12:15pm 13 November 2026
NEWS
ഡിവൈഎഫ്ഐ പ്രവർത്തകരും ഷാഫി പറമ്പിൽ എംപിയും നേർക്കുനേർ
27/08/2025  04:58 PM IST
nila
ഡിവൈഎഫ്ഐ പ്രവർത്തകരും ഷാഫി പറമ്പിൽ എംപിയും നേർക്കുനേർ

വടകര: ഷാഫി പറമ്പിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ കാറിൽ നിന്നിറങ്ങി ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യാൻ പറഞ്ഞ് ഷാഫി ഫറമ്പിൽ. ഇതോടെ  ഷാഫിക്കും പ്രവർത്തകർക്കുമിടയിൽ പൊലീസ് വലയം തീർക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കി എന്നാരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്റെ കാർ തടഞ്ഞത്. ഇതോടെ ഷാഫി കാറിൽ നിന്നിറങ്ങി പ്രതിഷേധക്കാരോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു. 

തെറിപറഞ്ഞാൽ കേട്ടുനിൽക്കില്ലെന്നും ആരെയും പേടിച്ചുപോകില്ലെന്നും ഷാഫി ഡിവൈഎഫ്ഐ പ്രവർത്തകരോട് പറഞ്ഞു. ‘‘അതിനു വേറെ ആളെ നോക്കണം, നായെ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കിൽ ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്’’- സമരക്കാരോട് ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തിൽ നിന്നിറങ്ങി വന്ന ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നിന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച ശേഷമാണ് മടങ്ങിയത്. 

‘‘സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞങ്ങൾ ഇതുവരെ ഭയന്നിട്ടില്ല. സമരം ചെയ്യാനുളള അവകാശത്തെ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. പക്ഷെ സമരത്തിന്റെ പേരിൽ വന്നിട്ട് ആഭാസത്തരം പറയുകയും ചോദിക്കുകയും ചെയ്യുകയെന്നത് ശരിയല്ല. പ്രതിഷേധവുമായി എത്തിയവർക്ക് പരുക്കു പറ്റരുതെന്നു കരുതി വാഹനം നിർത്താനാണ് ഞാൻ പറഞ്ഞത്. എന്നാൽ പ്രതിഷേധത്തിന്റെ പേരിൽ നായ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കാൻ വേറെ ആളെ നോക്കണം. ഏതുസമരക്കാർ വന്നാലും. അങ്ങനെ വടകരയിൽ നിന്ന് പേടിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ല. ഇവിടെ തന്നെ കാണും’’ – ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ജീപ്പിൽ കൊണ്ടുപോയ ശേഷമാണ് ഷാഫി പറമ്പിലും പ്രവർത്തകരും പിരിഞ്ഞുപോയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img