01:58pm 12 November 2026
NEWS
ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി
29/04/2026  03:41 PM IST
nila
ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി

കൊളംബോ: സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമാകുന്നതിനിടെ ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി. ഏറെക്കാലമായി ബോർഡിനെ നയിച്ചിരുന്ന ഷമ്മി സിൽവയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി സമർപ്പിച്ചു. ക്രിക്കറ്റ് ബോർഡിൽ ബോർഡിൽ സമഗ്രമായ മാറ്റങ്ങൾ വേണമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉറച്ച നിലപാട് എടുത്തതോടെയാണ് ഈ അപ്രതീക്ഷിത നീക്കം.

ബോർഡിനെതിരെ പൊതുജനരോഷം ഉയർന്നതിനെ തുടർന്ന് സർക്കാർ നേരിട്ട് ഇടപെടുകയായിരുന്നു. രാജിക്കത്തുകൾ പ്രസിഡന്റിനും കായിക മന്ത്രി സുനിൽ കുമാര ഗാമേജിനും കൈമാറിയിട്ടുണ്ട്. ഇനി ബോർഡിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ ഇടക്കാല സമിതി നിയമിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019 മുതൽ പ്രസിഡന്റായിരുന്ന ഷമ്മി സിൽവ ഇതിനുമുമ്പ് മൂന്ന് തവണ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതിനിടെ, ഈ ഭരണപരിഷ്കാരം ശ്രീലങ്കൻ ക്രിക്കറ്റിന് വീണ്ടും അന്താരാഷ്ട്ര പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ഉയരുന്നു. ക്രിക്കറ്റ് ബോർഡുകളിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ഐസിസി നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ, 2023 നവംബറിൽ ഉണ്ടായ സമാന നടപടിക്ക് പിന്നാലെ ശ്രീലങ്കയുടെ അംഗത്വം ഐസിസി താൽക്കാലികമായി റദ്ദാക്കിയിരുന്നു. അതിന്റെ ഫലമായി അണ്ടർ-19 ലോകകപ്പിന്റെ ആതിഥേയത്വവും സാമ്പത്തിക സഹായവും നഷ്ടമായിരുന്നു.

തിരഞ്ഞെടുപ്പില്ലാതെ സർക്കാർ നിയമിക്കുന്ന ഇടക്കാല സമിതിയെ ഐസിസി അംഗീകരിക്കാത്ത പക്ഷം, വീണ്ടും വിലക്ക് നേരിടേണ്ടി വരുമെന്ന ഭീഷണിയും നിലനിൽക്കുന്നു.

ഷമ്മി സിൽവയുടെ നേതൃത്വകാലത്ത് ശ്രീലങ്കൻ ടീമിന്റെ പ്രകടനവും വിമർശന വിധേയമായിരുന്നു. 2023 ഏകദിന ലോകകപ്പിലെ മോശം പ്രകടനവും, 2024-ലും 2026-ലും ടി20 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതും ആരാധകരിൽ അസന്തോഷം വളർത്തി. പ്രമുഖ പരിശീലകരെ കൊണ്ടുവന്നിട്ടും പുരോഗതി കൈവരിക്കാനാകാത്തത് ഭരണ മാറ്റത്തിനുള്ള ആവശ്യങ്ങൾ ശക്തമാക്കി. ഇപ്പോൾ ഭരണസമിതി ഒഴിഞ്ഞ സാഹചര്യത്തിൽ, ഐസിസിയുടെ തുടർനടപടികളാണ് ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഭാവിയെ നിർണ്ണയിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img