
പാകിസ്ഥാൻ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ഇന്ത്യവിടേണ്ടി വരുന്നവരിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്റെ ഉമ്മയും. ഭീകരരോടു പൊരുതി വീരമൃത്യു വരിച്ച മുദസ്സിർ അഹമ്മദ് ഷെയ്ഖിന്റെ മാതാവ് ഷമീമ അക്തറിനെയും പാകിസ്ഥാനിലേക്ക് തിരികെ വിടാനായി വാഗാ അതിർത്തിയിലേക്കു കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജമ്മു കശ്മീർ പൊലീസിലെ രഹസ്യസേനയുടെ ഭാഗമായിരുന്നു മുദസ്സിർ അഹമ്മദ് ഷെയ്ഖ്. 2022 മേയിലാണ് ഇദ്ദേഹം ഭീകരരാൽ കൊല്ലപ്പെടുന്നത്. തുടർന്ന് മുദസ്സിർ അഹമ്മദ് ഷെയ്ഖിന് രാജ്യം മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.
2023 മേയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഷമീമയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് മുഹമ്മദ് മക്സൂദും ചേർന്നാണ് ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങിയത്. മുദസ്സിറിന്റെ മരണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഷമീമയെ സന്ദർശിച്ചിരുന്നു. ബാരാമുള്ളയിലെ പ്രധാന ജംക്‌ഷനു ഷഹീദ് മുദസ്സിർ ചൗക്ക് എന്നാണു പേര്. എന്നാൽ, പാക് അധിനിവേശ കശ്മീർ സ്വദേശിനിയാണ് ഷമീമ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഷമീമയെ ഇപ്പോൾ നാടുകടത്തുന്നത്.
‘ഷമീമ പാക്ക് അധിനിവേശ കശ്മീരിൽനിന്നുള്ളവളാണ്; അതു ഞങ്ങളുടെ പ്രദേശമാണ്. പാക്കിസ്ഥാനികളെ മാത്രമേ നാടുകടത്തേണ്ടിയിരുന്നുള്ളൂ’– മുദസ്സിറിന്റെ അമ്മാവൻ മുഹമ്മദ് യൂനുസ് പറഞ്ഞു. 45 വർഷമായി ഇവിടെ ജീവിക്കുന്നവരെ നാടുകടത്തരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും അപേക്ഷിക്കുന്നുവെന്നും പറഞ്ഞു.











