10:36pm 07 November 2026
NEWS
ഷാജി എൻ. കരുൺ: 'തിടമ്പി'ന് നഷ്ടമായത് ആത്മബന്ധുവിനെ
14/07/2025  07:37 PM IST
ആർ. ഷാജി ശർമ്മ
ഷാജി എൻ. കരുൺ: തിടമ്പിന് നഷ്ടമായത് ആത്മബന്ധുവിനെ

'തിടമ്പി'ന്റെ ആത്മബന്ധുവാണ് മലയാള സിനിമയെ ലോകത്തോളം വളർത്തിയ ചലച്ചിത്ര പ്രതിഭയായ പത്മശ്രീ ഷാജി എൻ. കരുൺ. 1949 ൽ രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒരു കലാസാംസ്‌ക്കാരിക സംഘടന ഇല്ലാതിരുന്ന സാഹചര്യത്തിൽ ദേവസ്വം കലാകാരന്മാരെയും ജീവനക്കാരെയും സാംസ്‌കാരിക പ്രവർത്തകരെയും, ഭക്തജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് 'തിടമ്പ്' എന്ന കലാസാംസ്‌കാരിക സംഘടന രൂപീകരിച്ച കാലം മുതൽ മരണം വരെ 'തിടമ്പി'ന്റെ രക്ഷാധികാരികളിൽ ഒരാളായിരുന്നു ഷാജി എൻ. കരുൺ.
കൊല്ലം കണ്ടച്ചിറയിൽ മേലേ തെക്കതിൽ വീട്ടിൽ ശങ്കരൻ മുതലാളിയുടെ മകൾ ചന്ദ്രമതിയുടെയും എൻ. കരുണാകരന്റെയും മൂത്ത പുത്രനായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സന്തതസഹചാരിയായിരുന്നു അമ്മയുടെ അച്ഛൻ ശങ്കരൻ മുതലാളി. ശ്രീനാരായണഗുരു വന്നിട്ടുള്ള മേലെതെക്കതിൽ വീട്ടിലാണ് ഷാജി എൻ. കരുൺ ജനിച്ചുവളർന്നത്. നാലാം ക്ലാസ് വരെ പഠിച്ചിരുന്നതും അഷ്ടമുടി കായലിന്റെ തീരത്തുള്ള കണ്ടച്ചിറ എസ്.എൻ.എം യു.പി സ്‌ക്കൂളിൽ ആയിരുന്നു. വീട്ടിൽ നിന്ന് നോക്കിയാൽ അഷ്ടമുടി കായൽ കാണാം. രാവിലെ എഴുന്നേൽക്കുമ്പോൾ കായൽ തീരത്ത് തൊണ്ടുതല്ലുന്ന ശബ്ദവും കയർപിരിക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഉണരുന്നത്. കയർ പിരിക്കുന്നതിനുള്ള ചകിരിക്കുവേണ്ടി അഷ്ടമുടിക്കായലിൽ തൊണ്ടുമൂടും. വൈകുന്നേരമായാൽ പെട്രോൾ മാക്‌സ് ലൈറ്റിന്റെ വെട്ടത്തിൽ ചീന വലകളിൽ മീൻപിടിക്കുന്ന ചീനവലകൾ പൊങ്ങിത്താഴുന്നത് കാണാൻ കഴിയും. കാഥിക സാമ്രാട്ട് വി. സാംബശിവൻ ജനിച്ചുവളർന്നതും ചവറ തെക്കുംഭാഗത്ത് ഇതേ അന്തരീക്ഷത്തിലായിരുന്നല്ലോ എന്ന് ഓർക്കുമ്പോൾ അഷ്ടമുടി കായലിന്റെ പ്രകൃതിസൗന്ദര്യം കലാകാരന്മാരുടെ വളർച്ചയ്ക്ക് വഴികാട്ടിയായിരുന്നതുപോലെ തോന്നും. 'തിടമ്പി'ന്റെ മുഖ്യ രക്ഷാധികാരിയായിരുന്ന പത്മശ്രീ ഒ.എൻ.വി. കുറുപ്പിന്റെ ചവറയിലുള്ള നമ്പിയാടിക്കൽ കുടുംബവീടും അഷ്ടമുടിക്കായലിന് സമീപമാണ്.

മൂന്നുപേരും കൊല്ലത്തിന്റെ ഹൃദയതാരകങ്ങൾ ആയിരുന്നു. ഷാജി എൻ. കരുണിന്റെ അമ്മവീട്ടിൽ നിന്നും ജനലിലൂടെ കണ്ട കുട്ടിക്കാലത്തെ സുന്ദരനിമിഷങ്ങൾ, ഹൃദയത്തിൽ തങ്ങിനിന്ന കുട്ടിക്കാല അനുഭവങ്ങൾ ചലച്ചിത്രലോകം ശ്രദ്ധിച്ച ക്ലാസ്സിക്കുകളിൽ അദ്ദേഹം വരച്ചുചേർത്തു. മഴക്കാലത്ത് പിറന്ന് വീണ 'പിറവി' എന്ന സിനിമ രാജ്യത്തും പുറത്തുമായി 31 അവാർഡുകൾ വാരിക്കൂട്ടി. മഴചാറുന്ന പ്രഭാതവും മറ്റ് രംഗങ്ങളും ചിത്രീകരിക്കാൻ ദിവസങ്ങൾ എടുത്തു. ഇളംകാറ്റും, രാത്രിമഴയും ക്യാമറയിൽ പകർത്തിയ നിമിഷം പറഞ്ഞുകേട്ടിട്ടുണ്ട്. 'കുട്ടിസ്രാങ്ക്' എന്ന സിനിമ എന്റെ നാടായ ചവറ തെക്കുംഭാഗത്ത് അതിപുരാതനമായ അഴകത്ത് തറവാടിലായിരുന്നു ചിത്രീകരിച്ചത്. മമ്മൂട്ടിയെവെച്ച് ഷൂട്ട് ചെയ്ത ആ ദിവസങ്ങൾ നാട്ടുകാർക്ക് ഉത്സവദിനങ്ങളായിരുന്നു. അഴകത്ത് വീടിന്റെ തൊട്ടടുത്ത് പീഠിയേക്കര കുടുംബക്ഷേത്രമാണ് ഷാജി എൻ. കരുണിന്റെ കുടുംബക്ഷേത്രം. ഏറ്റവും അവസാനമായി അദ്ദേഹം എന്റെ നാട്ടിൽ വന്നത് സാംബശിവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന കഥാപ്രസംഗ ശതാബ്ദിയുടെ ഒരു യോഗത്തിനാണ്. കാഥികൻ വി. സാംബശിവന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന സ്മാരകമണ്ഡപത്തിൽ കഥാപ്രസംഗ ശതാബ്ദിയുടെ ഉദ്ഘാടമായിരുന്നത്. ഷാജി എൻ. കരുൺ വന്ന സ്റ്റേറ്റ് കാർ അവിടെ ഇട്ടിട്ട് 'ഇനി ശർമ്മയുടെ കാറിൽ പീഠിയേക്കര കുടുംബക്ഷേത്രത്തിൽ പോകാം' എന്നുപറഞ്ഞു. അങ്ങനെ ഞാൻ ഡ്രൈവ് ചെയ്ത് രണ്ടുപേരും കൂടി കുടുംബക്ഷേത്രത്തിൽ പോയി ദർശനം നടത്തി തിരികെ എന്റെ വീട്ടിലും കയറി. തിരികെ വി. സാംബശിവൻ സ്മാരകത്തിലെത്തിയപ്പോൾ വി. സാംബശിവന്റെ മകനും കാഥികനുമായ പ്രൊഫ. വസന്തകുമാർ സാംബശിവൻ നൽകിയ കസ്തൂരി ചെമ്പകത്തിന്റെ ചെറിയ തൈ ഷാജി എൻ. കരുൺ സ്മാരകത്തിന് മുന്നിൽ നട്ടു. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നിന്നും കവി മധുസൂദനൻ നായർ നൽകിയ കസ്തൂരി ചെമ്പകമായിരുന്നു ആ വൃക്ഷത്തൈ. വി. സാംബശിവന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന സ്മാരകത്തിന് മുന്നിൽ ഷാജി എൻ. കരുണിന്റെ ഓർമ്മയ്ക്കായി അത് വളർന്ന് പന്തലിച്ച് നിൽക്കുന്നു. കുടുംബക്ഷേത്രത്തിലെ അവസാനത്തെ വരവായിരുന്നു അത്. 

അച്ഛന്റെ ആഗ്രഹമായ എം.ബി.ബി.എസ് ഉപേക്ഷിച്ച് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം റാങ്കോടെയായിരുന്നു ഛായാഗ്രഹണ കല പഠിച്ചത്. സംവിധാനത്തിലേക്ക് ചുവട് മാറിയ ഷാജി എൻ. കരുണിന്റെ സ്വം, വാനപ്രസ്ഥം, പിറവി എന്നീ സിനിമകൾ ദേശീയ- അന്തർദേശീയ അംഗീകാരങ്ങൾ നേടി. 40 ഓളം ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.

1997 സെപ്റ്റംബർ മാസം 29-ാം തീയതി തിങ്കളാഴ്ച ദിവസം 'തിടമ്പ്' എന്ന കലാ-സാംസ്‌കാരിക സംഘടന രൂപീകരിച്ചപ്പോൾ എന്നെപ്പോലെയുള്ളവർക്ക് വേണ്ട എല്ലാ പ്രചോദനവും പ്രോത്സാഹനവും അദ്ദേഹം തന്നു. 'തിടമ്പിന്റെ സഹായിയായി നിങ്ങളോടൊപ്പം ഞാനുമുണ്ടാകും' എന്നുപറഞ്ഞു. ആ വാക്കുകൾ മരണം വരെ പാലിച്ചിട്ടുണ്ട്. തിടമ്പിന്റെ അംഗമായിട്ടുള്ള ദേവസ്വം ജീവനക്കാരൻ ശംബു അദ്ദേഹത്തിന്റെ വീട്ടിലെ സന്തതസഹചാരിയും ഉറ്റമിത്രവും ആയിരുന്നു. ഷാജി എൻ. കരുണിന്റെ അവസാനശ്വാസം വരെ ശംബു ഒപ്പം ഉണ്ടായിരുന്നു. തിടമ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള വിജയദശമി വിദ്യാരംഭച്ചടങ്ങുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ തുടങ്ങി എല്ലാ പരിപാടികൾക്കും സമയം കിട്ടുമ്പോഴെല്ലാം വരുമായിരുന്നു. 2004 ജൂലൈ 29-ാം തീയതി അന്നത്തെ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ തിടമ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഓർക്കുന്നു. എസ്.എസ്.എൽ.സിയും പ്ലസ്ടുവിനും ഉയർന്ന മാർക്ക് വാങ്ങി ജയിച്ച ദരിദ്രമായ വീട്ടിലെ രജനി എസ്. ആനന്ദ് എന്ന പെൺകുട്ടി പഠിക്കാൻ പണമില്ലാത്ത കാരണത്താൽ മനംനൊന്ത് തിരുവനന്തപുരം ചെങ്കൽചൂളയിലുള്ള കേരള പ്രവേശന കമ്മീഷണറുടെ ആഫീസിന്റെ ആറാം നിലയിൽ നിന്ന് റോഡിലേക്ക് എടുത്തുചാടി ജീവനൊടുക്കിയ സംഭവം കേരള ജനതയെ ഞെട്ടിച്ചു. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിൽ ഫീസ് അടയ്ക്കാൻ നിവൃത്തിയില്ലാതെ ആ കുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അന്നത്തെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയാണ് തിടമ്പ് യോഗം സംഘടിപ്പിച്ചത്.

കവി ഒ.എൻ.വി കുറുപ്പ്, കവയിത്രി സുഗതകുമാരി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഷാജി എൻ. കരുൺ പറഞ്ഞു വിദ്യാഭ്യാസക്കച്ചവടം ഭീകരമായ മനുഷ്യാവകാശ ധ്വംസനത്തിന് വഴിവെയ്ക്കുന്നുവെന്നും, മനുഷ്യശരീരങ്ങൾ പോലും വിൽപ്പനച്ചരക്കായി  മാറുന്ന കാലം അതിവിദൂരമായിരിക്കില്ലെന്നും പ്രസംഗിച്ചത് ഓർമ്മയിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു. സാംസ്‌കാരിക പ്രതിഷേധ കൂട്ടായ്മയുടെ യോഗത്തിൽ വലിയ പ്രമുഖരുടെ ഇടയിൽ അധ്യക്ഷപദവി വഹിക്കാനുള്ള ഭാഗ്യം അന്ന് എനിക്കായിരുന്നു കിട്ടിയത്.
1997 മുതൽ ഒ.എൻ.വി, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രൻ, പ്രഭാവർമ്മ, കാവാലം നാരായണപ്പണിക്കർ, പ്രൊഫ. മധുസൂദനൻ നായർ തുടങ്ങിയ ഉന്നതരെ പങ്കെടുപ്പിച്ചുകൊണ്ട് 'തിടമ്പ്' നടത്തിയിട്ടുള്ള വിജയദശമി വിദ്യാരംഭച്ചടങ്ങുകൾക്ക് കുട്ടികളെ വിദ്യാരംഭം കുറിക്കുന്നതിന് സമയം കിട്ടുമ്പോഴൊക്കെ ഷാജി എൻ. കരുൺ കൃത്യമായി എത്തിച്ചേരുമായിരുന്നു. 2016 ഫെബ്രുവരി 13 ന് വിടവാങ്ങിയ തിടമ്പിന്റെ എഴുത്തച്ഛനും മുഖ്യ രക്ഷാധികാരിയും ആയിരുന്ന കവി ഒ.എൻ.വിയുടെ പേരിൽ തിടമ്പ് ഏർപ്പെടുത്തിയ മൂന്നാമത്തെ പുരസ്‌കാരം 2022 ജൂലൈ മാസം 25 ന് കവി പ്രൊഫ. മധുസൂദനൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയപ്പോൾ അതിൽ പങ്കെടുത്തു പ്രസംഗിച്ച ഷാജി എൻ. കരുണിനെ ഓർക്കുന്നു.  ദേവസ്വം ബോർഡിലെ അദ്ദേഹത്തിന്റെ അവസാന ചടങ്ങ് ആയിരുന്നു അത്. ഏറ്റവും അവസാനമായി സംസ്ഥാന സർക്കാർ നൽകിയ ജെ.സി ഡാനിയൽ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങളിൽ നിന്നും വാങ്ങി തന്റെ ജീവിതയാത്രയിലെ അവസാന പ്രസംഗവും നടത്തി ദിവസങ്ങൾക്കകം വിടവാങ്ങുകയായിരുന്നു.

1952 ൽ കൊല്ലത്ത് കണ്ടച്ചിറ മേലേ തെക്കതിൽ വീട്ടിൽ ജനിച്ച് സിനിമാരംഗത്തും സാംസ്‌കാരികരംഗത്തും ഒരു പുതുചരിത്രം കുറിച്ച് 2025 ഏപ്രിൽ മാസം 28 ന് തിരുവനന്തപുരത്ത് 'പിറവി' എന്ന വീട്ടിൽ നിന്ന് വിടപറയുകയായിരുന്നു. വഴുതക്കാട്ട് 'പിറവി' എന്ന വീട് നിശബ്ദമായി. 2025 ഏപ്രിൽ മാസം 29 ന് നവോത്ഥാന നായകരിലൊരാളായിരുന്ന വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 101-ാം സമാധി ദിനത്തിൽ വൈകിട്ട് 4.30 ന് ഷാജി എൻ. കരുണിന്റെ മൃതദേഹം പുറത്തേക്കെടുക്കുമ്പോൾ ആരാധകർ വിങ്ങൽ അടക്കി. മൃതശരീരം പിറവിയുടെ മുറ്റത്തുനിന്നും ആംബുലൻസിലേക്ക് എടുക്കുമ്പോൾ പത്‌നി അനസൂയയും മകനും ആരാധകരും വികാരവിവശരായി പൊട്ടിക്കരഞ്ഞു. അമ്മ ചന്ദ്രമതിയും സഹോദരി ഷീലയും നിയന്ത്രണം വിട്ടു തേങ്ങി. മക്കളായ അനിലും അപ്പുവും സന്തത സഹചാരി ശംബുവും ശവമഞ്ചം ആംബുലിൻസിലേക്ക് കയറ്റി. ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽ നിന്നും പൂക്കളേറ്റുവാങ്ങി ശാന്തികവാടത്തിൽ എത്തി പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആ മൃതശരീരം ചാരമായി.

'തിടമ്പി'ന്റെ പ്രവർത്തനങ്ങൾക്ക് ഹൃദയം കൊണ്ടും സൗമ്യത കൊണ്ടും സ്വാധീനിച്ച ഹൃദയ താരകം ഷാജി എൻ. കരുണിനെ തിടമ്പിന്റെ പ്രവർത്തകരും കേരളജനതയും മറക്കില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img