
കൊച്ചി: നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ ഓർമ്മകൾ നിലനിർത്തുവാൻ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രേം നസീർസുഹൃദ് സമിതിയും അരീക്കൽ ആയുർവേദ ആശുപത്രിയും സംയുക്തമായി നൽകുന്ന 2024 ലെ മാധ്യമ പുരസ്കാരത്തിന് ജനയുഗം കൊച്ചി ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ ഷാജി ഇടപ്പള്ളി അർഹനായി. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച 'ആശ്രയമില്ലാതെ അനാഥരാകുന്ന ബൗദ്ധിക ഭിന്നശേഷിക്കാർ ' എന്ന പ്രത്യേക റിപ്പോർട്ടിനാണ് മികച്ച സെപഷ്യൽ സ്റ്റോറി റിപ്പോർട്ടർക്കുള്ള മാധ്യമ പുരസ്കാരത്തിന് ഷാജി ഇടപ്പള്ളി അർഹനായത്.
നവംബർ ഒന്നിന് വൈകിട്ട് 5.30ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ബി കെമാൽ പാഷ പുരസ്കാരം സമ്മാനിക്കും.
ഡോ പ്രമോദ് പയ്യന്നൂർ (ചെയർമാൻ) , ആകാശവാണി മുൻ ഡയറക്ടർ എസ് രാധാകൃഷ്ണൻ , സാഹിത്യകാരി ബീന രഞ്ജിനി , സംവിധായകൻ സി വി പ്രേംകുമാർ എന്നിവരടങ്ങിയ ജൂറിയാണ്
പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
കേരള മാപ്പിള കലാഭവൻ പുരസ്കാരം ,ലിസ് ഇന്ത്യ രജത ജൂബിലി പുരസ്കാരം ,എ സി ഷൺമുഖദാസ് സ്മാരക പുരസ്കാരം ,മലയാള പുരസ്കാരം , ജെസി ഐ ജനകീയ പ്രതിഭാ പുരസ്കാരം , അശാന്തം മാധ്യമ പുരസ്കാരം , ജവഹർ പുരസ്കാരം , സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.








