
അടൂർ: പത്തനംതിട്ട അടൂരിൽ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാമുകനായ അരുൺ തുടർച്ചയായി സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഏഴംകുളം സ്വദേശിയായ അരുണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവുമായി ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്ന ഷഹനയും അരുണും തമ്മിൽ മുൻപേ ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്ന അരുൺ, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. അരുണിന്റെ സ്വഭാവദൂഷ്യം തിരിച്ചറിഞ്ഞ ഷഹന ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സംഭവദിവസം ഷഹനയെ അരുൺ മർദിച്ചതായും ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ കയ്യാങ്കളി നടന്നതായി അരുൺ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഷഹനയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്താണ് അരുൺ ഷഹനയുടെ വീട്ടിലെത്തിയത്. വീട്ടിൽ നിന്ന് ബഹളം കേട്ടതായി നാട്ടുകാർ വാർഡ് കൗൺസിലറെ അറിയിക്കുകയും തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴും അരുൺ വീട്ടിലുണ്ടായിരുന്നു. പിന്നീട് സ്റ്റെയർകേസിൽ തൂങ്ങിയ നിലയിലാണ് ഷഹനയെ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ കൊലപാതകമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്നുതന്നെ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മതം മാറി വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവദിവസം രൂക്ഷമായതെന്നും, അതിന് പിന്നാലെയാണ് ആത്മഹത്യ നടന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.










