
ജ്യോതിഷത്തിൽ കർമ്മത്തിന്റെയും നീതിയുടെയും അച്ചടക്കത്തിന്റെയും ഗ്രഹമായി വിശേഷിപ്പിക്കപ്പെടുന്ന ശനിയുടെ ചലനത്തിലെ മാറ്റം ഡിസംബറിൽ. ജൂലൈ 27ന് മീനം രാശിയിൽ വക്രഗതിയിലേക്ക് പ്രവേശിച്ച ശനി ഡിസംബർ 11ന് വീണ്ടും നേർഗതിയിൽ സഞ്ചരിച്ചുതുടങ്ങും. ശനിയുടെ ഈ മാറ്റം മൂന്ന് രാശികളിൽ ജനിച്ചവർക്ക് തൊഴിൽ, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ.
ശനിയുടെ വക്രഗതിക്കാലത്ത് പല കാര്യങ്ങളിലും നേരിട്ട കാലതാമസങ്ങൾക്കും തടസ്സങ്ങൾക്കും നേർഗതിയിലേക്കുള്ള മാറ്റത്തോടെ പരിഹാരമുണ്ടാകുമെന്നാണ് ജ്യോതിഷവിശ്വാസം. പ്രത്യേകിച്ച് മേടം, ഇടവം, മകരം രാശിക്കാർക്ക് തൊഴിൽരംഗത്ത് പുതിയ അവസരങ്ങളും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം.
മേടം: ശനിയുടെ നേർഗതി മേടം രാശിക്കാർക്ക് തൊഴിൽരംഗത്തും സാമ്പത്തിക കാര്യങ്ങളിലും ആശ്വാസം പകരുമെന്നാണ് ജ്യോതിഷഫലം. ജോലിസ്ഥലത്ത് നേരിട്ടിരുന്ന തടസ്സങ്ങൾ മാറിത്തുടങ്ങും. ഏറെക്കാലമായി പുതിയ ജോലി തേടുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിച്ചേക്കാം. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ നേടാനും സാധ്യതയുണ്ട്.
ബിസിനസ് രംഗത്തുള്ളവർക്കും ഈ കാലയളവ് ഗുണകരമായേക്കും. പഴയ ബന്ധങ്ങളിലൂടെയും പുതിയ തൊഴിൽസമ്പർക്കങ്ങളിലൂടെയും ലാഭകരമായ ഇടപാടുകൾക്ക് വഴിതെളിയും. ദീർഘകാലമായി ലഭിക്കാതെ കിടന്ന പണം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്. വ്യക്തിബന്ധങ്ങളിലും പ്രണയജീവിതത്തിലും സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകാം. അതേസമയം നിക്ഷേപങ്ങളിൽ അമിതമായ താൽപര്യം ഒഴിവാക്കി സാമ്പത്തിക കാര്യങ്ങളിൽ കരുതൽ പുലർത്തണം.
ഇടവം: ഇടവം രാശിക്കാർക്ക് വരുമാനം വർധിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ തുറക്കപ്പെടുന്ന സമയമായിരിക്കുമെന്നാണ് പ്രവചനം. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പളവർധനയ്ക്കും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാം. ഏറെക്കാലത്തെ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനൊപ്പം ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കും. കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങളും തേടിയെത്തും.
ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പദ്ധതികൾ ആരംഭിക്കാനും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും സാധിച്ചേക്കാം. നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്കും അനുകൂലമായ സാഹചര്യമുണ്ടാകും. വരുമാനത്തിൽ പുരോഗതിയുണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ കഴിയും.
മകരം: ശനി മകരം രാശിയുടെ അധിപഗ്രഹമായതിനാൽ ഈ രാശിക്കാർക്ക് ശനിയുടെ ചലനമാറ്റം പ്രത്യേക പ്രാധാന്യമുള്ളതായാണ് ജ്യോതിഷികൾ വിലയിരുത്തുന്നത്. തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങളും മുന്നേറ്റത്തിനുള്ള അവസരങ്ങളും ലഭിച്ചേക്കാം. സ്ഥാനക്കയറ്റത്തിനായി ദീർഘകാലമായി കാത്തിരിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ പ്രതീക്ഷിക്കാം.
ബിസിനസ് രംഗത്തും പുരോഗതിക്ക് സാധ്യതയുണ്ട്. പുതിയ പങ്കാളിത്തങ്ങൾ രൂപീകരിക്കാനും കൂടുതൽ ആളുകളുമായി ബന്ധം സ്ഥാപിക്കാനും നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനും അവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽപരമായ മുന്നേറ്റത്തിന് തടസ്സമായി നിന്നിരുന്ന പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെടുമെന്നാണ് പ്രവചനം. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വരുമാനവും ചെലവും കൃത്യമായി ക്രമീകരിക്കുകയും ചിട്ടയായ സാമ്പത്തിക ആസൂത്രണം പിന്തുടരുകയും വേണം.










