05:44pm 29 April 2026
NEWS
പാർലമെന്റിനുള്ളിൽ പശുക്കളെ കയറ്റണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി
05/08/2025  10:32 AM IST
nila
പാർലമെന്റിനുള്ളിൽ പശുക്കളെ കയറ്റണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി

പാർലമെന്റിനുള്ളിൽ ജീവനുള്ള പശുക്കളെ കയറ്റണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ‌രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെയെങ്കിലും പരിപാലിക്കാൻ ശേഷിയുള്ള ​ഗോശാലകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ സംരക്ഷിക്കുന്നവരെ മാത്രമേ തിര‍‍ഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കാവു എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ പശുവിന്റെ പ്രതിമ ഉള്ളിലേക്കു പ്രവേശിപ്പിച്ചവർ യഥാർത്ഥ പശുവിനെയും അകത്ത് പ്രവേശിപ്പിക്കണമായിരുന്നു എന്നായിരുന്നു  സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പരാമർശം. 

"ഒരു പശുവിന്റെ പ്രതിമ പാർലമെന്റിലേക്ക് പ്രവേശിക്കാമെങ്കിൽ, ജീവനുള്ള പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുപോയിക്കൂടാ?" അദ്ദേഹം ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവശം വച്ചിരുന്ന ചെങ്കോലിൽ ഒരു പശുവിനെ കൊത്തിവച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ആശീർവാദം നൽകാൻ ഒരു യഥാർത്ഥ പശുവിനെയും കെട്ടിടത്തിലേക്ക് കൊണ്ടുപോകണമായിരുന്നു. കാലതാമസം ഉണ്ടായാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പശുക്കളെ ഞങ്ങൾ കൊണ്ടുപോയി പാർലമെന്റിലേക്ക് കൊണ്ടുവരും," അദ്ദേഹം പറഞ്ഞു, ഇത് പ്രധാനമന്ത്രിക്കും കെട്ടിടത്തിനും ജീവനുള്ള പശുവിന്റെ അനുഗ്രഹം ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘പുതിയ കെട്ടിടത്തിന് അനുഗ്രഹം ചൊരിയാൻ ഉദ്ഘാടനസമയത്തു യഥാർഥ പശുവിനെ തന്നെ പാർലമെന്റിലേക്കു കൊണ്ടുപോകാൻ ഭരണാധികാരികൾ തയാറാകണമായിരുന്നു. രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെയെങ്കിലും പരിപാലിക്കാൻ ശേഷിയുള്ള പ്രത്യേക സംരക്ഷണ കേന്ദ്രം സ്ഥാപിക്കണം. 100 പശുക്കളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നവർക്കു വർഷാവസാനം 2 ലക്ഷം രൂപ പാരിതോഷികമായി നൽകണം. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൊസങ്കബാദ് എംപി ദർശൻ സിങ് ചൗധരിയുടെ നീക്കം പ്രശംസാർഹമാണ്. പശുവിനെ സംരക്ഷിക്കുന്നവരെ മാത്രമേ തിര‍‍ഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കാവു. ഇപ്പോഴത്തെ ബിജെപി ഭരണകൂടം തങ്ങളെ പൂർണമായും തൃപ്തരാക്കിയിട്ടില്ല. രാജ്യത്തെ മുഴുവൻ അറവുശാലകളും ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകൈയെടുക്കണം. പശുക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ പ്രത്യേക ചട്ടം രൂപീകരിക്കണം’– ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി പറ‍ഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img