്കാവ് വിഷു ഉത്സവത്തിന് മാവേലിക്കര താലൂക്കിൽ നിന്നെത്തുന്ന ആയിരക്കണക്കിനാളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിനും പാലം പരിഹാരമാകും.











