
കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയുടെ കൊലപാതകത്തിന് പിന്നിൽ പ്രണയബന്ധത്തിലെ തർക്കമെന്നാണ് സൂചന. പൊന്നുരുന്നി സ്വദേശി ഷാജിയാണ് കേസിലെ പ്രതി.
തിങ്കളാഴ്ച രാത്രി വൈറ്റില റെയിൽവേ മേൽപ്പാലത്തിന് താഴെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് സംഭവം ഗുരുതരമായതെന്ന് പൊലീസ് പറയുന്നു. കുടുംബം തകർക്കുമെന്ന ഭീഷണിയാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. പിന്നാലെ സുധയ്ക്ക് ഗുരുതര പരുക്കേറ്റു. സംഭവം അപകടമെന്ന രീതിയിൽ തോന്നിക്കാൻ മൃതദേഹം റെയിൽവേ പാളത്തിൽ കിടത്തിയ ശേഷം പ്രതി സ്ഥലം വിട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
പുലർച്ചെയോടെയാണ് ട്രെയിൻ ജീവനക്കാരൻ മൃതദേഹം കണ്ടതായി അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടക്കത്തിൽ തന്നെ അസ്വാഭാവികത കണ്ടെത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കാക്കനാട് ഭാഗത്ത് നിന്നാണ് ഷാജിയെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ പരുക്കുകളാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി മുൻ ജീവനക്കാരനായിരുന്ന ഷാജിയും സുധയും അടുത്ത ബന്ധത്തിലായിരുന്നുവെന്നും, അടുത്തിടെ ഈ ബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ഇന്നലെ രാത്രി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മരട് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ സംഭവം നടന്ന റെയിൽവേ ട്രാക്കിൽ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.











