
2023ൽ കർണാടകത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് ഗവണ്മെന്റ് നടപ്പിലാക്കിയ അഞ്ച് തെരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനശ്രദ്ധ നേടിയതും ശക്തി പദ്ധതിയാണ്. സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സംസ്ഥാനമൊട്ടാകെ യാത്ര സൗജന്യമാക്കിയ പദ്ധതിയാണിത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും പ്രഖ്യാപിച്ച ശക്തി ഉൾപ്പെടെയുള്ള പഞ്ച സൗജന്യ ഗ്യാരണ്ടികൾ നിറവേറ്റാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും നിർബന്ധിതരായിത്തീർന്നു. അതൊരു ബാധ്യതയായി ഭരണം മൂന്നാംവർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും ഗവണ്മെന്റ് തുടരുകയാണ്. 2023 ജൂൺ 11 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ശക്തിപദ്ധതി ഉത്ഘാടനം ചെയ്തത്. ആദ്യപ്രതികരണം തണുപ്പനായിരുന്നെങ്കിലും ദിവസങ്ങൾക്കകം അതൊരു ലഹരിയായി സ്ത്രീജനങ്ങൾക്കിടയിൽ പടർന്നുപിടിച്ചു. ഒരു കോടി സ്ത്രീജനങ്ങൾ സൗജന്യ ബസ് യാത്ര നടത്തിയ ദിവസങ്ങളുണ്ടായി. ഇപ്പോൾ ശരാശരി 80 ലക്ഷം സ്ത്രീകൾ സൗജന്യ ബസ് യാത്ര നടത്തുന്നുണ്ട്. പലതും ദീർഘദൂരയാത്രകളാണ്. സംസ്ഥാനത്ത് പൊതു ഗതാഗത സംവിധാനം അതിവിപുലമാണ്. നാല് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ 27000 ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ബംഗളുരു മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷനിൽ മാത്രം 7100 ബസുകളുണ്ട്. എ സി, വോൾവോ ഒഴികെ എല്ലാ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. കർണാടത്തിലെ വിലാസത്തിൽ ആധാർ കാർഡുള്ള എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌പോർട്ട് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.സ്ത്രീകൾ കൂട്ടംകൂട്ടമായി തീർത്ഥാടനസങ്കേതങ്ങളിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത് പതിവായിട്ടുണ്ട്. മറ്റൊരു ഗ്യാരണ്ടിയായ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ മാസന്തോറും 2000 രൂപ വീതം ലഭിക്കുന്നതിനാൽ വഴിച്ചെലവിന് ഭർത്താവിനെയോ മക്കളെയോ ആശ്രയിക്കേണ്ടിവരുന്നില്ല എന്ന സൗകര്യം കൂടിയുണ്ട്. സ്ത്രീകളുടെ ബസ്സുയാത്ര ശക്തി പദ്ധതിയിലൂടെ നാല്പത് ശതമാനം വർധിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ത്രീകളുടെ സാമൂഹിക ഇടപെടലും വർധിച്ചിട്ടുണ്ട്. ബംഗളുരുവിൽ മാത്രം 50 ശതമാനത്തിലേറെ സ്ത്രീകളും പെൺകുട്ടികളും സൗജന്യ ബസ്സുയാത്ര സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. 2023 ജൂൺ മുതൽ ഈ വർഷം ജനവരി വരെ 350 കോടി സ്ത്രീകൾ സൗജന്യ ബസ്സുയാത്ര നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പതിനായിരം കോടി രൂപയാണ് ഗവണ്മെന്റ് ഇതിനായി ചെലവിട്ടത്. ആധാർ കാർഡ് കാണിച്ചാൽ കണ്ടക്ടർമാർ പൂജ്യം നിരക്ക് രേഖപ്പെടുത്തിയ ടിക്കറ്റുകൾ നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്ക് തുക ഗവണ്മെന്റ് റി-ഇമ്പേഴ്സ് ചെയ്യും. ഗവണ്മെന്റിന് സൗജന്യ യാത്രാസംവിധാനം വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യം. എന്നാൽ ട്രാസ്‌പോർട്ട് കോർപറേഷനുകളെ അത് ബാധിക്കുന്നില്ല. ശക്തി പദ്ധതി കൃത്യവും കുറ്റമറ്റതുമാക്കാനായി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. അതിനായി സ്ത്രീയാത്രക്കാർക്ക് ശക്തി സ്മാർട്ട് കാർഡുകൾ നൽകും. സേവ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സ്ത്രീകൾക്ക് സ്മാർട്ട് കാർഡുകൾ ലഭ്യമാക്കാവുന്നതാണ്. സ്മാർട്ട് കാർഡ് സംവിധാനം ഈ മാസം തന്നെ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
Photo Courtesy - Google











